
കോവളം: നീണ്ടകാത്തിരിപ്പിനൊടുവിൽ തിരുവല്ലത്തെ സബ് രജിസ്ട്രാർ ഓഫീസ് നിർമ്മാണത്തിന് ജീവൻ വയ്ക്കുന്നു. കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ രാവിലെ 11ന് മന്ത്രി ജി. സുധാകരൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. പുരാവസ്‌തു വകുപ്പ് അധികൃതരുടെ അനുമതി വൈകിയതും കിഫ്ബിയുടെ മെല്ലെപ്പോക്കുമാണ് നിർമ്മാണത്തിന് തിരിച്ചടിയായത്. കൊവിഡ് വ്യാപനം രൂക്ഷമായതും മറ്റൊരു പ്രശ്നമായിരുന്നു.
കാലപ്പഴക്കത്തെ തുടർന്ന് ജീർണാവസ്ഥയിലായ പഴയ സബ് രജിസ്ട്രാർ ഓഫീസിൽ ജീവനക്കാരും പൊതുജനങ്ങളും വലിയ ബുദ്ധിമുട്ടാണ് നേരിട്ടിരുന്നത്. കെട്ടിടം പുതുക്കി പണിയുന്നതിന്റെ ഭാഗമായി 2018 സെപ്തംബർ 20 മുതൽ ഓഫീസിന്റെ പ്രവർത്തനം മേനിലത്തെ സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്രിയിരുന്നു. ഇതിന്റെ വാടകയിനത്തിൽ പ്രതിമാസം 30,000 രൂപയാണ് ചെലവിട്ടിരുന്നത്. പഴയ ഓഫീസിൽ നിന്ന് ഒന്നരക്കിലോമീറ്റർ അകലെയായിരുന്നു ഈ കെട്ടിടം. എന്നാൽ തിരുവല്ലം - മേനിലം റൂട്ടിൽ കെ.എസ്.ആർ.ടി.സി അടക്കമുള്ള സർവീസുകൾ വിരളമായിരുന്നത് ജനങ്ങൾക്ക് തിരിച്ചടിയായി. കാൽനടയായാണ് പലരും ഓഫീസിലേക്ക് എത്തിയിരുന്നത്. ഇതിന് പരിഹാരമായി പുതിയ ഓഫീസിന്റെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ നടപടികൾ ഫയലിൽ ഉറങ്ങിയതാണ് തിരിച്ചടിയായത്. വിഷയങ്ങൾ ചൂണ്ടിക്കാട്ടി നിരവധി തവണ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
നിർമ്മാണം രണ്ട് നിലകളിൽ
കിഫ്ബിയിൽ നിന്ന് അനുവദിച്ച 1.35 കോടി ചെലവിട്ട് രണ്ട് നിലകളിലായാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്. 3530 സ്ക്വയർ ഫീറ്റിലുള്ള പുതിയ മന്ദിരത്തിൽ റെക്കോർഡ്‌സ് റൂം, ടോയ്ലെറ്റുകൾ, സബ് രജിട്രാറുടെ ഓഫീസ്, വിശാലമായ ഓഫീസ് റൂം, ജനസേവന കേന്ദ്രം, വിശ്രമ മുറി, ജീവനക്കാർക്ക് കാബിനുകൾ, ഫ്രണ്ട് ഓഫീസ്, രേഖകളും ഫയലുകളും സൂക്ഷിക്കാനുള്ള സൗകര്യം, കോൺഫറൻസ് ഹാൾ എന്നിവ ഉണ്ടാകും.
ആരംഭിച്ചത് 1962ൽ
1962ലാണ് 25 സെന്റ് ഭൂമിയിൽ തിരുവല്ലം സബ് രജിസ്ട്രാർ ഓഫീസ് ആരംഭിച്ചത്. തിരുവല്ലം, വെങ്ങാനൂർ വില്ലേജുകളുടെ പരിധിയിൽ വരുന്ന ആധാരം, ബാങ്ക് ചിട്ടി തുടങ്ങിയവയുടെ രജിസ്‌ട്രേഷൻ ഇവിടെയാണ് നടക്കുന്നത്. സബ് രജിസ്ട്രാർ ഉൾപ്പെടെ 8 ജീവനക്കാരും 50 ഓളം ആധാരമെഴുത്തുകാരുമാണ് ഈ ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. പ്രതിമാസം ഒരു കോടിയോളം രൂപയുടെ രജിസ്‌ട്രേഷൻ ഇടപാടുകൾ ഇവിടെ നടക്കുന്നുണ്ട്.
"ഓഫീസ് മേനിലത്തായപ്പോൾ പലർക്കും വന്നുപോകാൻ കഴിയാത്ത സ്ഥിതിയായിരുന്നു. നിർമ്മാണം പൂർത്തിയാൽ ഇടപാടുകാരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും. "പി.എസ്. അനിൽകുമാർ, രജിസ്ട്രാർ