alex-zanardi

കാർ ഓട്ടത്തിന്റെ പ്രകമ്പനങ്ങൾക്കിടയിലെ വീഴ്ചയിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് പാരാലിംപിക്സ് കീഴടക്കിയ 'എവർഗ്രീൻ' ഇറ്റാലിയൻ റേസ് ഡ്രൈവറാണ് അലക്സ് സനാർഡി. വിധി ഏല്പിച്ച മുറിവുകളെ ഓരോന്നായി അതിജീവിച്ച് ട്രാക്കിലെയും കായികലോകത്തെയും അത്ഭുതമായി മാറുകയാണ് ഫോർമുല വൺ, കാർട്ട് മുൻ ഡ്രൈവറായ അദ്ദേഹം. ഏറ്റവുമൊടുവിൽ, കഴിഞ്ഞ ജൂൺ മാസത്തിൽ ഹാൻഡ് ബൈക്ക് റേസിംഗിനിടെയുണ്ടായ അപകടം രണ്ട് തവണ കാർട്ട് ചാമ്പ്യനായിരുന്ന സനാർഡിയെ അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റൊരു കറുത്ത അദ്ധ്യായത്തിലേക്കാണ് തള്ളിയിട്ടത്. മാസങ്ങളോളം മരണത്തിനും ജീവിതത്തിനുമിടെയിലെ നൂൽപ്പാലത്തിനിടയിൽ കോമാ സ്റ്റേജിൽ കഴിഞ്ഞതിന് ശേഷം സനാർഡി വീണ്ടും ജീവിതത്തിലേക്ക് മടങ്ങി വരികയാണ്. സനാർഡിയ്ക്ക് വീണ്ടും സംസാരിക്കാൻ കഴിഞ്ഞതായി കുടുംബാംഗങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവരുന്നതോടെ പൂർവാധികം ശക്തിയോടെ സനാർഡിയുടെ വരവിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ആരാധകർ.

 വേഗം എന്നും ആവേശം

1966ൽ വടക്കൻ ഇറ്റലിയിലെ ബലോന്യയിൽ ഒരു സാധാരണ കുടുംബത്തിലാണ് സനാർഡിയുടെ ജനനം. സനാർഡിയ്ക്ക് 13 വയസുള്ളപ്പോൾ മൂത്ത സഹോദരി ക്രിസ്റ്റീന ഒരു അപകടത്തിൽ മരിച്ചു. അക്കാലയളവിൽ തന്നെ സനാർഡി കാർട്ട് റേസിംഗിലേക്ക് ചുവട്‌വച്ചിരുന്നു. വലിയ ചവറ്റുവീപ്പകളുടെ ചക്രങ്ങളും പൈപ്പുകളുമൊക്കെ വച്ച് കുഞ്ഞു സനാർഡി സ്വന്തമായി കാർട്ട് നിർമ്മിച്ചിരുന്നു. 80കളുടെ അവസാനത്തിൽ ഫോർമുല 3യിലൂടെ അരങ്ങേറ്റം കുറിച്ച സനാർഡി ഇറ്റാലിയൻ സൂപ്പർറ്റുറിസ്മോ, യൂറോപ്യൻ എഫ് 5 കപ്പ് തുടങ്ങിയ ടൈറ്റിലുകൾ സ്വന്തമാക്കി. 1991 മുതൽ 1994 വരെ ഫോർമുല വണ്ണിൽ മാറ്റുരച്ചു. 1993ൽ ബ്രസീലിയൻ ഗ്രാൻപ്രീയിൽ സനാർഡി ആദ്യ എഫ് 1 പോയിന്റ് സ്വന്തമാക്കി. പിന്നീട് കാർട്ട് ( CART ) ചാമ്പ്യൻഷിപ്പിലേക്കായി സനാർഡിയുടെ പോരാട്ടം.

 റിയൽ ലൈഫ് സൂപ്പർഹീറോ

2001- ജർമനിയിൽ അമേരിക്കൻ മെമ്മോറിയൽ 500 റേസിംഗ് നടക്കുന്നതിനിടെയാണ് സനാർഡിയുടെ ജീവിതത്തിൽ ആ ദുരന്തം സംഭവിച്ചത്. നിയന്ത്രണംവിട്ട് സനാർഡിയുടെ കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. സനാർഡിയുടെ കാർ ചിന്നിച്ചിതറി. ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് ആരും പ്രതീക്ഷിച്ചില്ല. കാരണം അതിശക്തമായ അപകടത്തെ തുടർന്ന് സനാർഡിയുടെ ശരീരത്തിലെ 75 ശതമാനം രക്തവും നഷ്ടമായിരുന്നു. ട്രാക്കിൽ മുഴുവനും സനാർഡിയുടെ രക്തം പുഴയുടെ ചാൽ പോലെ ഒഴുകി. നടുക്കുന്ന ആ ദുരന്തത്തിൽ തന്റെ രണ്ട് കാലുകളും സനാർഡിയ്ക്ക് നഷ്ടമായി.

