
തിരുവനന്തപുരം: ഒരേ ആളുകൾ എപ്പോഴും സ്ഥാനാർത്ഥിയാവുകയെന്നതല്ല പാർട്ടി നിലപാടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചവരെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പരിഗണിക്കേണ്ടെന്ന് തീരുമാനിച്ചോയെന്ന ചോദ്യത്തിന് മറുപടിയായാണ് പ്രതികരണം.
മികവുറ്റവരും എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിദ്ധ്യമുള്ളവരുമായ സ്ഥാനാർത്ഥികളുടെ പാനൽ തയ്യാറാക്കും. തുടർച്ചയായി രണ്ടു തവണ മത്സരിച്ച് ജയിച്ചവരെ മാറ്റുന്നത് പാർട്ടിയിൽ സാധാരണമാണ്. എന്നാൽ സർക്കാരിൽ പ്രവർത്തിക്കാൻ അനുഭവസമ്പത്തിനെ ഉപയോഗപ്പെടുത്താറുണ്ട്.
സീറ്റ് വിഭജനത്തിൽ ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ച എപ്പോൾ വേണമെങ്കിലും നടത്താമെന്നതേയുള്ളൂ. മണ്ഡലങ്ങളെപ്പറ്റിയൊന്നും ചർച്ച തുടങ്ങിയിട്ടില്ലെന്ന്, പാലായെപ്പറ്റി ചോദിച്ചപ്പോൾ വിജയരാഘവൻ പറഞ്ഞു.
കോൺഗ്രസ് നേതാക്കളുടെ പാണക്കാട് സന്ദർശനത്തെപ്പറ്റിയുള്ള പരാമർശത്തിന്റെ പേരിൽ പാർട്ടി തന്നെ തിരുത്തിയെന്ന വാർത്ത വസ്തുതാവിരുദ്ധമാണ്. വ്യക്തികൾക്ക് ദൗർബല്യം സംഭവിക്കുമ്പോൾ പാർട്ടി തിരുത്തും. കമ്മ്യൂണിസ്റ്റുകാരൻ എന്ന അഭിമാനബോധമുള്ളവർക്കെല്ലാം, തങ്ങളെ തിരുത്തി ശരിയായ ദിശയിലേക്ക് പോകാൻ പാർട്ടി നിർദ്ദേശിക്കുന്നത് പ്രചോദനമാണ്.
പി.എസ്.സി വഴി ഏറ്റവുമധികം നിയമനം നടത്തിയ സർക്കാരാണിത്. മറ്റുള്ളവർ ചെയ്യുന്നതിനേക്കാൾ കുറഞ്ഞ കൂലിക്ക് 10ഉം 15ഉം വർഷങ്ങളായി കരാർജോലി ചെയ്യുന്നവരെയാണ് സ്ഥിരപ്പെടുത്തുന്നത്. അതിനെതിരെ വിമർശനമുയർത്തുന്നത് മനുഷ്യത്വത്തിന്റെ കണികയില്ലാത്തവരാണ്.
എം. ശിവശങ്കറിന്റെ ജാമ്യം നിയമവാഴ്ചയുടെ ഭാഗമാണ്. അതിൽ രാഷ്ട്രീയമില്ല.
വികസന മുന്നേറ്റ ജാഥ
നവകേരള സൃഷ്ടിക്കായി, വീണ്ടും എൽ.ഡി.എഫ് എന്ന മുദ്രാവാക്യമുയർത്തിയുള്ള വികസന മുന്നേറ്റ ജാഥയാണ് എൽ.ഡി.എഫ് 3ന് കാസർകോട്ട് നിന്നും 14ന് എറണാകുളത്ത് നിന്നും ആരംഭിക്കുക. ഞാൻ നയിക്കുന്ന ജാഥ തൃശൂരിലും ബിനോയ് വിശ്വം നയിക്കുന്ന ജാഥ തിരുവനന്തപുരത്തും 26ന് സമാപിക്കും. ജാഥകളിൽ കൊവിഡ് പ്രോട്ടോകോൾ ഉറപ്പ് വരുത്തും. പ്രോട്ടോകോൾ ലംഘിക്കുന്ന സമീപനമാണ് യു.ഡി.എഫ് ജാഥയിൽ കണ്ടുവരുന്നത്. സമൂഹത്തെ വർഗീയമായി ഭിന്നിപ്പിക്കാനാണ് അവരുടെ ശ്രമം. ജാഥയെ അപവാദ, അസത്യ പ്രചാരണങ്ങൾക്കുപയോഗിക്കുന്നു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്റെ സന്ദർശനവും വർഗീയ,അസത്യ പ്രചരാണങ്ങൾക്കാണ് ഉപയോഗിച്ചത്.