karuva

മലയാളത്തിൽ വീണ്ടുമൊരു ഒടിയന്റെ കഥയുമായി എത്തുന്ന 'കരുവ്' ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും ഫെബ്രുവരി 10ന് പാലക്കാട് കാവശ്ശേരിയിൽ നടക്കും. പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ആൽഫാ ഓഷ്യൻ എന്റർടെയിൻമെന്റ്സ് നിർമ്മിച്ച് നവാഗതയായ ശ്രീഷ്മ ആർ. മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'കരുവ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങൾക്കാണ് ഏറെ പ്രാധാന്യം. കണ്ണൻ പട്ടാമ്പി, പെരുമുടിയൂർ സുമേഷ്, വിനു മാത്യു, കുളപ്പുള്ളി ലീല തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പൂർണമായും പാലക്കാടും സമീപപ്രദേശങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ത്രില്ലർ സ്വഭാവമുള്ള ഈ ചിത്രത്തിന്റെ തിരക്കഥ സംവിധായിക തന്നെയാണ് നിർവഹിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ നാലാം വർഷ വിദ്യാർത്ഥിനിയാണ് എഴുത്തുകാരി കൂടിയായ ശ്രീഷ്മ. ഒരു മെഡിക്കൽ വിദ്യാർത്ഥിനി സംവിധായിക ആകുന്നുവെന്ന പ്രത്യേകതയും കരുവ് എന്ന ചിത്രത്തിനുണ്ട്. ശ്രദ്ധേയനായ യുവ ഛായാഗ്രാഹകൻ ടോണി ജോർജ്ജാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. ഹാരി മോഹൻദാസ് എഡിറ്റിംഗും റോഷൻ സംഗീതവും നിർവ്വഹിക്കുന്നു. ആൽഫാ ഓഷ്യൻ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ സുധീർ ഇബ്രാഹിമാണ് സിനിമ നിർമ്മിക്കുന്നത്.