chithaira

തിരുവനന്തപുരം: സംസ്ഥാനത്തെ പഴക്കമേറിയ ലൈബ്രറികളിലൊന്നായ വഞ്ചിയൂർ ശ്രീ ചിത്തിരതിരുനാൾ ഗ്രന്ഥശാല സംരക്ഷിക്കാൻ സർക്കാരും ഗ്രന്ഥശാലാ സംഘവും ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. 1914 ൽ 'വായനശാല കേശവപ്പിള്ള' സ്ഥാപിച്ച ഗ്രന്ഥശാല ഏറെനാളായി അടഞ്ഞുകിടക്കുകയാണ്. ഇനിയും സ്ഥാപനം തുറന്നുപ്രവർത്തിച്ചില്ലെങ്കിൽ പുരാരേഖകളും പഴക്കമേറിയ ഗ്രന്ഥങ്ങളുമടങ്ങിയ വലിയ ശേഖരം നശിച്ചുപോകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്

താളിയോലകൾ, ആദ്യകാല പത്രങ്ങൾ, മാസികകൾ, വിദേശ മാസികകൾ തുടങ്ങി ഒന്നര ലക്ഷത്തിലധികം രേഖകളും പുസ്തകങ്ങളുമടങ്ങുന്ന ശേഖരത്തിന് കോടികൾ വിലമതിപ്പുണ്ട്. കേരള ചരിത്രവും സാഹിത്യവും അന്വേഷിക്കുന്ന ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഗുണകരമായ ഗ്രന്ഥശാല ഇല്ലാതായാൽ വരും തലമുറയ്ക്കുള്ള വലിയൊരു അക്ഷയഖനിയാകും മാഞ്ഞുപോവുക.

കേശവപിള്ള അന്നത്തെ രാജാവിന്റെയും പൗരപ്രമുഖരുടെയും സഹായത്തോടെ നിർമിച്ചതാണ് ഗ്രന്ഥശാല. ഗ്രന്ഥശാലയും സ്ഥാപനമിരിക്കുന്ന 50 സെന്റ് സ്ഥലവും ഇന്ന് വായനശാല കേശവപിള്ളയുടെ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഇവിടേക്ക് ദിവസവും പത്രങ്ങൾ വരുത്തിയിരുന്നെങ്കിലും കുറച്ചുനാളുകളായി അതും നിറുത്തി. ഇതോടെയാണ് ഗ്രന്ഥശാല പൂർണമായും പ്രവർത്തിക്കാതായത്.

സ്ഥലം വിൽക്കാൻ നീക്കമോ?​

അതേസമയം ഗ്രന്ഥശാലയുടെ പ്രവർത്തനം അവസാനിപ്പിച്ച് കോടികൾ വിലമതിക്കുന്ന സ്ഥലം വിൽക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ആരോപണമുയർന്നിട്ടുണ്ട്. ഗ്രന്ഥശാല സംരക്ഷിക്കുന്നതിനായി പ്രദേശവാസികളുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്. സർക്കാർ ഇടപെട്ട് സ്ഥലം ഏറ്റെടുത്താൽ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് ഇവർ പറയുന്നത്.