
തിരുവനന്തപുരം:ഐ.ടി മേഖലയുടെ വളർച്ച ത്വരിതപ്പെടുത്താൻ കൂടുതൽ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പള്ളിപ്പുറം ടെക്‌നോസിറ്റിയിലെ കബനി ഐ.ടി സമുച്ചയത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ദീർഘവീക്ഷണത്തോടെയുള്ള പദ്ധതിയാണ് ടെക്നോസിറ്റി.ഇതുവഴി ഐ.ടി മേഖലയിൽ കൂടുതൽ നിക്ഷേപം ആകർഷിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാകും.15000 പേർക്ക് തൊഴിൽ നൽകുന്ന കരാറാണ് കഴിഞ്ഞദിവസം ടാറ്റാ കൺസൾട്ടൻസിയുമായി ഒപ്പിട്ടത്. നൂതന സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായ നാലാം വ്യാവസായിക വിപ്ലവത്തിന്റെ പടിക്കലാണ് നാം. അതിന്റെ പ്രയോജനം കേരളത്തിനും ലഭിക്കാനുതകുന്ന സൗകര്യങ്ങളാണ് ടെക്‌നോസിറ്റിയിൽ ഒരുക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടെക്‌നോപാർക്കിൽ നിലവിലുള്ള 100 ലക്ഷം ചതുരശ്ര അടി ഐ.ടി സമുച്ചയങ്ങൾക്ക് പുറമേയാണ് ടെക്‌നോസിറ്റി കാമ്പസിൽ കബനിയെന്ന പുതിയ മന്ദിരം ഒരുങ്ങിയത്.കബനിയിൽ രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്. പ്ലഗ് ആന്റ് പ്ലേ സൗകര്യങ്ങളും ഐ.ടി/ഐ.ടി.ഇ.എസ് കമ്പനികൾക്കുള്ള വാം ഷെല്ലും പുതിയ മന്ദിരത്തിലുണ്ട്.ചടങ്ങിൽ സി. ദിവാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.