pinarayi

തിരുവനന്തപുരം: അടിസ്ഥാന സൗകര്യവികസനത്തിനായി സംസ്ഥാനത്ത് പല മേഖലകളിലും സിയാൽ മോഡൽ സംരംഭങ്ങൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മസ്കറ്റ് ഹോട്ടലിൽ വ്യവസായസംരംഭകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

എച്ച്.എൻ.എല്ലിന്റെ സ്ഥലത്ത് സിയാൽ മോഡലിൽ റബർ പാർക്ക് ആരംഭിക്കും. ബേപ്പൂർ, അഴീക്കൽ, കൊല്ലം തുറമുഖ വികസനവും വേഗത്തിലാക്കും. പ്രവാസികൾക്ക് വ്യവസായം ആരംഭിക്കാൻ സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഡിജിറ്റൽ സർവകലാശാലയിലൂടെ ഈ മേഖലയിൽ വലിയ മുന്നേറ്റം സാദ്ധ്യമാകും. വിവിധ തൊഴിൽ മേഖലയിലുള്ളവരുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി തൊഴിലാളികളുടെ പോർട്ടൽ ആരംഭിക്കും.

ആരോഗ്യ, കാർഷിക മേഖലകളിൽ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ പ്രവർത്തനം ഊർജിതമാക്കും. തോട്ടം മേഖലയിൽ ഫലവൃക്ഷങ്ങളുടെ കൃഷി ആരംഭിക്കാമെന്നത് അംഗീകരിച്ചിട്ടുണ്ട്. വിവിധ വ്യവസായങ്ങൾക്ക് ആവശ്യമുള്ള തരത്തിൽ ഉന്നതവിദ്യാഭ്യാസ രംഗത്ത് മാറ്റം വരുത്തും. വ്യവസായ സ്ഥാപനങ്ങളുമായി ചർച്ച ചെയ്ത് കോഴ്സുകൾക്ക് അന്തിമരൂപം നൽകും. ഉന്നത വിദ്യാഭ്യാസ സമിതികളിൽ വ്യവസായികളെക്കൂടി ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.