nadda

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ചരിത്രപരമായ സ്ഥലങ്ങളിലും പ്രമുഖ ക്ഷേത്ര നഗരങ്ങളിലും ബി.ജെ.പി വിജയിച്ചതോടെ ദൈവത്തിന്റെ ആശീർവാദം മുഴുവൻ ബി.ജെ.പിക്ക് ലഭിച്ചെന്ന് ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ പറഞ്ഞു. ഇനി വേണ്ടത് കേരളത്തിലെ ആകെ ജനങ്ങളുടെ ആശീർവാദമാണ്. അതിനായുള്ള അംബാസിഡർമാരായി ജനപ്രതിനിധികൾ പ്രവർത്തിക്കണമെന്നും ജെ.പി നദ്ദ പറഞ്ഞു. കോർപറേഷൻ, മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ വിജയിച്ച ബി.ജെ.പി ജനപ്രതിനിധികളുടെ യോഗത്തിൽ സാംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽ.ഡി.എഫും യു.ഡി.എഫും അഴിമതിയിൽ മുങ്ങി താഴ്ന്നിരിക്കുകയാണ്. ഈ സമയത്ത് ജനങ്ങളെ സഹായിക്കുക എന്ന വലിയൊരു ഉത്തരവാദിത്തം ബി.ജെ.പി പ്രതിനിധികൾക്ക് ഉണ്ട്. ആ ഉത്തരവാദിത്തം നിർവഹിക്കാൻ താഴെത്തട്ടിലേക്ക് ഇറങ്ങിചെല്ലണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചടങ്ങിൽ നടൻ കൃഷ്ണകുമാറിനെ ബി.ജെ.പി അംഗത്വം നൽകി സ്വീകരിച്ചു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, കേരള ചുമതലയുള്ള നേതാക്കളായ സി.പി. രാധാകൃഷ്ണൻ, സുനിൽകുമാർ കാർക്കള, ഒ.രാജഗോപാൽ എം.എൽ.എ, കുമ്മനം രാജശേഖരൻ, ജോർജ്ജ്കുര്യൻ, പി.കെ.കൃഷ്ണദാസ്, സി.കെ. പദ്മനാഭൻ, എം.ടി. രമേശ്, എ.പി. അബ്ദുള്ളകുട്ടി, പി.സുധീർ, സി.ശിവൻകുട്ടി, എസ്. സുരേഷ്, സി.കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.