rajesh

തിരുവനന്തപുരം: ഉയർന്ന അക്കാഡമിക് യോഗ്യതകളുള്ളവരെ മറികടന്ന് മുൻ എം.പി എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് സംസ്‌കൃത സർവകലാശാല മലയാള വിഭാഗത്തിൽ അസി. പ്രൊഫസർ ഇന്റർവ്യൂവിൽ ഒന്നാം റാങ്ക് നൽകിയതിൽ അട്ടിമറിയുണ്ടെന്ന് ഗവർണർക്ക് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൽ കമ്മിറ്റി പരാതി നൽകി.

അക്കാഡമിക് മികവും അദ്ധ്യയന പരിചയവും അംഗീകൃതഗവേഷണ പ്രബന്ധങ്ങളുമുള്ളവരെ ഒഴിവാക്കിയാണ് രാജേഷിന്റെ ഭാര്യയ്ക്ക് മുസ്ലിം സംവരണ ക്വോട്ടയിൽ ഒന്നാം റാങ്ക് നൽകിയത്. ഗവ. കോളേജുകളിലെ അസി. പ്രൊഫസർ തസ്തികകളിലേക്ക് പി.എസ്.സി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ ഇവർക്ക് 212-ാം റാങ്കായിരുന്നു. ഈ പട്ടികയിൽ ഉയർന്ന റാങ്കുള്ളവർ പങ്കെടുത്ത ഇന്റർവ്യൂവിലാണ്, മുൻ എം.പിയുടെ ഭാര്യയ്ക്ക് ഒന്നാം റാങ്ക് നൽകിയത്. കാലിക്ക​റ്റ് സർവകലാശാലയിലെ സീനിയർ പ്രൊഫസർമാരുൾപ്പെട്ട ഇന്റർവ്യൂ ബോർഡ് മ​റ്റൊരു ഉദ്യോഗാർത്ഥിക്കാണ് ഒന്നാം റാങ്ക് ശുപാർശ ചെയ്തത്. എന്നാൽ ബാഹ്യ സമ്മർദത്തിന്റെ പേരിൽ അവരെ രണ്ടാം സ്ഥാനത്തേക്ക് തഴഞ്ഞാണ് എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് ഒന്നാം റാങ്ക് നൽകിയത്. ഈ തിരിമറിയെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് സേവ് യൂണിവേഴ്സി​റ്റി കാമ്പെയിൻ കമ്മി​റ്റി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജിർഖാനും പരാതി നൽകിയത്.