kozhy

വർക്കല: കൂട്ടമായെത്തിയ തെരുവ് നായ്ക്കൾ വീട്ടിലെ കോഴിക്കൂട് തകർത്ത് 25ഓളം കോഴികളെ കൊന്നു. മുണ്ടയിൽ ശ്രീ അമ്പാടിയിൽ ലെനിന്റെ വീട്ടിലെ കോഴിക്കൂടാണ് തെരുവ് നായ്ക്കൾ തകർത്തത്.

45 കോഴികളാണ് കൂട്ടിലുണ്ടായിരുന്നത്. 25 എണ്ണം ചത്തു. 15 എണ്ണം മൃതപ്രായമായ നിലയിലും.

30 ഓളം തെരുവ് നായ്ക്കളുടെ സംഘമാണ് വീടിന്റെ മതിൽക്കെട്ടിനകത്ത് കയറി കോഴിക്കൂട് തകർത്ത് കോഴികളെ കൊന്നത്.

തെരുവ് നായ്ക്കളെ ഓടിക്കാൻ ശ്രമിച്ച ഗൃഹനാഥനെ നായ്ക്കൾ ആക്രമിക്കാനൊരുങ്ങി. 14 വയസുള്ള മകൾക്ക് തലേദിവസം തെരുവ് നായ്ക്കളുടെ കടിയേറ്റിരുന്നു. തൊട്ടടുത്ത വീട്ടിലെ രണ്ട് കുട്ടികൾക്ക് നേരെയും തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായി. കൂട്ടത്തോടെ അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കളെക്കൊണ്ട് നാട്ടുകാർ പൊറുതി മുട്ടിയിരിക്കുകയാണ്. പെറ്റുപെരുകുന്ന തെരുവ് നായ്ക്കളുടെ വംശവർദ്ധന തടയാനുള്ള നടപടിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.