home

ഗ്രഹപ്പിഴയുടെ കാലത്താണ് മനുഷ്യർ വീടുനിർമ്മാണത്തിന് ഇറങ്ങുന്നതെന്ന് പഴമക്കാർ പറയാറുണ്ട്. എന്നാൽ ഈ ചൊല്ല് ദേശഭേദമെന്യേ പ്രചുരപ്രചാരം നേടുന്ന കാലത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേതായ കെട്ടിടനിർമ്മാണ നിയമങ്ങളൊന്നും നിലവിൽ ഉണ്ടായിരുന്നില്ല എന്നതാണു യാഥാർത്ഥ്യം. നിയമവും ചട്ടവുമൊക്കെ വന്നതോടെ ഏതുതരം നിർമ്മാണവും ക്ഷമ പരീക്ഷിക്കുന്ന വിധത്തിൽ സങ്കീർണമാകുകയും ചെയ്തു. ഇപ്പോഴിതാ സാധാരണക്കാർക്ക് വളരെയധികം ആശ്വാസം പകരുന്ന നല്ലൊരു തീരുമാനവുമായി സംസ്ഥാന സർക്കാർ മുന്നോട്ടു വന്നിരിക്കുന്നു. കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട മുൻകൂർ അനുമതിക്കുള്ള നൂലാമാലകളിൽ നിന്ന് സാധാരണക്കാരെ രക്ഷിക്കാൻ തദ്ദേശ നിയമ ഭേദഗതി ഓർഡിനൻസ് കൊണ്ടുവരാൻ കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം തീരുമാനമെടുത്തിരിക്കുകയാണ്.

300 ച. മീറ്റർ വരെ വിസ്തീർണമുള്ള ഇരുനില കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളുടെ രേഖാമൂലമുള്ള അനുമതിക്കും പ്ളാൻ അപ്രൂവലിനും വേണ്ടി ഇനി കാത്തിരിക്കേണ്ടി വരില്ല എന്നതാണ് കെട്ടിട നിർമ്മാണ ചട്ടങ്ങളൽ വരുത്തുന്ന സുപ്രധാന ഭേദഗതി. 200 ച. മീറ്റർ വരെ വിസ്തീർണമുള്ള ഹോസ്റ്റൽ, അനാഥാലയങ്ങൾ, വൃദ്ധസദനം, സെമിനാരി, മതപരമായ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ എന്നിവയും ഇപ്രകാരം നിർമ്മിക്കാം. വാണിജ്യാവശ്യത്തിനും ചെറുകിട വ്യവസായങ്ങൾക്കും ആവശ്യമായ 100 ച. മീറ്റർ വരെ വിസ്തൃതിയിലുള്ള കെട്ടിടങ്ങളുടെ നിമ്മാണവും ഇപ്രകാരം അനുവദനീയമാണ്. സ്ഥലം ഉടമയുടെയും പ്ളാൻ തയ്യാറാക്കാൻ അധികാരമുള്ള എംപാനൽ ലൈസൻസിയുടെയും സാക്ഷ്യപത്രം സമർപ്പിച്ചാൽ ഔപചാരികമായ അനുമതിക്കായി കാത്തുനിൽക്കാതെ കെട്ടിടം പണി തുടങ്ങാനാവും.

ആർക്കിടെക്‌ട്‌, എൻജിനീയർ, ബിൽഡിംഗ് ഡിസൈനർ, ടൗൺ പ്ളാനർ എന്നിവരിലാരെങ്കിലും നിർദ്ദിഷ്ട പ്ളാൻ തയ്യാറാക്കണമെന്ന് നിബന്ധനയുണ്ട്. പ്ളാനിനൊപ്പം ബന്ധപ്പെട്ട ആറു രേഖകൾ കൂടി തദ്ദേശസ്ഥാപനത്തിൽ സമർപ്പിക്കണം. തദ്ദേശ സ്ഥാപന സെക്രട്ടറി അഞ്ചുദിവസത്തിനകം അപേക്ഷ കൈപ്പറ്റിയതിന്റെ രസീത് നൽകണമെന്നാണു വ്യവസ്ഥ. ഇതു ലഭിച്ചു കഴിഞ്ഞാൽ സമർപ്പിച്ച പ്ളാൻ അനുസരിച്ചുള്ള നിർമ്മാണ പ്രവൃത്തി തുടങ്ങാവുന്നതാണ്. അപേക്ഷയിൽ തെറ്റായ വിവരങ്ങൾ സമർപ്പിച്ചാൽ കനത്ത തോതിൽ പിഴ ഈടാക്കും. രണ്ടുലക്ഷം രൂപ മുതൽ ആറുലക്ഷം രൂപ വരെയാകും പിഴ. സമർപ്പിക്കപ്പെട്ട പ്ളാൻ നിയമാനുസൃതമായ എല്ലാ നിബന്ധനകളും പാലിച്ചു കൊണ്ടുള്ളതാണെന്ന് സാക്ഷ്യപത്രം കൂടി അപേക്ഷയോടൊപ്പം നൽകേണ്ടിവരും. കെട്ടിട ഉടമയും പ്ളാൻ വരച്ച അംഗീകൃത ലൈസൻസിയും സംയുക്തമായാണ് സാക്ഷ്യപത്രം നൽകേണ്ടത്. തദ്ദേശ സെക്രട്ടറി കെട്ടിട നിർമ്മാണ അപേക്ഷയിൽ 15 ദിവസത്തിനകം തീരുമാനം എടുക്കണം. നിലവിൽ സമയപരിധി 30 ദിവസമാണ്.

