cpm

തുടർച്ചയായി രണ്ട് തവണ മത്സരിച്ചവരെ ഒഴിവാക്കൽ കർശനമാക്കും

എല്ലാ ജില്ലയിലും ഒരു വനിതാ സ്ഥാനാർത്ഥിയെങ്കിലും നിർബന്ധം

തിരുവനന്തപുരം: കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചവരെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പരിഗണിക്കേണ്ടെന്ന് സി.പി.എം തീരുമാനം.

തുടർച്ചയായി രണ്ട് തവണ മത്സരിച്ചവരെ ഒഴിവാക്കുകയെന്ന നിബന്ധന കർശനമാക്കാനും ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാനകമ്മിറ്റിയിൽ ധാരണയായി. ഇതിൽ ഇളവ് വേണമെങ്കിൽ അതത് ജില്ലാ കമ്മിറ്റികളിൽ നിന്നുള്ള റിപ്പോർട്ടുകൾ വിലയിരുത്തി സംസ്ഥാന കമ്മിറ്റിക്ക് തീരുമാനമെടുക്കാം. സീറ്റ് നിലനിറുത്താൻ ചിലർ കൂടിയേ തീരൂവെന്ന അവസ്ഥയിൽ മാത്രമാവും ഇളവുകൾ. ഓരോ ജില്ലയിലും കുറഞ്ഞത് ഒരു വനിത മത്സരരംഗത്തുണ്ടാവണം. യുവാക്കൾക്കും പുതുമുഖങ്ങൾക്കുമാവണം പരമാവധി പരിഗണന. പൊതുസമ്മതരായ ടെക്നോക്രാറ്റുകൾ, പ്രൊഫഷണലുകൾ മുതലായവരെയും പരിഗണിക്കണം.

വർഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സി.പി.എം തുടരുന്നതിലെ അസഹിഷ്ണുതയാണ് വിജയരാഘവന്റെ പാണക്കാട് പരാമർശം ഉയർത്തി യു.ഡി.എഫ് വിവാദമുണ്ടാക്കുന്നതിന് പിന്നിലെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ജമാഅത്തെ ഇസ്ലാമി ഉയർത്തുന്ന മതരാഷ്ട്രവാദത്തോട് സന്ധി ചെയ്താൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അസ്തിത്വമില്ലാതാവും. ബി.ജെ.പിയുടെ ഭൂരിപക്ഷ വർഗീയതയെ വളർത്തുന്നത് ജമാ അത്തെയുടെ നിലപാടുകളാണ്. അത് തുറന്നുകാട്ടുമ്പോൾ ,മറുവശത്ത് മുസ്ലിം ധ്രുവീകരണത്തിനുള്ള സാദ്ധ്യത നോക്കുകയാണ് യു.ഡി.എഫ് .

മുഖ്യമന്ത്രി നടത്തിയ ജില്ലാ പര്യടനങ്ങളിലും പ്രമുഖരുമായി നടത്തിയ സംവാദങ്ങളിലും ഉരുത്തിരിഞ്ഞ നിർദ്ദേശങ്ങളും, എ.കെ.ജി പഠനഗവേഷണകേന്ദ്രത്തിന്റെ റിപ്പോർട്ടുകളും ഉൾപ്പെടെ ഉൾക്കൊള്ളിച്ച് പ്രകടനപത്രികയുടെ കരട് തയാറാക്കും.ഇതിന് ഇടതുമുന്നണി ഉപസമിതിയെ ചുമതലപ്പെടുത്തി.

ജാഥകൾ പിണറായിയും രാജയും ഉദ്ഘാടനം ചെയ്യും

തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടതുമുന്നണിയുടെ വടക്കൻ മേഖലാ ജാഥ കാസർകോട്ട് മുഖ്യമന്ത്രി പിണറായി വിജയനും ,തെക്കൻ മേഖലാ ജാഥ എറണാകുളത്ത് സി.പി.ഐ ജനറൽസെക്രട്ടറി ഡി. രാജയും ഉദ്ഘാടനം ചെയ്യും. വടക്കൻ ജാഥയെ സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും തെക്കൻ ജാഥയെ സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വവും നയിക്കും.