kerala-

തിരുവനന്തപുരം: കേരള സർവകലാശാലയിൽ സെക്ഷൻ ഓഫീസർ മാർക്ക് തിരുത്തി നൽകിയത് പണം വാങ്ങിയാണെന്ന് ആറ് വിദ്യാർത്ഥികൾ മൊഴി നൽകിയതായി വൈസ്ചാൻസലർ ഡോ.വി.പി. മഹാദേവൻ പിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാർക്ക് തിരുത്തിച്ച ഒമ്പത് വിദ്യാർത്ഥികളെ പ്രോ വൈസ്ചാൻസലറുടെ നേതൃത്വത്തിലുള്ള അന്വേഷണസമിതി വിളിച്ചുവരുത്തി തെളിവെടുത്തു. ഇതിൽ ആറ് പേരും മാർക്ക് തിരുത്തിവാങ്ങിയെന്ന് സമ്മതിച്ചു. പലരോടും പല തുകയാണ് വാങ്ങിയത്.

മാർക്ക് തിരുത്തി നൽകിയ സെക്ഷൻ ഓഫീസർ വി. വിനോദ് കു​റ്റം സമ്മതിച്ചിട്ടുണ്ട്. ഇയാൾ കൈകാര്യം ചെയ്ത സെക്ഷനിൽ 74 വിദ്യാർത്ഥികളുടെ മാർക്ക് തിരുത്തിയതായി കണ്ടെത്തി. കൂടുതൽ തിരുത്തൽ വരുത്തിയിട്ടുണ്ടോ എന്ന് മ​റ്റ് സെക്ഷനുകളിൽ പരിശോധന നടത്തുന്നുണ്ട്. അർഹതയില്ലാത്ത വിദ്യാർത്ഥിക്ക് ഗ്രേസ് മാർക്ക് നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. ബി.എസ്‌സി കമ്പ്യൂട്ടർ സയൻസിനു പുറമെ ട്രാവൽ ആന്റ് ടൂറിസം കോഴ്സിലെ വിദ്യാർത്ഥികൾക്കും മാർക്ക് തിരുത്തിനൽകിയിട്ടുണ്ട്. മാർക്ക് തിരുത്തിനൽകിയ സെക്ഷൻ ഓഫീസർക്ക് കു​റ്റപത്ര മെമ്മോ നൽകിയിട്ടുണ്ട്. മറുപടി ലഭിച്ചശേഷം കർശനമായ നടപടിയുണ്ടാകും. മാർക്ക് തട്ടിപ്പിന് ശ്രമിച്ച വിദ്യാർത്ഥികൾക്കെതിരായ നടപടി സിൻഡിക്കേറ്റിന്റെ വിദ്യാർത്ഥി അച്ചടക്ക സമിതിയുടെ പരിഗണനയ്ക്ക് വിട്ടു. തട്ടിപ്പിൽ ഉൾപ്പെട്ട ഒരാളെയും രക്ഷപെടാനോ സംരക്ഷിക്കാനോ സർവകലാശാല അനുവദിക്കില്ല. ഇതുവരെ ലഭിച്ച തെളിവുകൾ പ്രകാരം ഒരു ഉദ്യോഗസ്ഥനു മാത്രമേ പങ്കുള്ളൂവെന്നും വൈസ്ചാൻസലർ പറഞ്ഞു. മാർക്ക് തട്ടിപ്പിൽ കഴിഞ്ഞ 19ന് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.

രഹസ്യവിഭാഗം രൂപീകരിക്കും

ഫലം പ്രസിദ്ധീകരിച്ചുകഴിഞ്ഞ പരീക്ഷയുടെ മാർക്കിൽ ബന്ധപ്പെട്ട സെക്ഷൻ ഓഫീസർക്ക് തിരുത്തൽ വരുത്താനുള്ള സൗകര്യം നിലവിലുണ്ട്. അത് അവസാനിപ്പിക്കും. മാർക്കിൽ തിരുത്തൽ നടപടികൾക്കായി പ്രത്യേക രഹസ്യവിഭാഗം രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പുനർമൂല്യനിർണയത്തിൽ ഉൾപ്പെടെ മാർക്ക് വർദ്ധിപ്പിച്ചാൽ അസിസ്​റ്റന്റ് രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള പുതിയ സെക്ഷനു മാത്രമേ തിരുത്തൽ വരുത്തി നൽകാനാകൂ. പരീക്ഷ സോഫ്‌റ്റ്‌വെയറിൽ കഴിഞ്ഞ വർഷം പിഴവ് കണ്ടെത്തിയതിനാൽ 1.10കോടി രൂപ ചെലവിട്ട് പാലക്കാട് ഐ.ഐ.ടിയുമായി ചേർന്ന് പുതിയ സോഫ്‌റ്ര്‌വെയറുണ്ടാക്കുകയാണെന്നും വി.സി പറഞ്ഞു.