house

 തദ്ദേശ നിയമ ഭേദഗതി ഓർഡിനൻസ് വരും

 സ്വയം സാക്ഷ്യപത്രം നൽകി നിർമ്മാണം തുടങ്ങാം

 തെറ്റായ വിവരം നൽകിയാൽ നടപടിയും പിഴയും

തിരുവനന്തപുരം: കെട്ടിട നിർമ്മാണത്തിന് മുൻകൂർ അനുമതിയുമായി ബന്ധപ്പെട്ട സങ്കേതിക നൂലാമാലകൾ ഇനിയുണ്ടാകില്ല. സ്ഥലം ഉടമയുടെയും പ്ലാൻ തയ്യാറാക്കാൻ അധികാരമുള്ള എംപാനൽഡ് ലൈസൻസിയുടെയും സാക്ഷ്യപത്രം നൽകി പണി തുടങ്ങാം. ഇതിന് കഴിയുംവിധം പഞ്ചായത്ത്, മുനിസിപ്പൽ നിയമങ്ങളിൽ ഭേദഗതി വരുത്തി ഓർഡിനൻസ് പുറപ്പെടുവിക്കാൻ മന്ത്രിസഭായോഗം ഗവർണറോട് ശുപാർശ ചെയ്തു.

പ്ലാൻ ലഭിച്ചാൽ തദ്ദേശ സ്ഥാപന സെക്രട്ടറി അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കകം കൈപ്പറ്റ് സാക്ഷ്യപത്രം നൽകണം. ഈ രേഖ നിർമ്മാണ പെർമിറ്റായും കെട്ടിട നിർമ്മാണം ആരംഭിക്കാനുള്ള അനുവാദമായും കണക്കാക്കും.

സ്വയം സാക്ഷ്യപ്പെടുത്തൽ പത്രത്തിൽ സ്ഥലം ഉടമയോ ലൈസൻസിയോ നൽകുന്ന വിവരങ്ങൾ തെറ്റാണെന്ന് പിന്നീട് കണ്ടെത്തിയാൽ പിഴ ചുമത്താനും ലൈസൻസിയുടെ അംഗീകാരം റദ്ദാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.

കെട്ടിടത്തിന്റെ പ്ലാനും സൈറ്റ് പ്ലാനും നിലവിലെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും നിയമാനുസൃതമായ മറ്റ് വ്യവസ്ഥകൾക്കും അനുസൃതമാണെന്ന് കെട്ടിട ഉടമസ്ഥനും എംപാനൽഡ് ലൈസൻസിയും സംയുക്തമായാണ് സാക്ഷ്യപത്രം നൽകേണ്ടത്. കെട്ടിട നിർമ്മാണങ്ങൾക്ക് ലഭിക്കുന്ന അപേക്ഷകളിൽ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപന സെക്രട്ടറി 30 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന നിലവിലെ വ്യവസ്ഥ 15 ദിവസമായി കുറയ്ക്കും.

എംപാനൽഡ് ലൈസൻസികൾ

ആർക്കിടെക്ട്, എൻജിനിയർ, ബിൽഡിംഗ് ഡിസൈനർ, സൂപ്പർവൈസർ അല്ലെങ്കിൽ ടൗൺ പ്ലാനർ.

തെറ്റായ വിവരം നൽകിയാൽ പിഴ

 100 ചതുരശ്രമീറ്റർ വരെ വിസ്തീർണമുള്ള കെട്ടിടത്തിന് 2 ലക്ഷം രൂപ

 200 ചതുരശ്ര മീറ്റർ വരെ 4 ലക്ഷം രൂപ

 300 ചതുരശ്രമീറ്റർ വരെ 6 ലക്ഷം രൂപ

സ്വയം സാക്ഷ്യപ്പെടുത്തൽ വഴി നിർമ്മാണം അനുവദിക്കുന്നവ:

7 മീറ്ററിൽ കുറവ് ഉയരവും 2 നില വരെയും 300 ചതുരശ്ര മീറ്ററിൽ കുറവ് വിസ്തൃതിയുമുള്ള വീടുകൾ

7 മീറ്ററിൽ കുറവ് ഉയരവും 2 നില വരെയും 200 ചതുരശ്ര മീറ്ററിൽ കുറവ് വിസ്തൃതിയുമുള്ള ഹോസ്റ്റൽ, അനാഥാലയങ്ങൾ, ഡോർമിറ്ററി, വൃദ്ധസദനം, സെമിനാരി, മതപരമായ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ.

7 മീറ്ററിൽ കുറവ് ഉയരവും 2 നില വരെയും 100 ചതുരശ്ര മീറ്ററിൽ കുറവ് വിസ്തൃതിയുമുള്ള വാണിജ്യ കെട്ടിടങ്ങൾ, അപകട സാദ്ധ്യതയില്ലാത്ത വ്യവസായ കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണം.

നിലവിലെ കുരുക്ക്

 പഞ്ചായത്ത്

രേഖകൾ പഞ്ചായത്തിൽ സമർപ്പിച്ചു കഴിഞ്ഞാൽ നിയമപരമായി പതിനഞ്ചു ദിവസത്തിനകം വീടിന്റെ പ്ലാനിന് പഞ്ചായത്ത് അനുമതി നൽകണം. ഇല്ലെങ്കിൽ പഞ്ചായത്ത് സെക്രട്ടറിക്കോ പ്രസിഡന്റിനോ വീണ്ടും അപേക്ഷ നൽകാം. തുടർന്ന് പതിനഞ്ചു ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കിൽ അനുമതി കിട്ടിയതായി കണക്കാക്കി നിർമ്മാണം തുടങ്ങാൻ അപേക്ഷകന് അവകാശമുണ്ട്.

കോർപറേഷൻ

സുലേഖ സോഫ്റ്റ് വെയർ വഴിയാണ് പ്ലാൻ അപ്‌ലോഡ് ചെയ്യേണ്ടത്. രേഖകൾ സമർപ്പിച്ചാൽ സൈറ്റ് പരിശോധനയ്ക്കുള്ള ദിവസം അപേക്ഷകനെ അറിയിക്കും. 15 ദിവസത്തിനകം പ്ലാനിന് അനുമതി നൽകണമെന്നാണ് നിയമം. ഇല്ലെങ്കിൽ കോർപറേഷൻ സെക്രട്ടറിക്കോ മേയർക്കോ അപേക്ഷ നൽകാം. വീണ്ടും 15 ദിവസത്തിനകം അനുമതിയായില്ലെങ്കിൽ, അതു കിട്ടിയതായി കണക്കാക്കി വീടുപണി തുടങ്ങാം.

സമർപ്പിക്കേണ്ട രേഖകൾ
 സ്ഥലത്തിന്റെ ആധാരം

 കൈവശാവകാശ സർട്ടിഫിക്കറ്റ്

 ഭൂമിയുടെ തരംകാണിക്കുന്ന സർട്ടിഫിക്കറ്റ്

 ഭൂനികുതി അടച്ചതിന്റെ രസീത്

 കെട്ടിടത്തിന്റെ പ്ലാൻ

 തിരിച്ചറിയൽ രേഖകൾ