
തിരുവനന്തപുരം: വാട്ടർ അതോറിട്ടിയും കെ.എസ്.ഇ.ബിയും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ ശനിയാഴ്ച പ്രഖ്യാപിച്ച കുടിവെള്ള മുടക്കം ഉപേക്ഷിച്ചു. 6ന് ജലവിതരണം മുടങ്ങുമെന്നായിരുന്നു വാട്ടർ അതോറിട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. അരുവിക്കരയിലെ 110 കെ.വി. സബ്സ്റ്റേഷനിൽ കെ.എസ്.ഇ.ബിയുടെ അടിയന്തര അറ്റകുറ്റപണി നടക്കുന്നതിനാലാണ് ജലവിതരണം തടസപ്പെടുന്നതെന്നാണ് ജല അതോറിറ്റി അറിയിച്ചത്.
വാർത്ത ശ്രദ്ധയിൽപ്പെട്ട കെ.എസ്.ഇ.ബി സോഷ്യൽ മീഡിയയിലൂടെ ഇത് നിഷേധിച്ചു. കെ.എസ്.ഇ.ബിയെ പഴിചാരി നഗരത്തിലെ കുടിവെള്ളം മുട്ടിക്കരുതെന്നായിരുന്നു ചിലർ പ്രചാരണം നടത്തിയത്. അരുവിക്കര സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടന്നാലും നെടുമങ്ങാട് സബ് സ്റ്റേഷനിൽ നിന്നുള്ള രണ്ട് ഫീഡറുകൾ സ്റ്റാൻഡ് ബൈയായി അരുവിക്കര പമ്പ് ഹൗസിൽ ഉണ്ടെന്നായിരുന്നു ഇവരുടെ വാദം. ഇക്കാര്യം ജല അതോറിറ്റിക്കും അറിയാമെന്നും കുപ്പിവെള്ള പ്ളാന്റിന്റെ ജോലിമൂലമാണ് പമ്പിംഗ് നിറുത്തിവയ്ക്കേണ്ടി വരുന്നതെന്നും ഇവർ പറയുന്നു.
ഇതിന് പിന്നാലെയാണ് ശനിയാഴ്ച കുടിവെള്ളം മുടങ്ങില്ലെന്ന അറിയിപ്പുമായി വാട്ടർ അതോറിട്ടി എത്തിയത്. 6ന് കെ.എസ്.ഇ.ബി നടത്താൻ നിശ്ചയിച്ചിരുന്ന അടിയന്തര അറ്റകുറ്റപ്പണികൾ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചിട്ടുള്ളതിനാൽ അരുവിക്കരയിലെ 86, 74 എം.എൽ.ഡി ശുദ്ധീകരണശാലകളുടെ പ്രവർത്തനം സാധാരണനിലയിൽ നടക്കുമെന്നും ജലവിതരണത്തിന് മുടക്കം ഉണ്ടാകില്ലെന്നുമാണ് വാട്ടർ അതോറിട്ടി അറിയിച്ചത്.