
ചിറയിൻകീഴ്: തീരദേശ മേഖലയിലെ ഗ്രാമപഞ്ചായത്തുകളിലൊന്നായ അഴൂർ ഗ്രാമപഞ്ചായത്തിൽ പൊതുശ്മശാനം വേണമെന്നാവശ്യം ശക്തമാകുന്നു. പഞ്ചായത്തിലെ കോളനികളിലടക്കം ധാരാളം നിർദ്ധനർ ഈ മേഖലയിലുണ്ട്. ഇവിടെ ഒട്ടേറെ കുടുംബംഗങ്ങൾ രണ്ടും മൂന്നും സെന്റുകളിലാണ് വീടുകൾ കെട്ടി അന്തിയുറങ്ങുന്നത്. ദൈനംദിന കാര്യങ്ങൾക്ക് തന്നെ സ്ഥലം അപര്യാപ്തമായ ഇത്തരം വീടുകളിൽ താമസിക്കുന്നവർക്ക് വീട്ടിൽ ഒരു മരണം നടക്കുമ്പോൾ വീട്ടുവളപ്പിൽ സംസ്കരിക്കേണ്ടി വരുന്നത് പലപ്പോഴും കീറാമുട്ടിയാകാറുണ്ട്.
പഞ്ചായത്തിൽ ശ്മശാനം ഇല്ലാത്തതിനാൽ ഇത്തരം കുടുംബംഗങ്ങൾക്ക് ആറ്റിങ്ങലിലോ തിരുവനന്തപുരത്തോയുള്ള ശ്മശാനങ്ങളെ ആശ്രയിക്കേണ്ട അസ്ഥയാണ്.
പഞ്ചായത്ത് കേന്ദ്രീകരിച്ച് ഇവിടെ പൊതുശ്മശാനം വേണമെന്നാവശ്യത്തിന് ഒരു വ്യാഴവട്ടക്കാലത്തിലേറെ പഴക്കമുണ്ട്.
മുൻകാലങ്ങളിൽ പഞ്ചായത്ത് ഭരണസമിതി പൊതുശ്മശാനം നിർമിക്കാനായി തുക വകയിരുത്തിയെങ്കിലും ഇതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ സാധിച്ചില്ല. കഴിഞ്ഞ ഭരണസമിതിയും ഇതിനുവേണ്ടി ശ്രമിച്ചെങ്കിലും ശ്മശാനം എന്ന ആവശ്യം യാഥാർത്ഥ്യമാക്കാൻ സാധിച്ചില്ല. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ ശ്മശാനത്തിനായി നോക്കിയെങ്കിലും മാലിന്യ പ്രശ്നവും മറ്റ് പല കാരണങ്ങളും കാട്ടി നാട്ടുകാർ എതിർപ്പ് പ്രകടിപ്പിക്കുന്നത് പഞ്ചായത്തിനും ഈ പദ്ധതി നടപ്പിലാക്കുന്നതിന് തടസമാവുകയാണ്. ഈ ഭരണസമിതിയുടെ സമയത്തെങ്കിലും ശ്മശാനം യാഥാർത്ഥ്യമാകുമോയെന്ന കാത്തിരിപ്പിലാണ് പഞ്ചായത്ത് നിവാസികൾ.
അഴൂർ പഞ്ചായത്ത് - 18 വാർഡുകൾ
കുടുംബങ്ങൾ - 3500 ലധികം
സ്ഥലം കണ്ടെത്തലാണ് പഞ്ചായത്ത് ഭരണസമിതി നേരിടുന്ന വലിയ വെല്ലുവിളി.
പ്രധാന പ്രശ്നം
പഞ്ചായത്തിലെ പല വാർഡുകളും കായൽത്തീരത്തായതിനാൽ വസ്തുക്കളുള്ള വീടുകളിൽ പോലും വെള്ളക്കെട്ടിലാണ്. മഴക്കാലമായാൽ പഞ്ചായത്തിലെ പല താഴ്ന്ന വസ്തുക്കളും വെള്ളക്കെട്ടാകും. അപ്പോ സംസ്കാരവും പ്രശ്നമാകും.
അഴൂർ ഗ്രാമപഞ്ചായത്തിൽ പൊതു ശ്മശാനം നിർമിക്കാൻ ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതർ മുൻ കൈ എടുക്കണം.
അഴൂർ ബിജു, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് മെമ്പർ