
കഴക്കൂട്ടം: നൂതന ഐ.ടി സംരംഭങ്ങൾ പ്രാവർത്തികമാക്കുന്നതോടെ തദ്ദേശീയർക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ പറഞ്ഞു. ടെക്‌നോപാർക്കിന്റെ നാലാം ഘട്ടമായ പള്ളിപ്പുറം ടെക്‌നോസിറ്റിയിലെ അത്യാധുനിക ഐ.ടി സമുച്ചയം 'കബനി'യുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആയിരക്കണക്കിന് തൊഴിൽ നൽകുന്ന സ്ഥാപനം ഒരിടത്തുവന്നാൽ പ്രാദേശികമായ തൊഴിലവസരവും വികസനവും സാദ്ധ്യമാകും. അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ ഉൾപ്പെടെയുള്ളവരുടെ തൊഴിലവസരങ്ങളെ പരിഗണിച്ചു കൊണ്ടുള്ളതായിരിക്കും ഈ വികസനമെന്നും മുഖ്യമന്ത്റി പറഞ്ഞു. കേരളത്തിന്റെ ഇലക്ട്രോണിക്‌സ് വിവര സാങ്കേതികവിദ്യാ വ്യവസായരംഗത്ത് ഏറ്റവും വലിയ കാൽവയ്പാണ് 'കബനി' നാടിന് സമർപ്പിക്കുന്നതിലൂടെ കൈവരിക്കുന്നതെന്ന് ചടങ്ങിൽ ആശംസയറിയിച്ച മന്ത്റി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
സി. ദിവാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ, ജനപ്രതിനിധികളായ ഉനൈസ അൻസാരി, അനിതകുമാരി, അർച്ചന, ഐ.ടി ഇലക്ട്രോണിക്‌സ് വകുപ്പ് അഡിഷണൽ സെക്രട്ടറി കെ. മുഹമ്മദ്. വൈ. സഫൈറുള്ള, കേരള ഐ.ടി പാർക്ക്‌സ് സി.ഇ.ഒ ശശി പീലാച്ചേരി മീത്തൽ എന്നിവർ പങ്കെടുത്തു.