
തിരുവനന്തപുരം: കാസർകോട് -തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽപാതയായ സിൽവർ ലൈൻ നാടിന് മാറ്റമുണ്ടാക്കുന്ന പദ്ധതിയാണെന്നും സർക്കാർ അതുമായി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ വ്യവസായ സംരംഭകരുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.
ഭൂമിയുടെ തരം മാറ്റുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതാണെങ്കിലും കാലതാമസം ഉണ്ടാകുന്നുണ്ട്. അത് പരിഹരിക്കും. ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി അനുവദിക്കണമെന്ന ആവശ്യം പരിശോധിക്കും. വായ്പ എടുത്തു എന്ന കാരണം കൊണ്ട് സ്ഥാപനം നശിക്കാൻ ഇടയാകരുത്. ഐ.ടി സ്ഥാപനങ്ങൾ ഷോപ്സ് ആൻഡ് എസ്റ്റാബ്ളിഷ്‌മെന്റിനു കീഴിലാണ് രജിസ്റ്റർ ചെയ്യുന്നത്. ഇത് അനുയോജ്യമായ മറ്റൊരു വിഭാഗത്തിൽ രജിസ്റ്റർ ചെയ്യുന്നത് പരിശോധിച്ച് തീരുമാനിക്കും.
നിലവിലെ വ്യവസായങ്ങളുടെ പ്രശ്നം പരിഹരിക്കാൻ സെക്രട്ടറിതല സ്റ്റാറ്റ്യൂട്ടറി കമ്മിറ്റി എന്ന യോഗത്തിലെ നിർദ്ദേശം പരിശോധിക്കും. കൊച്ചി -ബംഗളൂരു വ്യവസായ ഇടനാഴിക്കുള്ള സ്ഥലമെടുപ്പ് പുരോഗമിക്കുന്നു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, സെക്രട്ടറി മുഹമ്മദ് ഹനീഷ് എന്നിവർ സന്നിഹിതരായിരുന്നു.വ്യവസായ സംരംഭകരായ തോമസ് ജോർജ്, ദീപക് അസ്വാനി, സി. ഖാലിദ്, സി. വി. റപ്പായി, വി.കെ. വർഗീസ്, ജോസ് ഡോമിനിക്ക്, പി.കെ. അഹമ്മദ്, ഡോ. സഹദുള്ള, ജെ.കെ. മേനോൻ, നവാസ് മീരാൻ, നാരായണൻ, ജി. വിജയരാഘവൻ, സി.ഐ. ഐ പ്രതിനിധി ഗണേഷ്, വി. കെ. സി പ്രതിനിധി അബ്ദുൾ റസാഖ് എന്നിവർ സംസാരിച്ചു.