
കല്ലമ്പലം: ദേശീയപാതയിൽ സ്ഥിരം അപകട മേഖലയായ തോട്ടയ്ക്കാടും അനുബന്ധ സ്ഥലങ്ങളും കർശന നിരീക്ഷണത്തിലാക്കാൻ തീരുമാനമായി. അടിയന്തരമായി സ്പീഡ് കാമറ നിരീക്ഷണ സംവിധാനം ഏർപ്പെടുത്താൻ മോട്ടോർ വാഹനവകുപ്പ് റോഡ് സുരക്ഷാ അതോറിട്ടിയോട് നിർദ്ദേശിച്ചു. എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങളെ മറയ്ക്കുന്ന മൺതിട്ട മാറ്റി റോഡിന് വീതി കൂട്ടാനും രാത്രിയിലെ വെളിച്ചത്തിന്റെ കുറവ് പരിഹരിക്കാനും മേഖലയിൽ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ 50 കിലോമീറ്ററായി രേഖപ്പെടുത്തിയ ബോർഡുകൾ സ്ഥാപിക്കാനും നിർദ്ദേശമുണ്ട്.
കഴിഞ്ഞ 26ന് രാത്രി നടന്ന അപകടത്തിൽ 5 പേർ മരിക്കാൻ ഇടയാക്കിയ സംഭവത്തെത്തുടർന്നു നടത്തിയ പരിശോധനയിൽ റോഡിലെ വരകൾ, മുന്നറിയിപ്പ് ബോർഡുകൾ എന്നിവ ഡ്രൈവർമാർ അവഗണിക്കുന്നതായി മോട്ടോർ വാഹനവകുപ്പ് മനസിലാക്കി. ഇത് അപകടങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നു.
അഞ്ചുപേർ മരിക്കാനിടയായ അപകടത്തിൽ ഡ്രൈവർ ഒഴികെ മറ്റാരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. കാർ ബ്രേക്ക് ചെയ്തതിന്റെ തെളിവുമില്ല. ഹൈ റിക്സ് മേഖലയിൽ വേഗത്തിലുള്ള മറികടക്കലാണ് 5 പേരുടെ ജീവൻ അപഹരിച്ചതെന്നും കണ്ടെത്തി. അപകടങ്ങൾ കുറയ്ക്കാൻ റോഡ് സുരക്ഷ അതോറിട്ടിയുമായി യോഗം ചേർന്ന് ശാസ്ത്രീയ പരിഹാരമാർഗങ്ങൾ സ്വീകരിക്കാനാണ് തീരുമാനം.
കഴിഞ്ഞദിവസം നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ ഈ വിഷയം ബി. സത്യൻ എം.എൽ.എ റോഡ് സേഫ്റ്റി അതോറിട്ടി ചെയർമാൻ കൂടിയായ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ കൊണ്ടുവന്നതോടെയാണ് പ്രശ്നത്തിന് അടിയന്തര തീരുമാനം വന്നത്.
നിർദ്ദേശങ്ങൾ
വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ 50 കിലോമീറ്ററാക്കും
വാഹനങ്ങളെ മറയ്ക്കുന്ന മൺതിട്ട മാറ്റി റോഡിന് വീതി കൂട്ടണം
തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കും
കാമറ നിരീക്ഷണം ശക്തമാക്കും
ഓവർടേക്കിംഗ് നോ...
വർഷങ്ങൾക്ക് മുൻപ് തന്നെ ഹൈ റിസ്ക് സ്പോട്ട് ഏരിയായ സ്ഥലമാണ് തോട്ടയ്ക്കാട് പ്രദേശം. വീതി കുറഞ്ഞ റോഡിന്റെ മദ്ധ്യഭാഗത്ത് തുടർച്ചയായി വെള്ള വര രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗത്ത് ഒരു കാരണവശാലും ഓവർടേക്ക് ചെയ്യാൻ പാടില്ലാത്തതാണ്. എന്നാൾ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്ന സന്ദർഭത്തിലും പതിനഞ്ചോളം വാഹനങ്ങൾ ഇതേ സ്ഥലത്ത് ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചത് ശ്രദ്ധയിൽപ്പെട്ടു. ഇവരുടെ വാഹനം തടഞ്ഞ് ബോധവത്കരണം നടത്തി വിട്ടു. തുടർന്നും നിയമ ലംഘനം നടത്തുന്നവരുടെ ഫോട്ടോ എടുത്ത് കോടതിക്ക് സമർപ്പിക്കാനാണ് മോട്ടോർ വകുപ്പിന്റെ തീരുമാനം.
മുന്നറിയിപ്പ് ബോർഡുകൾ വേണം
അപകട മേഖലയാണെന്നും വേഗം കുറയ്ക്കണമെന്നുമുള്ള ബോർഡുകൾ നേരത്തെ ഇവിടെ കാണാമായിരുന്നു. എന്നാൽ ഇവയിൽ പലതും കാലപ്പഴക്കത്താൽ നശിച്ചുപോയി. പിന്നീട് ഇവ സ്ഥാപിക്കാൻ ആരും ശ്രമിച്ചില്ലെന്ന ആക്ഷേപം ശക്തമാണ്.
"ദേശീയപാതയിൽ ആലംകോടിനും കല്ലമ്പലത്തിനും ഇടയിൽ സ്ഥിരം അപകടക്കെണിയായ സ്ഥലങ്ങളിൽ അപകടങ്ങൾ കുറയ്ക്കാനും സുഗമമായ സഞ്ചാരം ഉറപ്പാക്കാനും അടിയന്തര നടപടി സ്വീകരിക്കും."
അഡ്വ. ബി. സത്യൻ എം.എൽ.എ