
ഒരു തെളിവും ബാക്കിവയ്ക്കാതെ പൊലീസ് കുഴിച്ചുമൂടിയ നെടുങ്കണ്ടം കസ്റ്റഡി കൊലക്കേസിൽ, ഒമ്പത് പൊലീസുദ്യോഗസ്ഥരെ പ്രതിയാക്കിയുള്ള സിബിഐ കുറ്റപത്രം കാക്കിയുടെ ബലത്തിൽ നാട്ടുകാരോട് കൈത്തരിപ്പ് കാട്ടുന്ന പൊലീസുകാർക്കുള്ള മുന്നറിയിപ്പാണ്. നെടുങ്കണ്ടത്തെ രാജ്കുമാറിനെ ക്രൂരമായി മർദ്ദിച്ചുകൊന്ന ശേഷം, ന്യൂമോണിയയാണ് മരണകാരണമെന്നാണ് പൊലീസ് പുറത്തുപറഞ്ഞത്. കുപ്രസിദ്ധമായ ഫോർട്ട് ഉരുട്ടിക്കൊലക്കേസ്, ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് രണ്ട് പൊലീസുകാർക്ക് കൊലക്കയറൊരുക്കിട്ടും പൊലീസ് ഒരുപാഠവും പഠിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡിക്കൊല.
കസ്റ്റഡിക്കൊലകളിൽ താഴേത്തട്ടിലെ പൊലീസുകാരെ ബലിയാടാക്കുകയാണ് പതിവെങ്കിൽ, നെടുങ്കണ്ടം കേസിൽ ജില്ലാ പൊലീസ് മേധാവിയും രണ്ട് ഡിവൈ.എസ്.പിമാരും കുരുക്കിലാണ്. ഇടുക്കി ജില്ലാ പൊലീസ് മേധാവിയായിരുന്ന കെ.ബി.വേണുഗോപാൽ, ഡിവൈ.എസ്.പിമാരായ പി.പി.ഷംസ്, അബ്ദുൾ സലാം എന്നിവർക്കെതിരെ സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണ്. നെടുങ്കണ്ടം എസ്.ഐയായിരുന്ന സാബുവടക്കം ഒൻപത് പൊലീസുകാർക്കെതിരെയാണ് കുറ്റപത്രം. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറും ജയിൽ ഉദ്യോഗസ്ഥരും റിമാൻഡ് ചെയ്ത മജിസ്ട്രേറ്റുമടക്കം സി.ബി.ഐ അന്വേഷണത്തിന്റെ പരിധിയിലുണ്ട്.
ഇടുക്കിയിലെ ഹരിതാ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് പിടികൂടിയ രാജ്കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയോ കോടതിയിൽ ഹാജരാക്കുകയോ ചെയ്യാതെ നെടുങ്കണ്ടം സ്റ്റേഷനിൽ കസ്റ്റഡിയിൽ വച്ച് ഉരുട്ടൽ അടക്കം പ്രാകൃതവും ക്രൂരവുമായ മൂന്നാംമുറയ്ക്ക് വിധേയനാക്കുകയായിരുന്നു. കസ്റ്റഡി താൻ അറിഞ്ഞില്ലെന്ന് വേണുഗോപാൽ മൊഴിനൽകിയപ്പോൾ, രാജ്കുമാറിനെയും രണ്ട് സ്ത്രീകളെയും കസ്റ്റഡിയിലെടുത്ത വിവരം എസ്.പിയെ നേരിട്ട് അറിയിച്ചിരുന്നെന്ന് ഡിവൈ.എസ്.പിമാർ വെളിപ്പെടുത്തി. ഹജ്ജിന് പോകുന്നതിന് അവധി അപേക്ഷ നൽകാനെത്തിയപ്പോൾ, എസ്.പിയെ ഓഫീസിലെത്തി കണ്ട് രാജ്കുമാറിന്റെ കസ്റ്റഡിവിവരം അറിയിച്ചെന്നാണ് ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി അബ്ദുൾസലാമിന്റെ മൊഴി. പിതാവിന്റെ ഹൃദയശസ്ത്രക്രിയയ്ക്കായി അവധിയിലായിരുന്ന അന്നത്തെ കട്ടപ്പന ഡിവൈ.എസ്.പി പി.പി. ഷംസ് ഫോണിലാണ് എസ്.പിയെ വിവരമറിയിച്ചത്. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് എസ്.പി വേണുഗോപാലിന്റെ അറിവോടെയാണെന്ന് ഒന്നാംപ്രതി എസ്.ഐ.സാബുവും ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതോടെ എസ്.പി കുരുക്കിലായി.