 ഉയിർത്തെഴുന്നേല്പ്

ജീവിതകാലം മുഴുവൻ ചക്രക്കസേരയിൽ സനാർഡി ജീവിക്കുമെന്ന് പറഞ്ഞവർക്ക് തെറ്റി. റേസ് കാറിന്റെ കോക്ക് പിറ്റിലേക്ക് സനാർഡി വീണ്ടും മടങ്ങിയെത്തി. 2003ൽ, തന്റെ ജീവിതം മാറ്റിമറിച്ച അതേ ലോസിറ്റ്‌സ്റിംഗ് സർക്കീട്ടിൽ കൃത്രിമ കാലുകളുമായെത്തി 13 ലാപ്പുകൾ പൂർത്തിയാക്കാൻ സനാർഡിയ്ക്ക് കഴിഞ്ഞു. അതേ വർഷം തന്നെ, യൂറോപ്യൻ ടൂറിംഗ് കാർ ചാമ്പ്യൻഷിപ്പിലൂടെ മോട്ടോർ കാർ റേസിംഗ് ലോകത്ത് ശ്രദ്ധേയമായി. സനാർഡിയെ പ്രോത്സാഹിപ്പിക്കാൻ അദ്ദേഹത്തിനുതകുന്ന പ്രത്യേക ബി.എം.ഡബ്ല്യൂ റേസിംഗ് അധികൃതർ ഡിസൈൻ ചെയ്ത് നൽകി. അപകടത്തിന് ശേഷമുള്ള ആദ്യ റേസ് ഏഴാമതായാണ് സനാർഡി ഫിനിഷ് ചെയ്തത്. 2005ൽ അപകടത്തിന് ശേഷമുള്ള ആദ്യ ജയം വേൾഡ് ടൂറിംഗ് കാർ ചാമ്പ്യൻഷിപ്പിലൂടെ സനാർഡി സ്വന്തമാക്കി.

 സ്വർണത്തിളക്കം

അപകടത്തിന് ശേഷം റേസിംഗിലേത് പോലെ ഹാൻഡ്സൈക്ലിംഗിലും സനാർ‌ഡി ശ്രദ്ധ കേന്ദ്രീകരിച്ചു. 2007ലെ ന്യൂയോർക്ക് സിറ്റി മാരത്തണിലൂടെയായിരുന്നു തുടക്കം. 2012ൽ ലണ്ടൻ പാരാലിംപിക്സിൽ ഇറ്റാലിയൻ ടീമിനെ പ്രതിനിധീകരിച്ച് വെള്ളി മെഡൽ കരസ്ഥമാക്കി. സനാർഡി നാല് തവണ പാരാലിംപിക് ഹാൻഡ്സൈക്ലിംഗ് ഗോൾഡ് മെഡൽ ഉൾപ്പെടെ പാരാ സൈക്ലിംഗ് ഇനത്തിൽ നിരവധി മെഡലുകൾ സ്വന്തമാക്കി ഏവരെയും അത്ഭുതപ്പെടുത്തി.

വീണ്ടും ദുരന്തം

കഴിഞ്ഞ ജൂൺ 19ന് ഇറ്റലിയിലെ പിയെൻസയിൽ വച്ച് ഹാൻഡ് ബൈക്ക് റേസിനിടെ സനാർഡി സഞ്ചരിച്ചിരുന്ന ഹാൻഡ്ബൈക്ക് ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സാനാർഡിയുടെ തലയ്ക്ക് അതിഗുരുതര പരിക്കേൽക്കുകയായിരുന്നു. ദിവസങ്ങളോളം വെന്റിലേറ്ററിൽ ജീവനോട് മല്ലടിച്ചു. സനാർഡിയുടെ കഥയ്ക്ക് ഭയാനകമായ ഒരു അന്ത്യം കുറിച്ചേക്കാമെന്ന് പോലും കരുതിയ അപകടമായിരുന്നു അത്.

തലയിൽ അതിസങ്കീർണമായ ശസ്ത്രക്രിയകൾക്ക് അദ്ദേഹം വിധേയനായി. ഏറ്റവുമൊടുവിൽ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹത്തിന് സംസാരിക്കാൻ സാധിച്ചത് തങ്ങളെ ഞെട്ടിച്ചെന്ന് ഡോക്ടർമാർ പറയുന്നു. സനാർഡിയുടെ മാനസിക ശേഷിയ്ക്ക് ഗുരുതരമായ ആഘാതം സംഭവിച്ചിട്ടില്ലെന്ന സൂചന നൽകുന്നുണ്ടെങ്കിലും മുഖത്തും തലയിലും ഇനിയും ശസ്ത്രക്രിയകൾ വേണ്ടി വരുമെന്നതിനാൽ അദ്ദേഹത്തിന് പൂർണമായി ആരോഗ്യം വീണ്ടെടുക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഡോക്ടർമാർ ഉറപ്പു പറയുന്നില്ല.

 വിധിയെ തോൽപ്പിച്ച പോരാളി

റേസിംഗ് ലോകത്തേക്ക് ചുവട് വയ്ക്കുന്ന ഓരോരുത്തർക്കും പ്രചോദനമാണ് സനാർഡി. ഒരു പക്ഷേ, അയേട്ടൺ സെന്നയെ പോലെയോ ഷൂമാക്കറിനെ പോലെയോ റെക്കോർഡുകൾ ഭേദിച്ച് ചരിത്രം തിരുത്തിക്കുറിയ്ക്കാൻ കഴിഞ്ഞില്ലെങ്കിലും മറ്റാർക്കും എഴുതിച്ചേർക്കാനാണ്ണാത്ത പോരാട്ട കഥയാണ് സനാർഡി റേസിംഗ് ലോകത്തിന് സമ്മാനിച്ചത്. റേസിംഗ് ട്രാക്കിലെ ഇരമ്പങ്ങളെയും ഗാലറിയിലെ ഹർഷാരവത്തെയും മനസ്സിലിട്ട് താരാട്ടി മനക്കരുത്ത് കൊണ്ട് ' വീഴ്ച' എന്ന വാക്ക് തന്റെ നിഘണ്ടുവിലില്ലെന്ന് തെളിയിച്ച വ്യക്തിയാണ് അലക്സ് സനാർഡി.