base
f

തിരുവനന്തപുരം: ക്രിസ്ത്യൻ മത വിഭാഗത്തിൽപ്പെട്ട എസ്.ഐ.യു.സി ഒഴികെയുള്ള നാടാർ സമുദായങ്ങൾക്ക് ഒ.ബി.സി സംവരണം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്റെ ശുപാർശ അനുസരിച്ചാണിത്.

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ, തെക്കൻ കേരളത്തിൽ നിർണായകമായ നാടാർ സമുദായത്തെ സ്വാധീനിക്കാനുള്ള നീക്കമായി മന്ത്രിസഭാ തീരുമാനം വിലയിരുത്തപ്പെടുന്നു.

നിലവിൽ നാടാർ സമുദായത്തിലെ ഹിന്ദു, എസ്.ഐ.യു.സി ക്രിസ്ത്യൻ വിഭാഗങ്ങൾക്കുള്ള സംവരണത്തെ ബാധിക്കാതെയാകും ഇത് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംവരണം ലഭ്യമല്ലാത്ത നാടാർ വിഭാഗക്കാരെ കൂടി ഒ.ബി.സിയിൽ ഉൾപ്പെടുത്തുന്നതോടെ ഒ.ബി.സി പട്ടികയിലുൾപ്പെട്ട വിഭാഗങ്ങളുടെ എണ്ണം 79 ആകും.

ഇപ്പോൾ ഹിന്ദു നാടാർ, എസ്.ഐ.യു.സി നാടാർ വിഭാഗങ്ങൾക്ക് ജോലിക്കും മറ്റും ഒരു ശതമാനം സംവരണമുണ്ട്. ലത്തീൻ കത്തോലിക്കാ വിഭാഗത്തിൽപ്പെട്ട നാടാർ വിഭാഗക്കാർക്ക് ലത്തീൻ സംവരണവും ലഭിക്കുന്നു. ഇതിലൊന്നും ഉൾപ്പെടാത്ത മറ്റ് ക്രിസ്ത്യൻ വിഭാഗങ്ങളിലെ സംവരണേതര നാടാർ വിഭാഗക്കാർക്കാണ് പുതിയ തീരുമാനത്തിന്റെ ഗുണം ലഭിക്കുക. സംവരണമില്ലാത്ത നാടാർ വിഭാഗത്തിന്റെ ദീർഘകാലമായുള്ള ആവശ്യമാണ് ഇതിലൂടെ യാഥാർത്ഥ്യമാക്കപ്പെടുന്നത്.

സർക്കാരിന് നന്ദി:
കർദിനാൾ ക്ലീമിസ്

ഇതുവരെയും സംവരണം അന്യമായിരുന്ന സംസ്ഥാനത്തെ നാടാർ സമുദായാംഗങ്ങൾക്കും സംവരണ പരിരക്ഷ ലഭ്യമാക്കി, ഈ വിഭാഗത്തെ ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ മലങ്കര സഭ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അഭിനന്ദിച്ചു. ഇടത് സർക്കാരിനും മുഖ്യമന്ത്രിക്കും കർദിനാൾ നന്ദി അറിയിച്ചു.

പതിറ്റാണ്ടുകൾക്ക് മുൻപ് നഷ്ടപ്പെട്ട സംവരണ പരിരക്ഷ പുനഃസ്ഥാപിക്കുന്നതിന് മലങ്കര സഭയുടെ നേതൃത്വത്തിൽ മുൻ സർക്കാരുകളെ സമീപിക്കുകയും സമരം നടത്തുകയും ചെയ്തിരുന്നു. 2016 മുതൽ നിരന്തരമായി ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.