
തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണി ഉറപ്പുവരുത്തുന്നതിനു വേണ്ടി കയറ്റുമതി പ്രോത്സാഹന സമിതിയ്ക്ക് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഭാവികേരളനിർമ്മാണത്തിനായി ആസൂത്രണബോർഡ് നടത്തിയ ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തിന്റെ സമാപനദിവസത്തെ ചർച്ചായോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഊർജ്ജസ്വലമായ സംരംഭകത്വം നിറഞ്ഞ വ്യവസായ സമൂഹത്തെ കെട്ടിപ്പെടുക്കുന്നത് സർക്കാരിന്റെ ലക്ഷ്യം. ആധുനിക വ്യവസായ സമൂഹം കെട്ടിപ്പെടുക്കുന്നതിന് രാജ്യത്തെ വ്യവസായികളുടെ സഹകരണം മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
മികച്ച തൊഴിൽ, നൈപുണ്യശേഷി, പരിസ്ഥിതി സൗഹൃദമായ സാമ്പത്തികവളർച്ച, സുസ്ഥിര വികസനം എന്നിവ അടുത്ത അഞ്ച് മുതൽ പത്ത് വർഷത്തിനുള്ളിൽ കൈവരിക്കാനാണ് സംസ്ഥാനത്തിന്റെ ശ്രമം.
ദേശീയശരാശരിയേക്കാൾ ദ്രുതഗതിയിലാണ് സംസ്ഥാനത്തിന്റെ വളർച്ച.കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേരളത്തിന്റെ ആളോഹരി വരുമാനം ദേശീയ ശരാശരിയേക്കാൾ 55.3 ശതമാനം അധികമായിരുന്നു. സേവനമേഖലയാണ് കേരളത്തിന്റെ വളർച്ചയുടെ പ്രധാനസ്രോതസ്സ്. മികച്ച മനുഷ്യവിഭവശേഷിയും കേരളത്തിന് മറ്റ് ലോകരാജ്യങ്ങളുമായുള്ള ബന്ധവുമാണ് സേവനമേഖലയിൽ ഇത്തരത്തിലുള്ള വളർച്ചയ്ക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നോബൽ ജേതാവും സാമ്പത്തിക വിദഗ്ധനുമായ പ്രൊഫ. ജോസഫ് ഇ സ്റ്റിഗ്ലിറ്റ്സ്, ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥൻ എന്നിവരുടെ മുഖ്യപ്രഭാഷണങ്ങളോടെ ഫെബ്രുവരി ഒന്നിനാണ് ഓൺലൈനായി നടന്ന സമ്മേളനത്തിന് തുടക്കമായത്.