psc

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി പരമാവധി ആറ് മാസം വരെ നീട്ടുന്നതിന് പി.എസ്.സിയോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇന്നലത്തെ തീയതിക്കും ആഗസ്റ്റ് 2നും ഇടയ്ക്ക് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി ആഗസ്റ്റ് 3 വരെ ദീർഘിപ്പിക്കാനാണ് ശുപാർശ. ഇന്നലെ കാലാവധി അവസാനിച്ച റാങ്ക് ലിസ്റ്റുകൾക്ക് ആറ് മാസം വരെ ഇതനുസരിച്ച് കാലാവധി നീട്ടിക്കിട്ടും. ആഗസ്റ്റ് രണ്ടിന് കാലാവധി അവസാനിക്കുന്ന പട്ടിക ഒരു ദിവസത്തേക്കാണ് നീട്ടിക്കിട്ടുക. സർക്കാർ ശുപാർശയിൽ പി.എസ്.സിയാണ് തീരുമാനമെടുക്കേണ്ടത്.

കൊവിഡ് വ്യാപനം കാരണം പി.എസ്.സി പരീക്ഷകൾ നടത്തുന്നതിലെ സമയക്രമത്തിൽ വ്യത്യാസം വന്നിട്ടുണ്ട്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് കൂടുതൽ സമയമെടുക്കുന്നു. സമീപകാലത്ത് സൃഷ്ടിച്ച തസ്തികകളിലേക്ക് പി.എസ്.സി വഴി നിയമനം നടത്തുന്നതിനുള്ള കാലതാമസം കൂടി പരിഗണിച്ചാണ് കാലാവധി നീട്ടുന്ന കാര്യം സർക്കാർ പരിശോധിച്ചത്.

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ സമരത്തിലാണ്.