life

തിരുവനന്തപുരം:സ്വർണം-ഡോളർ കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ജാമ്യം നേടി പുറത്തിറങ്ങിയ ശിവശങ്കറിന് ലൈഫ് കോഴക്കേസിലെ സി.ബി.ഐ അന്വേഷണമായിരിക്കും അടുത്ത കുരുക്ക്. പക്ഷേ,​ സി. ബി. ഐ അന്വേഷണത്തിനെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീലിൽ സുപ്രീംകോടതി തീർപ്പ് അനുകൂലമായാലേ സി.ബി.ഐക്ക് നീങ്ങാനാവൂ. മൂന്നാഴ്‌ചയ്‌ക്കുശേഷം സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോൾ ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം നി‍ർണായകമാവും. സി.ബി.ഐ കേസ് ഫെഡറലിസത്തിനെതിരാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും അഴിമതിയുണ്ടെങ്കിൽ വിജിലൻസ് അന്വേഷിക്കുമെന്നുമാണ് സംസ്ഥാന നിലപാട്.

സ്വപ്നയുടെ ലോക്കറിലെ ഒരു കോടി രൂപ ലൈഫ് മിഷൻ ഇടപാടിൽ നിർമ്മാണ കമ്പനിയായ യൂണിടാക് ശിവശങ്കറിന് നൽകിയ കോഴയാണെന്ന എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലിന്റെ ചുവടുപിടിച്ച് സി. ബി. ഐക്ക് ശിവശങ്കറിനെ പ്രതിയാക്കാം. യൂണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പൻ സ്വപ്‌ന വഴി 99,900രൂപയുടെ ഐ ഫോൺ ശിവശങ്കറിന് നൽകിയതും കോഴയായി കണക്കാക്കാം. വിദേശസംഭാവന നിയന്ത്രണച്ചട്ടത്തിന് പുറമേ അഴിമതി വിരുദ്ധനിയമം കൂടി ചുമത്തി സി. ബി. ഐക്ക് എഫ്.ഐ.ആർ ഭേദഗതി ചെയ്യാം.

ലൈഫ്കോഴക്കേസിൽ വിജിലൻസ്, ശിവശങ്കറിനെ അഞ്ചാംപ്രതിയാക്കിയിട്ടുണ്ട്.

ആറ് കുറ്റങ്ങൾ ചൂണ്ടി സി.ബി.ഐ

1)നിർമ്മാണക്കരാറുകാരനെ ലൈഫ് മിഷനുമായി ബന്ധപ്പെടുത്തിയത് ശിവശങ്കർ.

2)നടന്നത് അധോലോക ഇടപാടുകൾ. വടക്കാഞ്ചേരി ധാരണാപത്രം ശിവശങ്കർ ഹൈജാക്ക് ചെയ്തു.

3)കോഴപ്പണം കൈമാറിയതിന് പിന്നാലെ, ശിവങ്കറിനെ സെക്രട്ടേറിയറ്റിലെത്തി കണ്ട ശേഷമാണ് കരാർ ലഭിച്ചതെന്ന് കമ്പനിയുടമ.

4)രേഖകളെല്ലാം സ്വപ്നയ്ക്ക് ചോർത്തി നൽകി, കരാറുകളിൽ ഒത്തുകളിയും കോഴയിടപാടും .

5)ശിവശങ്കറിനുള്ള ഒരുകോടി രൂപ കോൺസുലേറ്റിലെ അക്കൗണ്ടന്റ് ഖാലിദാണ് സ്വപ്നയ്ക്ക് നൽകിയത്.

6)പ്ലാൻ കണ്ടപ്പോഴാണ് കരാർ യൂണിടാകിനാണെന്ന് അറിഞ്ഞതെന്ന സി.ഇ.ഒ യു.വി.ജോസിന്റെ മൊഴി അട്ടിമറിക്ക് തെളിവ്.