ldf-udf

തിരുവനന്തപുരം: ശബരിമല പ്രശ്നത്തെ സംവാദ വിഷയമാക്കി നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ വഴിതെറ്റിക്കാനുള്ള യു.ഡി.എഫ് തന്ത്രം കേരള ജനത തള്ളിക്കളയുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. സുപ്രീംകോടതിയുടെ വിശാലബെഞ്ചിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ കോടതി തീരുമാനമെടുത്ത് കഴിഞ്ഞാലേ എന്ത് നടപടിയെടുക്കണമെന്ന വിഷയം ഉദ്ഭവിക്കൂ. തുടർന്ന് എന്തു വേണമെന്നതിൽ എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്തി യോജിച്ച ധാരണയുണ്ടാക്കണമെന്നാണ് സി.പി.എമ്മിന്റെ അഭിപ്രായം. ഉമ്മൻചാണ്ടി പ്രചാരണകമ്മിറ്റിയുടെ നേതൃത്വം ഏറ്റെടുത്ത ശേഷം തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള എളുപ്പവഴിയായാണ് യു.ഡി.എഫ് ഈ വിഷയം ഏറ്റെടുത്തിരിക്കുന്നത്.

സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നിലുള്ള വിഷയത്തിൽ നിയമനിർമ്മാണം അസാദ്ധ്യമാണെന്ന് ഭരണഘടനയെക്കുറിച്ചറിയാവുന്ന ആർക്കും മനസിലാകുമെന്നും, യു.ഡി.എഫ് നിലപാട് ജനങ്ങളെ കബളിപ്പിക്കാനാണെന്നും പിന്നീട് വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു.

പ്രസ്താവനയിലെ വിശദീകരണത്തെപ്പറ്റി വാർത്താസമ്മേളനത്തിൽ വിജയരാഘവൻ തുടക്കത്തിൽ പരാമർശിച്ചില്ല. വാർത്താലേഖകർ ചോദിച്ചപ്പോൾ ആദ്യ പ്രതികരണം ഇങ്ങനെ: "മാന്യസുഹൃത്തുക്കൾ സത്യസന്ധരും സത്യാന്വേഷികളുമായതിനാൽ, പറയുന്ന കാര്യങ്ങൾ ശരിയല്ലാതെ റിപ്പോർട്ട് ചെയ്തേക്കാം. അതൊഴിവാക്കാനാണ് വാർത്താക്കുറിപ്പിൽ വിശദമായി പ്രതിപാദിച്ചത്. അതിലെല്ലാം വ്യക്തമാക്കിയിട്ടുണ്ട്." ചോദ്യമാവർത്തിച്ചപ്പോൾ അദ്ദേഹം കൂടുതൽ വിശദീകരണത്തിന് തയാറായി.എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്തി തീരുമാനമെടുക്കാമെന്ന നിലപാട് നേരത്തേ ഉണ്ടായില്ലല്ലോ എന്ന് ചോദിച്ചപ്പോൾ, നേരത്തേ എന്തുകൊണ്ട് നിങ്ങൾ ജനിച്ചില്ലെന്ന് ആരും ചോദിക്കാറില്ലല്ലോ എന്നായിരുന്നു മറുപടി.

സുധാകരന്റെ പ്രസ്താവന ഹീനം

പാർലമെന്റംഗം കൂടിയായ കോൺഗ്രസ് നേതാവ് കെ. സുധാകരൻ മുഖ്യമന്ത്രിക്കെതിരെ അത്യന്തം ഹീനമായ പ്രസ്താവനയാണ് നടത്തിയതെന്ന് വിജയരാഘവൻ പറഞ്ഞു.ആധുനിക സമൂഹത്തിൽ സാധാരണ ഉപയോഗിക്കാത്ത രീതിശാസ്ത്രമാണ് മുഖ്യമന്ത്രിയെ അധിക്ഷേപിക്കാൻ സുധാകരൻ പ്രയോഗിച്ചത്.അതിൽ കോൺഗ്രസിന്റെ നിലപാട് വ്യക്തമാക്കണം.