
തിരുവനന്തപുരം: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലും നഗര പ്രദേശങ്ങളിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും തൊഴിലെടുക്കുന്നവരുടെ ക്ഷേമത്തിന് ക്ഷേമനിധി രൂപീകരിക്കാൻ ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇതുസംബന്ധിച്ച കരട് ബിൽ മന്ത്രിസഭ അംഗീകരിച്ചു.
അറുപത് വയസു പൂർത്തിയാക്കിയവരും അറുപത് വയസുവരെ തുടർച്ചയായി അംശദായം അടച്ചവരുമായ തൊഴിലാളികൾക്ക് പെൻഷൻ നൽകുന്നതിന് ബില്ലിൽ വ്യവസ്ഥയുണ്ട്. അംഗം മരണപ്പെട്ടാൽ കുടുംബത്തിന് സാമ്പത്തിക സഹായം നൽകും. ക്ഷേമനിധിയിൽ അംഗമാകുന്നവർ പ്രതിമാസം 50 രൂപ അംശദായം അടയ്ക്കണം. തൊഴിലാളികളുടെ എണ്ണത്തിനും തൊഴിൽ ദിനത്തിനും അനുസരിച്ച് നിശ്ചിത തുക ഗ്രാന്റായോ അംശദായമായോ സർക്കാർ ക്ഷേമനിധിയിലേക്ക് നൽകും. 18 വയസ് പൂർത്തിയായവർക്കും 55 വയസ് തികയാത്തവർക്കും അംഗത്വമെടുക്കാം.
25 ഓർഡിനൻസുകൾ പുനർവിളംബരം ചെയ്യും
നിയമസഭാ സമ്മേളനകാലാവധി അവസാനിച്ചതിനാൽ നിലവിലെ 25 ഓർഡിനൻസുകൾ പുനർവിളംബരം ചെയ്യാൻ ഗവർണറോട് ശുപാർശ ചെയ്യും.
കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയൺമെന്റ് സെന്ററിലെ ഭരണ സാങ്കേതിക വിഭാഗം ജീവനക്കാരുടെ പെൻഷൻ പ്രായം 55 ൽ നിന്ന് 56 ആയി ഉയർത്താൻ തീരുമാനിച്ചു.