
വേനൽക്കാലം തുടങ്ങുന്നതോടെ അലർജിയും നേത്രരോഗങ്ങളും കൂടാൻ സാദ്ധ്യതയുണ്ട്. വളരെ സാധാരണമായി വേനൽക്കാലത്ത് കണ്ടുവരുന്ന ഒരു നേത്രരോഗമാണ് ചെങ്കണ്ണ്. കണ്ണിന്റെയും കൺപോളകളുടെയും ഉപരിതലത്തിലുണ്ടാകുന്ന അണുബാധയാണ് ചെങ്കണ്ണ് അഥവാ പിങ്ക് ഐ. ബാക്ടീരിയ, വൈറസ് ബാധയാണ് പ്രധാന കാരണം. ഇതുകാരണം കോശഭിത്തിയിൽ താത്കാലികമായി രക്തപ്രവാഹം ഉണ്ടാകുകയും കണ്ണ് ചുവന്ന് കാണപ്പെടുകയും ചെയ്യുന്നു. അലർജി - പൊടി, പുക എന്നിവയുമായി സമ്പർക്കം വരുമ്പോൾ കണ്ണിന് ചൊറിച്ചിൽ, നീറ്റൽ, ചുവപ്പ് എന്നീ ലക്ഷണങ്ങളോടെ അലർജിയുണ്ടാകുന്നു.
കണ്ണിന് ചുവപ്പ് നിറം, കണ്ണുനീർ, കൺപോളയ്ക്ക് വീക്കം, അസ്വസ്ഥത, പീളകെട്ടൽ എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ഭൂരിഭാഗം ചെങ്കണ്ണിനും കാരണം വൈറസ് ബാധയാണ്. ഇത് വളരെ പെട്ടെന്ന് പടരാം. കാഴ്ചയെ സാരമായി ബാധിക്കാറില്ലെങ്കിലും ചിലപ്പോൾ ഇത് കൃഷ്ണമണിയെ ബാധിക്കാം. ഇത് കാരണം കൃഷ്ണമണിയിൽ കലകൾ വീഴുകയും വെളിച്ചത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയുംചെയ്യാം. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ കാഴ്ചയെ ബാധിക്കാം.
ചെങ്കണ്ണിന്റെ ലക്ഷണങ്ങൾ കണ്ടാലുടൻ നേത്രരോഗ വിദഗ്ദ്ധന്റെ നിർദ്ദേശപ്രകാരം ആന്റിബയോട്ടിക് തുള്ളിമരുന്നുകളും ഓയിൻമെന്റും കൃത്യമായ കാലയളവിൽ ഉപയോഗിക്കണം. ഡോക്ടറുടെ കൃത്യമായ വിലയിരുത്തലും ചികിത്സയും തേടുന്നത് സങ്കീർണതകൾക്കുള്ള സാദ്ധ്യത ഇല്ലാതാക്കും.
കൊവിഡും ചെങ്കണ്ണും
കൊവിഡുള്ള ഒന്നു മുതൽ മൂന്ന് ശതമാനം ആൾക്കാരിൽ ചെങ്കണ്ണിന്റെ ലക്ഷണങ്ങൾ കാണാമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അതുകൊണ്ട്
നിങ്ങൾക്ക് ചെങ്കണ്ണ് ഉണ്ടെങ്കിൽ കൊവിഡ് ഉണ്ടെന്ന് അർത്ഥമില്ല. എന്നാൽ, ഇതോടൊപ്പം പനി, ചുമ, ശ്വാസ തടസം എന്നീ ലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധന ആവശ്യമാണ്.
പ്രതിരോധം
വളരെ പെട്ടെന്ന് പടരുന്ന ഒരു സാംക്രമിക രോഗമാണ് ചെങ്കണ്ണ്. ഏറ്റവും പ്രധാനം വ്യക്തിശുചിത്വം തന്നെയാണ്.
രോഗം ബാധിച്ച വ്യക്തി ഉപയോഗിച്ച വ്യക്തിഗത വസ്തുക്കളായ ടവൽ, സോപ്പ്, തലയിണ എന്നിവ മറ്റുള്ളവരുമായി പങ്കിടരുത്.
കൈ കൊണ്ട് കണ്ണിൽ തൊടരുത്.
കൈകൾ പലപ്പോഴും കഴുകുക.
നേത്ര സൗന്ദര്യ വസ്തുക്കളോ വ്യക്തിഗത നേത്ര സംരക്ഷണ ഇനങ്ങളോ പങ്കിടരുത്.
അണുബാധയുള്ളപ്പോൾ പൊതുസ്ഥലങ്ങൾ സന്ദർശിക്കരുത്. സ്വിമ്മിംഗ് പൂൾ, തിയേറ്റർ തുടങ്ങിയ ഇടങ്ങളിൽ അണുബാധ പടരാൻ സാദ്ധ്യതയുണ്ട്.
കോണ്ടാക്ട് ലെൻസ് ധരിക്കുന്ന ആളുകൾ ചെങ്കണ്ണിന്റെ ലക്ഷണങ്ങൾ കണ്ടാലുടൻ അത് നിർത്തണം. 12 മുതൽ 24 മണിക്കൂറിനകം ലക്ഷണങ്ങൾ കൂടുതലായാൽ അണുബാധയില്ലെന്ന് ഉറപ്പാക്കാൻ ഡോക്ടറുമായി കൂടിക്കാഴ്ച നടത്തേണ്ടത് അനിവാര്യമാണ്.
ഡോ. അഞ്ജു ഹരീഷ്
നേത്രരോഗ വിദഗ്ദ്ധ
എസ്.യു.ടി ആശുപത്രി
പട്ടം, തിരുവനന്തപുരം.