ദീർഘനാൾ കഷ്ടപ്പെട്ടോ വായ്പയെടുത്തോ സ്വന്തമായി കിടപ്പാടം ഉണ്ടാക്കാൻ ഇറങ്ങുന്നവർ ഇന്ന് തദ്ദേശ സ്ഥാപനങ്ങളുടെ വിവിധയിനം അനുമതികൾക്കായി വളരെയധികം ക്ളേശങ്ങളും തടസവാദങ്ങളും നേരിടേണ്ടി വരാറുണ്ട്. പാർപ്പിടം മാത്രമല്ല, കച്ചവടത്തിനോ ചെറിയ തോതിലുള്ള മറ്റു സംരംഭങ്ങൾക്കോ ഉദ്ദേശിച്ചുള്ള കെട്ടിടങ്ങളുടെ നിർമ്മാണത്തിനും പ്രതിബന്ധങ്ങൾ ഏറെയാണ്. നിർമ്മാണാനുമതി വൈകിയതിന്റെയും നിരസിക്കലിന്റെയും പേരിൽ ആത്മഹത്യകൾ വരെ നടക്കാറുണ്ട്. തദ്ദേശ സ്ഥാപനങ്ങളിൽ ഏറ്റവുമധികം അഴിമതി വിളയുന്ന ഒരു മേഖല കൂടിയാണിത്.

കൈമടക്കു കൊടുക്കാതെ പരിശോധനയും അനുമതിയുമൊന്നും നടക്കില്ലെന്ന മുൻവിധി രൂപപ്പെട്ടതുതന്നെ നിർമ്മാണാനുമതി ലഭിക്കുന്നതിലുണ്ടാകുന്ന കാലതാമസം കാരണമാണ്. മുൻകൂർ അനുമതി ഇല്ലാതെ തന്നെ കെട്ടിടം പണി തുടങ്ങാനാവുമെന്നു വന്നാൽ അനുമതിക്കു വേണ്ടിയുള്ള കാത്തിരിപ്പ് ഒഴിവാകുമെന്നു മാത്രമല്ല ഇതുമായി ബന്ധപ്പെട്ട അഴിമതിക്കുള്ള അവസരവും നല്ലതോതിൽ ഇല്ലാതാക്കാനാവും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ദയാദാക്ഷിണ്യത്തിനായി കാത്തിരിക്കേണ്ടിവരുന്ന ദുരവസ്ഥയിൽ നിന്നുള്ള മോചനം നിസാരമൊന്നുമല്ല. നിർമ്മാണാനുമതിക്കായി ആയുസിലൊരിക്കലെങ്കിലും ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളവർക്കറിയാം അതിന്റെ പങ്കപ്പാട്.

ഔദ്യോഗികമായ നൂലാമാലകൾ പരമാവധി കുറച്ച് ജനങ്ങൾക്ക് സേവനം എത്രയും എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് കാലഘട്ടത്തിന്റെ ആവശ്യം.

