വിതുര: വിതുര - ഐസർ - ജഴ്സിഫാം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകതകൾക്ക് അടിയന്തര പരിഹാരം കാണുമെന്ന് നെടുമങ്ങാട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. 32 കോടി രൂപ വിനിയോഗിച്ച് നടപ്പാക്കുന്ന റോഡ് നവീകരണത്തിലെ പ്രശ്നങ്ങളും നാട്ടുകാർ നേരിടുന്ന ദുരിതവും ചൂണ്ടിക്കാട്ടി കേരളകൗമുദി കഴിഞ്ഞദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജും പൊതുപ്രവർത്തകരായ മക്കിയിൽ ഷംസുദ്ദീനും മരുതാമല സനൽകുമാറും അസി. എക്സിക്യൂട്ടീവ് എൻജിനിയറുമായി ചർച്ച നടത്തി. തുടർന്നാണ് പ്രശ്നങ്ങൾ പരിഹരിക്കാൻ തീരുമാനമായത്.
തേവിയോട് മുതൽ ജഴ്സിഫാം വരെയുള്ള റോഡ് വർഷങ്ങളായി തകർന്ന അവസ്ഥയിലായിരുന്നു. കേന്ദ്രസർക്കാരിന്റെ ഉന്നത പഠന ഗവേഷണ കേന്ദ്രമായ ഐസർ, ബോണക്കാട്, ചാത്തൻകോട് ടൂറിസം കേന്ദ്രങ്ങൾ, പാൽ ഉത്പാദനകേന്ദ്രമായ ജഴ്സി ഫാം എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയാണിത്. റോഡിന്റെ ശോച്യാവസ്ഥ കാരണം നിരവധി അപകടങ്ങളാണ് ഉണ്ടായത്. ഐസറിലം നിർമ്മാണ പ്രവർത്തനങ്ങൾക്കായി സാധനങ്ങൾ കൊണ്ടുവന്ന ലോറികൾ റോഡിലെ കുഴികളിൽ വീണ് പലവട്ടം അപകടങ്ങളും ഗതാഗത തടസവും ഉണ്ടായി. മഴക്കാലത്ത് റോഡ് ചെളിക്കുളമാകുന്നതും പ്രധാന പ്രശ്നമായിരുന്നു. അപകടങ്ങൾ പതിവായതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ കുഴിനികത്തിയതല്ലാതെ അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിരുന്നത്. പ്രതിഷേധം ശക്തമായതോടെ ഉന്നത നിലവാരത്തിൽ റോഡ് നവീകരിക്കാൻ തീരുമാനമാകുകയായിരുന്നു.
വഴിത്തിരിവായി കേരളകൗമുദി വാർത്ത
റോഡ് നിർമ്മാണം ആരംഭിച്ചപ്പോൾ വീതി കൂട്ടുന്നതിനായി തേവിയോട് മുതൽ ജഴ്സിഫാം വരെയുള്ള റോഡരികിലെ മൺതിട്ടകൾ വ്യാപകമായി ഇടിച്ചു നിരത്തി. പടിക്കെട്ടുകൾ വരെ ഇടിച്ചിട്ടതോടെ ജനങ്ങൾക്ക് വീട്ടിലേക്കു കയറാനും ഇറങ്ങാനും കഴിയാത്ത അവസ്ഥയായി. പടിക്കെട്ടുകൾ നിർമ്മിച്ചു നൽകുമെന്ന് വാഗ്ദാനം നടത്തിയെങ്കിലും ഇതും പാലിക്കപ്പെട്ടില്ല. മാത്രമല്ല തിട്ടകൾ അശാസ്ത്രീയമായ രീതിയിൽ ഇടിച്ചതോടെ അനവധി വീടുകൾ നിലംപൊത്തുന്ന അവസ്ഥയിലുമായി. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കേരളകൗമുദിയിലെ വാർത്ത. വാർത്ത വഴിത്തിരിവായതോടെ ഇന്നലെ മുതൽ നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകതകൾ പരിഹരിച്ചു തുടങ്ങി.