sivasankar

കേന്ദ്രം വിശദീകരണം തേടിയേക്കും

തിരുവനന്തപുരം: എം.ശിവശങ്കർ നിരപരാധിയാണെന്ന് വിശ്വസിക്കുന്നതായും, അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ട കേസുകൾ തള്ളിപ്പോകുമെന്നാണ് കരുതുന്നതെന്നും ആസൂത്രണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വി.വേണു ഫേസ്ബുക്കിൽ കുറിച്ചു.

ശിവശങ്കറിന് ജാമ്യം ലഭിച്ചതിൽ തനിക്കുള്ള സന്തോഷം വാക്കുകളിൽ വിശദീകരിക്കാനാവാത്തതാണ്. കഥകൾ കെട്ടിച്ചമച്ച്, ശിവശങ്കറിനെ വേട്ടയാടിയ ഭൂരിഭാഗം മാധ്യമങ്ങളുടെയും പെരുമാ​റ്റം മാപ്പു നൽകാനാവാത്ത നിലയിലായിരുന്നുവെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ശിവശങ്കറിനെ പിന്തുണച്ച് ആദ്യമായാണ് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ രംഗത്തെത്തിയത്.

വേണുവിന്റെ അഭിപ്രായപ്രകടനത്തിൽ കേന്ദ്രം വിശദീകരണം തേടിയേക്കുമെന്ന് സൂചനയുണ്ട്. അഖിലേന്ത്യാ സർവീസ് ചട്ടപ്രകാരം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രവൃത്തികൾക്കും നയങ്ങൾക്കുമെതിരെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ വിമർശനം നടത്താൻ പാടില്ല. മാദ്ധ്യമവാർത്തകളല്ലാതെ, കോടതിയിൽ കേന്ദ്രഏജൻസികൾ സമർപ്പിച്ചിട്ടുള്ള രേഖകൾ വേണു കണ്ടിട്ടില്ലെന്നിരിക്കെയാണ്, ഈ അഭിപ്രായപ്രകടനമെന്ന് രഹസ്യാന്വേഷണ വിഭാഗം കേന്ദ്രത്തെ അറിയിച്ചു. ജാമ്യം കിട്ടിയാൽ നിരപരാധിയാണെന്ന് പറയാനാവില്ലെന്നിരിക്കെയാണ്, കേസുകൾ തള്ളിപ്പോവുമെന്ന വേണുവിന്റെ അഭിപ്രായ പ്രകടനമെന്നും ഐ.ബി ചൂണ്ടിക്കാട്ടുന്നു.