
തിരുവനന്തപുരം: പാർക്ക് നവീകരണത്തിന്റെ ഭാഗമായി ശംഖുംമുഖം ആറാട്ട് മണ്ഡപത്തിന് മുന്നിലൂടെയുള്ള നടപ്പാത നിർമ്മാണം വിവാദത്തിലായതിന് പിന്നാലെ അനുനയ നീക്കവുമായി സർക്കാർ. പാർക്കിന്റെ നവീകരണത്തിൽ മാറ്റങ്ങൾ വരുത്താമെന്ന് സർക്കാർ ഉറപ്പുനൽകി. ഇതിന്റെ ഭാഗമായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി അംഗമായ ആദിത്യവർമ്മയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫോണിൽ സംസാരിച്ചു. തിങ്കളാഴ്ച ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ പുതിയ പ്ലാനുമായി എത്തുമെന്നും ഇതിൽ ആവശ്യമായ നിർദ്ദേശങ്ങൾ നൽകാമെന്നും മന്ത്രി അറിയിച്ചതായി ആദിത്യവർമ്മ പറഞ്ഞു.
ഇന്നലെ മന്ത്രിതലത്തിൽ ചർച്ച വച്ചിരുന്നെങ്കിലും മന്ത്രി കടകംപള്ളി സുരേന്ദ്രന് കൊവിഡ് ബാധിച്ചതിനാൽ മാറ്റിവയ്‌ക്കുകയായിരുന്നു. ടൂറിസം വകുപ്പാണ് നടപ്പാത നിർമ്മിക്കുന്നത്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് നടക്കാറുള്ള കൽമണ്ഡപത്തിന് മുന്നിൽ ഒരുവശത്തുകൂടിയുമുള്ള നടപ്പാത നിർമ്മാണം ചടങ്ങുകൾക്ക് തടസം സൃഷ്ടിക്കുമെന്നായിരുന്നു ആക്ഷേപം ഉയർന്നത്. സ്ഥലം സന്ദർശിച്ച ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ സി.പി. ഗോപകുമാർ ഡി.ജി.പി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അനധികൃത നിർമ്മാണം തടയണമെന്നാവശ്യപ്പെട്ട് പരാതി നൽകിയതോടെയാണ് വിവാദം ചൂടുപിടിച്ചത്.
പ്രതിഷേധവുമായി സംഘടനകൾ
സംഭവം വിവാദമായതിന് പിന്നാലെ ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. മണ്ഡപത്തിന് സമീപം ഫ്ലക്‌സ് ബോർഡുകൾ സ്ഥാപിച്ച ഇവർ ധർണകളും നടത്തി. ആറാട്ട് പൂജകൾക്ക് പുറമെ ബലിതർപ്പണമടക്കമുള്ള ചടങ്ങുകളും ഇവിടെയാണ് നടക്കുന്നത്. ടൂറിസം വകുപ്പിന്റെ നിർദ്ദേശപ്രകരം ഉൗരാളുങ്കൽ ലേബർ സൊസൈറ്റിയാണ് കരാർ ഏറ്റെടുത്ത് നിർമ്മാണം നടത്തുന്നത്. ഗോവ കേന്ദ്രീകരിച്ചുള്ള ആർക്കിടെക്ചർ കമ്പനിയാണ് ടൂറിസം വകുപ്പിന് ഡിസൈൻ നൽകിയത്. ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, വി.എസ്. ശിവകുമാർ എം.എൽ.എ എന്നിവർ ഇന്നലെ സ്ഥലം സന്ദർശിച്ചു.
"മന്ത്രിയുമായി ഫോണിൽ സംസാരിച്ചിരുന്നു. പാർക്ക് നവീകരണത്തിൽ ക്ഷേത്രത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ചടങ്ങുകൾക്ക് ഒരു വിഘാതവും ഉണ്ടാകാത്ത തരത്തിൽ നവീകരണത്തിൽ മാറ്റങ്ങൾ വരുത്തുമെന്നാണ് പ്രതീക്ഷ. ഇതിനായി തിങ്കളാഴ്ച ചർച്ച നടത്തും."
-ആദിത്യവർമ്മ ശ്രീപദ്മനാഭ ക്ഷേത്രം ഭരണസമിതി അംഗം
"ശംഖുംമുഖം കടൽത്തീരത്ത് പൈതൃകസമ്പത്തിനെയും സർഗ സൃഷ്ടികളെയും ചരിത്ര ശേഷിപ്പുകളെയും വികലമാക്കുന്ന നിർമ്മാണപ്രവർത്തനങ്ങളിൽ നിന്ന് സംസ്ഥാന സർക്കാർ പിന്തിരിയണം. പൈതൃക ശംഖുംമുഖം ഒരു വാണിജ്യ കേന്ദ്രമാക്കാനുള്ള സർക്കാർ നീക്കം അപലപനീയമാണ്. തീരദേശ പരിപാലന നിയമം, പൈതൃക സംരക്ഷണ നിയമം, പ്രകൃതി സംരക്ഷണ നിയമം തുടങ്ങിയവ ലംഘിച്ചുകൊണ്ടുള്ള അനധികൃത നിർമ്മാണങ്ങൾ ഉടൻ നിറുത്തിവയ്ക്കണം. "
കുമ്മനം രാജശേഖരൻ, ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ
"പരമ്പരാഗത രീതിയിൽ തുടരുന്ന ആറാട്ടിന് സൗകര്യമൊരുക്കിക്കൊണ്ടുള്ള നിർമ്മാണം വേണം ശംഖുംമുഖത്ത് നടപ്പാക്കേണ്ടത്. ഇൗ നിലയിൽ നിർമ്മാണം പൂർത്തീകരിക്കുകയാണെങ്കിൽ ആറാട്ട് മണ്ഡപത്തിലേക്ക് വിഗ്രഹങ്ങൾ എത്തിക്കാൻ സാധിക്കാതാവും. കടലിലേക്ക് ഇറങ്ങുന്നതിനും അസൗകര്യമുണ്ടാകും. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് ആറാട്ട് ചടങ്ങുകൾക്ക് തടസമുണ്ടാകാത്തവിധം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണം. "
വി.എസ്.ശിവകുമാർ, എം.എൽ.എ