
കോട്ടയം: പെൺകുട്ടികളെയും യുവതികളെയും വലയിലാക്കാൻ സൈബർ സംഘങ്ങൾ സജീവമായി രംഗത്തുണ്ടെന്ന് പൊലീസ്. അടുത്തിടെ നടന്ന സംഭവങ്ങൾ അന്വേഷിച്ചിറങ്ങിയ പൊലീസാണിത് കണ്ടെത്തിയത്. പല പീഡനക്കേസുകളുടെയും പിറകിൽ ഇത്തരം സംഘങ്ങളുടെ ഇടപെടൽ ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് ജാഗ്രതാ നിർദ്ദേശങ്ങളുമായി പൊലീസ് രംഗത്തെത്തിയത്.
ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച യുവാവ് കഴിഞ്ഞ ദിവസം 17കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി.
വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെ യുവാവ് കാലുമാറുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് വാഗമൺ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ പല യുവതികളുമായും സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമായി. ഇത്തരം സംഭവങ്ങൾ വർദ്ധിച്ചിരിക്കുകയാണെന്നും ഓൺലൈനിലൂടെയുള്ള ചതികൾ അതിരുവിടുകയാണെന്നും പൊലീസ് പറയുന്നു.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം, വാട്ട്സാപ്പ് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് സൈബർ സംഘം പെൺകുട്ടികളെയും യുവതികളെയും വേട്ടയാടുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായവരെ കണ്ടെത്തിയാണ് സംഘം വലവീശുന്നത്.
ഇവരുമായി സംഘം ബന്ധപ്പെടും. സൗഹൃദം സ്ഥാപിക്കുന്നതോടെ സംഘം പിടിമുറുക്കുകയാണ് ചെയ്യുന്നത്. നടീ-നടന്മാരുടെ ഫാൻസ് അസോസിയേഷനുകളിൽ അംഗങ്ങളാക്കാമെന്ന് പറഞ്ഞാവും ക്ഷണിക്കുക. തുടർന്ന് ഫോട്ടോ അയച്ചുകൊടുക്കാൻ ആവശ്യപ്പെടും. ഇത് അയച്ചുകൊടുത്താൽ സ്വകാര്യ ചിത്രങ്ങളാവും ആവശ്യപ്പെടുക.
ഇതിന് പല പെൺകുട്ടികളും വഴങ്ങില്ല. ഇതോടെ സൈബർ സംഘം ചുവടുമാറ്റും. ചിത്രം മോർഫ് ചെയ്ത് അയച്ചുകൊടുക്കും. അതോടൊപ്പം ഭീഷണിയും. അതോടെ സംഘത്തിന്റെ കെണിയിൽ വീഴും. ചതിയിലകപ്പെടുകയും ചെയ്യും. ഇതാണ് ഇവരുടെ രീതി.
കൊവിഡ് സാഹചര്യത്തെ തുടർന്ന് പഠനം ഓൺലൈനിലായതോടെ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം വളരെ കൂടി. മാതാപിതാക്കളും മൊബൈൽ ഫോൺ ഉപയോഗത്തെ ശ്രദ്ധിക്കാതെയായി.
ഇതോടെയാണ് കൂടുതൽ പെൺകുട്ടികൾ കെണിയിൽ അകപ്പെടുന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
ഇന്റർനെറ്റിൽ സ്വകാര്യചിത്രങ്ങൾ അയച്ചു നല്കിയാൽ അതിൽനിന്ന് മോചനം ഉണ്ടാവില്ല. അവ തിരിച്ചെടുക്കാനും കഴിയില്ല. പൂർണമായും ഡിലിറ്റ് ചെയ്യാനും സാധിക്കില്ല. ആർക്കെങ്കിലും സ്വകാര്യ ചിത്രങ്ങൾ അയച്ചുകൊടുത്താൽ അയാൾ അത് ആർക്കാണ് ഫോർവേഡ് ചെയ്യുകയെന്ന് അറിയാനും സാധിക്കില്ല.
സമൂഹമാദ്ധ്യമ ഉപയോഗത്തിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്തുകയാണ് വേണ്ടതെന്നും അപരിചിതരുമായി ചങ്ങാത്തം സ്ഥാപിക്കുമ്പോൾ പ്രത്യേകം ശ്രദ്ധവേണമെന്നും പൊലീസ് മുന്നറിയിപ്പ് നല്കുന്നു.