മൊഴികൾ അവഗണിച്ച് എസ്.പിയെയും ഡിവൈ.എസ്.പിമായെയും രക്ഷിക്കുകയായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. ആരോപണ വിധേയനായ എസ്.പി വേണുഗോപാലിനെ ഇടുക്കിയിൽ നിന്ന് സ്ഥലംമാറ്റി സർക്കാർ രക്ഷിക്കുകയായിരുന്നു. അദ്ദേഹം പിന്നീട് വിരമിച്ചു.
ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടിക്കൊന്നതിന് സമാനമായി രാജ്കുമാറിനെയും മൃഗീയമായാണ് കൊലപ്പെടുത്തിയത്. നെടുങ്കണ്ടം സ്റ്റേഷനിലെ ബഞ്ചിൽകിടത്തി രാജ്കുമാറിനെ ഉരുളൻതടിയുപയോഗിച്ച് ഉരുട്ടി. തുടകളിലെ പേശികൾ ചതഞ്ഞിട്ടുണ്ട്. ഉരുളൻ തടികൊണ്ട് അമർത്തിയതിന്റെയും കുത്തിയതിന്റെയും പാടുകൾ ശരീരത്തിലുണ്ട്. കാൽവെള്ളയിൽ ഭാരമുള്ള വസ്തുകൊണ്ടടിച്ചു, കാൽവിരലുകളുടെ അസ്ഥിതകർന്നു. തട്ടിച്ചെടുത്ത പണം വീണ്ടെടുക്കാൻ മൂന്നുദിവസം അതിക്രൂരമായി മർദ്ദിച്ചതോടെ, അവശനായ രാജ്കുമാറിനെ എണ്ണയിട്ട് തിരുമ്മിയശേഷം സ്ട്രെക്ചറിൽ മജിസ്ട്രേറ്റിനു മുന്നിലെത്തിച്ചു. റിമാൻഡിലായ രാജ്കുമാർ അഞ്ചുദിവസത്തിനു ശേഷം പീരുമേട് ജയിലിൽ മരിച്ചു. സ്വയം നടക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത നിലയിൽ ജയിലിലെത്തിച്ച രാജ്കുമാറിനെ 36 മണിക്കൂറിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. ഇത് ഗുരുതര വീഴ്ചയായി. മരണകാരണം ന്യൂമോണിയയാണെന്ന് വരുത്തിത്തീർത്ത പൊലീസ്, തെളിവുകളെല്ലാം നശിപ്പിച്ചു. മർദ്ദനസമയത്ത് സി.സി.ടി.വി ഓഫാക്കിയിട്ടു. ശാസ്ത്രീയതെളിവുകൾ നഷ്ടപ്പെടാൻ മൃതദേഹം മോർച്ചറിയിലേക്ക് മാറ്രുന്നത് വൈകിപ്പിച്ചു. രേഖകളിലും തിരിമറി നടത്തി.
സാക്ഷികളായ പൊലീസുകാർ കോടതിയിൽ കൂറുമാറാനിടയുള്ളതിനാൽ ശാസ്ത്രീയ, സാഹചര്യതെളിവുകൾ കൂട്ടിയിണക്കി വേണം സി.ബി.ഐയ്ക്ക് കേസ് തെളിയിക്കാൻ. പൊലീസ് ഉന്നതരെ രക്ഷിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തെ ഹൈക്കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. പൊലീസ് അന്വേഷണം പക്ഷപാതപരമാണെന്നും രാജ്കുമാറിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയില്ലെന്നും പരിക്കുകളെക്കുറിച്ച് ജയിൽ അധികൃതർ റിപ്പോർട്ട് ചെയ്തില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അന്വേഷണത്തിൽ മന:പൂർവം വിട്ടുകളയുന്ന ചില കണ്ണികളുണ്ട്. എത്ര സാക്ഷികളെ കൊണ്ടുവന്നാലും സാഹചര്യതെളിവുകൾ മാറ്റാനാവില്ല.- ഹൈക്കോടതിയുടെ വിമർശനം ഇങ്ങനെയായിരുന്നു.
ക്വട്ടേഷൻ-മാഫിയാ-രാഷ്ട്രീയ ബന്ധങ്ങളുള്ള പൊലീസുകാരാണ് ലോക്കപ്പുകളിൽ ജീവനെടുക്കുന്ന മർദ്ദകവീരന്മാരാവുന്നത്. ലോക്കപ്പിലിട്ട് ആളെക്കൊല്ലുന്നവർക്കും ആറുമാസത്തെ സസ്പെൻഷനുശേഷം കാക്കിയിട്ട് വിലസാം. പുനലൂർ, പുന്നപ്ര, പൊൻകുന്നം, ചങ്ങരംകുളം, ബേഡകം, ഞാറയ്ക്കൽ സ്റ്റേഷനുകളിൽ മരണങ്ങളുണ്ടായി. മലപ്പുറത്തെ ചങ്ങരംകുളംസ്റ്റേഷനിൽ രണ്ടുവട്ടം കസ്റ്റഡിമരണങ്ങളുണ്ടായി. ഉദയകുമാറിന്റെയും ശ്രീജിവിന്റെയും ശ്രീജിത്തിന്റെയും കുടുംബത്തിന് 10ലക്ഷംവീതവും പുന്നപ്രയിലെ അഖിലേഷിന്റെ കുടുംബത്തിന് അഞ്ചുലക്ഷവും സർക്കാർ നഷ്ടപരിഹാരം നൽകി.
