1

പൂവാർ: കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ നേതൃത്വത്തിൽ ജില്ലാ ശിശുസംരക്ഷണ യൂണിറ്റും പൂവാർ ഗ്രാമപഞ്ചായത്തും സംയുക്തമായി ബാല സുഹൃദ കേരളം പദ്ധതി പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നടന്നു. പൂവാർ ശ്രുതി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ അദ്ധ്യക്ഷഷനായി. ആശംസകൾ അർപ്പിച്ചുകൊണ്ട് ബാല സൗഹൃദ കേരളം ബ്രാന്റ് അംബാസഡർ പ്രൊ. ഗോപിനാഥ് മുതുകാട്, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ. ബെൻ ഡാർവിൻ, പൂവാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ. ലോറൻസ്, ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ്. പ്രേം തുടങ്ങിയവർ സംസാരിച്ചു. ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗങ്ങളായ കെ. നസീർ, റെനി ആന്റണി, പി.പി. ശ്യാമളാദേവി, വി. വിജയകുമാർ, കമ്മിഷൻ സെക്രട്ടറി അനിതാ ദാമോധരൻ, ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൻ എൻ. സുനന്ദ, പൂവാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സീനത്ത് ജിസ്തി, സംസ്ഥാന ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജുഖാൻ, പൂവാർ സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഐ.എസ്. ജവഹർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. തുടർന്ന് ജില്ലയിലെ പഞ്ചായത്ത് -വാർഡുതല ബോധവത്കരണവും ബാലസംരക്ഷണസമിതികളുടെ ശാക്തീകരണവും ലക്ഷ്യമാക്കി സെമിനാർ സംഘടിപ്പിച്ചു. നാല് സെക്ഷനുകളിലായി നടന്ന സെമിനാറിൽ ബാല സുഹൃദ കേരളം - സമൂഹത്തിന്റെ ഉത്തരവാദിത്വം, ബാലസംരക്ഷണ നിയമങ്ങൾ ഒരു അവലോകനം, ജില്ലയിൽ നടപ്പാക്കി വരുന്ന കുട്ടികളുടെ ക്ഷേമപദ്ധതികൾ, ബാല സൗഹൃദ തദ്ദേശഭരണ സമീപനങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. പൂവാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ. ലോറൻസ് അദ്ധ്യക്ഷനായ സമാപന സമ്മേളനത്തിൽ ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർമാൻ കെ.വി. വിനോദ് കുമാർ സമാപന സന്ദേശം നൽകി.