
തിരുവനന്തപുരം:കൊവിഡ് പശ്ചാത്തലത്തിൽ 2020 ജനുവരി മുതൽ ഒന്നര വർഷക്കാലത്തെ ക്ഷാമബത്ത കേന്ദ്രസർക്കാർ മരവിപ്പിച്ച സാഹചര്യത്തിലും, സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കും 2020 ജനുവരി 1 മുതൽ 4 ശതമാനവും 2020 ജൂലായ് ഒന്ന് മുതൽ 4 ശതമാനം ക്ഷാമബത്തയും അനുവദിച്ച കേരള സർക്കാരിന്റെ ചരിത്രപരമായ തീരുമാനത്തെ ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് സ്വാഗതം ചെയ്തു.
2019 ജനുവരിയിൽ ലഭിക്കേണ്ട 3 ശതമാനവും ജൂലായിലെ 5 ശതമാനവും ബഡ്ജറ്റിലൂടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു. ഇതിനോടൊപ്പം 2020 ജനുവരിയിലെയും ജൂലായിലെയും ക്ഷാമബത്ത അനുവദിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഇപ്പോൾ പ്രഖ്യാപിച്ച ക്ഷാമബത്ത കൂടി ഉൾപ്പെടുത്തി 36 ശതമാനം ക്ഷാബത്തയാണ് ജീവനക്കാർക്ക് ലഭിക്കുന്നത്.
ജീവനക്കാർക്ക് ആശ്വാസകരമായ തരത്തിൽ ക്ഷാമബത്ത അനുവദിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് നാളെ സംസ്ഥാനത്ത് എല്ലാ സ്ഥാപനങ്ങളിലും നടക്കുന്ന പ്രകടനത്തിലും വിശദീകരണത്തിലും മുഴുവൻ ജീവനക്കാരും അദ്ധ്യാപകരും പങ്കെടുക്കണമെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ കെ.സി. ഹരികൃഷ്ണനും ജനറൽ കൺവീനർ എം.എ. അജിത് കുമാറും ആവശ്യപ്പെട്ടു.