
തിരുവനന്തപുരം: കേന്ദ്രബഡ്‌ജറ്റിൽ റെയിൽവേ വികസനത്തിന് കേരളത്തിന് പണം അനുവദിച്ചത് പ്രധാനമായും പാത ഇരട്ടിപ്പിക്കലിന്. സംസ്ഥാനത്തിന് പുതിയ പാത ഇല്ല. സർക്കാർ പകുതി ചെലവ് വഹിക്കാമെന്ന് സമ്മതിച്ച ശബരിപാതയ്‌ക്ക് 1000 രൂപ ടോക്കൺ തുക മാത്രം!.
ഇരട്ടിപ്പിന് കിട്ടിയത്
തിരുവനന്തപുരം– കന്യാകുമാരി പാത -275 കോടി,
കോട്ടയം വഴി എറണാകുളം പാത -170 കോടി,
ആലപ്പുഴ വഴിയുള്ള പാത- 45 കോടി
170 കോടി ലഭിച്ചതോടെ കോട്ടയം വഴിയുള്ള എറണാകുളം – കായംകുളം പാത ഇരട്ടിപ്പിക്കൽ ഈ വർഷം പൂർത്തിയായേക്കും. ഏറ്റുമാനൂർ - ചിങ്ങവനം 16.84 കി. മീ പാതയാണു ഇരട്ടിപ്പിക്കാനുള്ളത്. തിരുവനന്തപുരം – കന്യാകുമാരി പാതയിൽ നേമം ടെർമിനലിന്റെ എസ്റ്റിമേറ്റിന് അനുമതിയില്ല. ട്രാഫിക് ഫെസിലിറ്റി വർക്ക് ഫണ്ടിൽ നിന്ന് നേമത്തിന് പണം ലഭിച്ചേക്കും. കൊച്ചുവേളി വികസനത്തിനും പാലക്കാട് പിറ്റ്‌ലൈനിനും ഇതേ ഫണ്ട് ലഭിച്ചാൽ വികസനം സാദ്ധ്യമാകും.
കത്ത് വൈകി
അർഹമായത് കിട്ടാത്തതിന് ഒരു കാരണം റെയിൽവേ ആവശ്യങ്ങൾ കേന്ദ്രത്തെ അറിയിക്കാൻ വൈകിയതാണ്. സംസ്ഥാനത്തിന്റെ കത്ത് ജനുവരി 17നാണ് അയച്ചത്. ബഡ്ജറ്റ് നടപടികൾ കഴിഞ്ഞ സെപ്തംബറിൽ ആരംഭിച്ചിരുന്നു. ശബരിപാതയുടെ കത്തും വൈകി. കിഫ്ബി 2000 കോടി അനുവദിച്ചതിനാൽ സ്ഥലം ഏറ്റെടുക്കാം.
ആലപ്പുഴ പാത ഇരട്ടിപ്പ് വൈകും
ആലപ്പുഴ വഴിയുള്ള പാതയിൽ അമ്പലപ്പുഴ– എറണാകുളം (69 കി.മീ) റീച്ചിൽ ഭൂമയേറ്റെടുക്കാൻ പണം ഇല്ല. പാത നിർമ്മാണത്തിന് മാത്രമാണ് 45 കോടി. 2024ന് മുൻപു പൂർത്തിയാക്കേണ്ട പദ്ധതികളുടെ കൂട്ടത്തിലാണ് ഈ പാത. സർവേ പൂർത്തിയാകാത്തതും ഡി.പി.ആർ തയാറാകാത്തതുമാണു എറണാകുളം–ഷൊർണൂർ മൂന്നാം പാതയ്ക്കു തിരിച്ചടിയായത്.