
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ഈ മാസം പകുതിയോടെ പൂർത്തിയാകും. അവസാനവട്ട വിലയിരുത്തലിനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയുടെ നേതൃത്വത്തിലുള്ള സംഘം 12ന് തിരുവനന്തപുരത്തെത്തും. ചർച്ചകൾക്കായി സംഘം 15വരെ കേരളത്തിലുണ്ടാവുമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. ഇൗ മാസം അവസാനമോ, അടുത്തമാസം ആദ്യമോ തീയതി പ്രഖ്യാപിച്ചേക്കും.
കമ്മിഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാവും.
12ന് രാത്രി എത്തുന്ന സംഘം 13ന് രാവിലെ 10ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായും പൊലീസ് നോഡൽ ഓഫീസറുമായും കൂടിക്കാഴ്ച നടത്തും. 11 മണിക്കാണ് രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായുള്ള ചർച്ച. വൈകിട്ട് 3.30ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുമായും എസ്.പിമാരുമായും ചർച്ച നടത്തും. വൈകിട്ട് 6.30ന് മറ്റു കാര്യനിർവഹണ ഏജൻസികളുമായി ആശയവിനിമയം നടത്തും.
14ന് രാവിലെ 10 മണിക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായി വീണ്ടും ചർച്ച. വൈകിട്ട് 3.30ന് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തും. വൈകിട്ട് അഞ്ചുമണിക്ക് വാർത്താസമ്മേളനവും നടത്തും. 15ന് രാവിലെ ഡൽഹിക്ക് മടങ്ങും.