graduation

തിരുവനന്തപുരം: ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.കെ.മോഹനന്റെ ബിരുദാനന്തര ബിരുദ യോഗ്യതകൾ ചോദ്യം ചെയ്ത് ഗവർണർക്ക് പരാതി. ഒരേ കാലയളവിൽ രണ്ടു വ്യത്യസ്ത സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയെന്നാണ് പരാതി.രണ്ടു ഡിഗ്രികളും രണ്ടു വ്യത്യസ്ത കാലയളവിൽ പഠിച്ചതാണെന്നും ഇക്കാര്യം മെഡിക്കൽ കൗൺസിൽ പരിശോധിച്ച് ശരിവച്ചതാണെന്നുമാണ് ഡോ.കെ.മോഹനന്റെ പ്രതികരണം.

1988-91 കാലയളവിൽ കേരള സർവകലാശാലക്ക് കീഴിലുണ്ടായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ഡി.റേഡിയോളജി ബിരുദവും, ഇക്കാലയളവിൽ തന്നെ ഡൽഹിയിലെ അലിഗർ മുസ്ലിം സർവകലാശാലയിൽ നിന്ന് പിഡീയാട്രിക്സിൽ എം.ഡി ബിരുദവും നേടിയെന്നാണ് പരാതി. സർട്ടിഫിക്ക​റ്റുകൾ വ്യാജമാണോയെന്ന് കണ്ടെത്താൻ നടപടിയുണ്ടാകണമെന്ന് സേവ് എഡ്യൂക്കേഷൻ കമ്മി​റ്റി ഗവർണർക്ക് നൽകിയ പരാതിയിൽ പറയുന്നു.

റേഡിയോളജിയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരുന്ന താൻ റേഡിയോളജി എം.ഡിക്ക് ചേർന്നെങ്കിലും അത് പൂർത്തിയാക്കാതെ ആൾ ഇന്ത്യ പ്രവേശന പരീക്ഷ എഴുതി അലിഗർ മുസ്ലിം സർവകലാശാലയിൽ പീഡിയാട്രിക്സിന് പഠിച്ചു എന്നാണ് ഡോ.മോഹനന്റെ വിശദീകരണം. പഠനം പൂർത്തിയാക്കി തിരികെ വന്നപ്പോൾ ആദ്യം പഠിച്ചിരുന്ന റേഡിയോളജിയിൽ സീ​റ്റ് ഒഴിവുണ്ടെന്ന അറിയിപ്പ് കിട്ടുകയും തുടർന്ന് വീണ്ടും ആ കോഴ്സിൽ പ്രവേശിച്ച് പഠനം പൂർത്തിയാക്കുകയുമായിരുന്നു.