
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പർ എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ ഇതുവരെയും പ്രസിദ്ധീകരിച്ചില്ല.
കഴിഞ്ഞ മാസം 20ന് എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ മാതൃകാ ചോദ്യപേപ്പർ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും ഇതിൽ ചോദ്യങ്ങളില്ലായിരുന്നു. നിർദേശങ്ങളും ചോദ്യനമ്പറുകളും മാത്രമായി പുറത്തിറക്കിയ ചോദ്യപേപ്പർ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും പ്രതിഷേധത്തെത്തുടർന്ന് പിൻവലിച്ചു.
മാർച്ച് ഒന്നു മുതലാണ് പത്താം ക്ലാസ് മോഡൽ പരീക്ഷ ആരംഭിക്കുന്നത്. കൊവിഡ് സാഹചര്യത്തിൽ സ്കൂളിൽ പോയി പഠിക്കാൻ സാധിക്കാത്തതിനാൽ മാതൃകാ ചോദ്യങ്ങൾ അടിസ്ഥാനമാക്കി പരീക്ഷയ്ക്ക് ഒരുങ്ങാമെന്ന് പ്രതീക്ഷിച്ച വിദ്യാർത്ഥികൾക്കും തിരിച്ചടിയായി.
ചോദ്യങ്ങളില്ലാത്ത ചോദ്യപേപ്പർ പിൻവലിച്ചെങ്കിലും , സൈറ്റിൽ ഇത് വീണ്ടും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചോദ്യങ്ങളുൾപ്പെടുന്ന മാതൃക ഉടൻ പ്രസിദ്ധീകരിക്കണമെന്നാണ് വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും ആവശ്യം.