ഫോർട്ട് ഉരുട്ടിക്കൊലയിലും നെടുങ്കണ്ടത്തേതുപോലെ കള്ളക്കളിയാണ് പൊലീസ് നടത്തിയത്. ശ്രീകണ്‌ഠേശ്വരം പാർക്കിൽ കിടന്നുറങ്ങിയിരുന്ന ഉദയകുമാറിനെ മോഷണക്കുറ്റമാരോപിച്ച് പിടികൂടി ഫോർട്ട് സ്റ്റേഷനിലെത്തിച്ച് ഉരുട്ടിക്കൊന്നു. ആളുമാറിയല്ല പിടിച്ചതെന്ന് വരുത്താൻ മൃതദേഹത്തിനെതിരേ മോഷണക്കേസെടുത്തു. ഫോർട്ട്സി.ഐഓഫീസിലെ ബഞ്ചിൽ ഉരുട്ടി അവശനാക്കി ലോക്കപ്പിൽതള്ളിയ ഉദയകുമാർ, വാഹനമിടിച്ച് മരിച്ചെന്നായിരുന്നു അമ്മയെ പൊലീസ് അറിയിച്ചത്. രേഖകൾ കത്തിച്ചുകളഞ്ഞും പണമൊഴുക്കി സാക്ഷികളെ കൂറുമാറ്റിയും കള്ളക്കളി നടത്തിയിട്ടും സി.ബി.ഐ സത്യംതെളിയിച്ചു.
നിർണായകമായത്
റീ-പോസ്റ്റുമാർട്ടം
രാജ്കുമാറിന്റെ മരണകാരണം ന്യൂമോണിയയല്ല, ക്രൂരമർദ്ദനമാണെന്ന റീ-പോസ്റ്റുമാർട്ടം റിപ്പോർട്ടാണ് കേസിൽ നിർണായകമായത്. ആദ്യംകണ്ടെത്തിയ 32 മുറിവുകൾക്ക് പുറമെ 22 പുതിയ പരിക്കുകൾ റീ-പോസ്റ്റുമാർട്ടത്തിൽ കണ്ടെത്തി. ശരീരത്തിന്റെ പിൻഭാഗത്തും തുടകളിലുമുണ്ടായ ചതവുകളാണു മരണകാരണം. മർദ്ദനത്തിൽ വൃക്കയടക്കം അവയവങ്ങൾ തകരാറിലായി. തുടകളിൽ 4.5സെ.മീ കനത്തിൽ ചതവുണ്ടായി. നടുവിന് 20 സെന്റിമീറ്ററിലേറെ നീളമുള്ള ചതവേറ്റു.
എട്ട് വർഷം, കസ്റ്റഡി മരണം 13
കഴിഞ്ഞ മൂന്നുവർഷത്തെ കസ്റ്റഡി മരണങ്ങൾ ഇങ്ങനെ- രാജു (നൂറനാട്), നസീർ (ഈരാറ്റുപേട്ട), ശ്രീജിത്ത് (വരാപ്പുഴ), അബ്ദുൽ ലത്തീഫ് (വണ്ടൂർ), കാളിമുത്തു (തലശേരി). യു.ഡി.എഫ് കാലത്തെ എട്ട് കസ്റ്റഡി മരണങ്ങൾ- അലക്‌സ് പീറ്റർ (പുനലൂർ), ദീപു (കുണ്ടറ), സജി ജോൺ (പൊൻകുന്നം), അഖിലേഷ് (പുന്നപ്ര), സെബാസ്റ്റ്യൻ (ഗുരുവായൂർ), ഗോപാലൻ (പൊന്നാനി), ഹനീഷ (ചങ്ങരംകുളം), അശോക് (ആന്റി പൈറസി സെൽ)
മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു
"ലോക്കപ്പിൽ ജനങ്ങളെ തല്ലുകയും കൊല്ലുകയും ചെയ്യുന്ന പൊലീസുകാർ സർവീസിൽ ഉണ്ടാവില്ല. ഇത്തരത്തിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനെയും സർക്കാർ സംരക്ഷിക്കില്ല.