പഴയ ലൈസൻസ് രാജിൽ നിന്ന് രാഷ്ട്രം ബഹുദൂരം മുന്നോട്ടു പൊയ്‌ക്കഴിഞ്ഞു. അംഗീകൃത ലൈസൻസികൾ ശ്രദ്ധാപൂർവം തയ്യാറാക്കുന്ന പ്ളാനനുസരിച്ചുള്ള പാർപ്പിടങ്ങൾക്കും ചെറുതരം കെട്ടിടങ്ങൾക്കും നിർമ്മാണാനുമതി നൽകാൻ ആഴ്ചകളും മാസങ്ങളും എടുക്കേണ്ട കാര്യമില്ല. ദിവസങ്ങൾക്കകം ആവശ്യമായ പരിശോധന നടത്തി നൽകാവുന്നതേയുള്ളൂ. നിയമവിരുദ്ധമായി വല്ലതും നടന്നിട്ടുണ്ടെങ്കിലോ തെറ്റായ വിവരമാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ബോദ്ധ്യപ്പെട്ടാലോ ഉയർന്ന നിരക്കിൽ പിഴ ഈടാക്കാൻ വ്യവസ്ഥയുള്ളതുകൊണ്ട് ആരും അവിവേകം കാണിക്കാൻ സാധാരണഗതിയിൽ മുതിരുകയില്ല. ഇത്തരം രംഗങ്ങളിൽ സർക്കാർ ഇടപെടലുകൾ പരമാവധി കുറയ്ക്കുന്നതാണ് ഉത്തമ ഭരണത്തിന്റെ ലക്ഷണം. സമാനമായ പരിഷ്കാരങ്ങൾ ആവശ്യമായ വകുപ്പുകൾ വേറെയുമുണ്ട്.

ഇപ്പോഴത്തെ മന്ത്രിസഭയുടെ കാലത്ത് ഇനി നിയമസഭ ചേരാൻ ഇടയില്ലാത്തതിനാൽ സ്വയം സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലുള്ള കെട്ടിട നിർമ്മാണ അനുമതിയുമായി ബന്ധപ്പെട്ട ഓർഡിനൻസിനു പകരമുള്ള നിയമനിർമ്മാണം ഇനി അടുത്ത മന്ത്രിസഭയുടെ കാലത്തു മാത്രമേ സാദ്ധ്യമാവൂ. ആര് അധികാരത്തിൽ വന്നാലും അതിനു നടപടി ഉണ്ടാകണം.

തൊഴിലുറപ്പു തൊഴിലാളികൾക്കുവേണ്ടി ക്ഷേമനിധി രൂപീകരണം, സംവരണേതര ക്രിസ്ത്യൻ നാടാർ സമുദായത്തിന് ഒ.ബി.സി സംവരണം, എയ്‌ഡഡ് സ്കൂളുകളിൽ ജോലി ചെയ്യുന്ന 3441 അദ്ധ്യാപകർക്ക് നിയമനാംഗീകാരം തുടങ്ങി ചില സുപ്രധാന തീരുമാനങ്ങളും കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ കൈക്കൊണ്ടിരുന്നു. തിരഞ്ഞെടുപ്പു മുന്നിൽ കണ്ട് വിവിധ വിഭാഗക്കാരെ ആകർഷിക്കാനുദ്ദേശിച്ചുള്ളതാണ് ഇതൊക്കെയെന്ന് ആക്ഷേപം ഉയർന്നേക്കാമെങ്കിലും ഉചിതമായ തീരുമാനങ്ങളാണിതൊക്കെ.

തിരഞ്ഞെടുപ്പ് അടുത്തപ്പോഴെങ്കിലും തങ്ങളെ സർക്കാർ ഓർത്തല്ലോ എന്ന് അതിന്റെ ഗുണഭോക്താക്കൾ ആശ്വാസം കൊള്ളുന്നുണ്ടാവും. അതുപോലെ കാലാവധി തീരാറായ പി.എസ്.സി റാങ്ക് ലിസ്റ്റുകൾ ആറുമാസം ദീർഘിപ്പിക്കാനുള്ള തീരുമാനവും സർക്കാർ ഉദ്യോഗം സ്വപ്നം കണ്ടുകഴിയുന്ന യുവതീയുവാക്കൾക്ക് താത്‌കാലിക ആശ്വാസം പകരും. ഇരുനൂറ്റി അൻപതിലേറെ റാങ്ക് ലിസ്റ്റുകൾക്കാണ് മന്ത്രിസഭാ തീരുമാനമനുസരിച്ച് ആയുസ് നീട്ടിക്കിട്ടുന്നത്. റാങ്ക് ലിസ്റ്റുകൾ മുൻപിലുള്ളപ്പോൾ തന്നെ താത്‌കാലിക്കാരെ സ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളും ഒരുവശത്ത് നടക്കുന്നത് വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായിട്ടുണ്ടെന്ന വസ്തുത മറന്നുകൂടാ. സി.ഡിറ്റിലെ 114 കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം വലിയ വിമർശനം ഉയർത്തിക്കഴിഞ്ഞു.