salary-challenge-

തിരുവനന്തപുരം : ആരോഗ്യമേഖലയിൽ ഒഴികെ പതിനൊന്നാം ശമ്പള കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് പരിശോധിക്കാൻ സെക്രട്ടറിതല സമിതിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. ധനകാര്യ അഡിഷണൽ ചീഫ്സെക്രട്ടറി കൺവീനറായ സമിതി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.

ആരോഗ്യമേഖലയിൽ കമ്മിഷൻ പ്രത്യേകമായി ശുപാർശ ചെയ്ത സ്കെയിൽ അതേപടി നടപ്പാക്കും. കമ്മിഷൻ പരിഷ്‌കരിച്ച ശമ്പളവും അലവൻസുകളും ഏപ്രിൽ മുതൽ നൽകാനും തീരുമാനിച്ചു. പുതുക്കിയ ക്ഷാമബത്ത 2019 ജൂലായ് ഒന്ന് മുതലും കമ്മിഷൻ ശുപാർശ ചെയ്ത അലവൻസുകൾ 2021 മാർച്ച് ഒന്ന് മുതലും നടപ്പാക്കും.

ഉദ്യോഗസ്ഥ- ഭരണപരിഷ്‌കാര വകുപ്പ് അഡിഷണൽ ചീഫ്സെക്രട്ടറി, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരാണ് സമിതി അംഗങ്ങൾ.

സാധാരണ ശമ്പള കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് പഠിക്കാൻ മന്ത്രിതല ഉപസമിതിയെയാണ് ചുമതലപ്പെടുത്താറെങ്കിലും ഇക്കുറി സെക്രട്ടറിതല സമിതിക്ക് വിടുകയായിരുന്നു. ആരോഗ്യ ഇതര മേഖലകളിൽ ശമ്പള കമ്മിഷൻ ശുപാർശ ചെയ്ത സ്കെയിലുകൾ, കരിയർ അഡ്വാൻസ്‌മെ‌ന്റ് സ്‌കീം മുതലായവ സംബന്ധിച്ച് സമിതിയുടെ പരിശോധനയ്ക്ക് ശേഷം വിശദമായ ഉത്തരവിറക്കും.

പെൻഷൻ പുതുക്കുന്നത് ധനകാര്യവകുപ്പിന്റെ റിപ്പോർട്ട് പരിഗണിച്ച ശേഷം തീരുമാനിക്കും.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശമ്പള കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്.