1

കുളത്തൂർ: ഐ.ടി നഗരത്തിലെ പ്രധാനറോഡിൽ ബൈക്ക് റേസിംഗ് സംഘങ്ങൾ അഭ്യാസം തുടരുമ്പോഴും പൊലീസോ ആർ.ടി.ഒ ഉദ്യോഗസ്ഥരോ നടപടിയെടുക്കുന്നില്ലെന്ന് പരാതി. തിരക്കുള്ള സമയങ്ങളിൽപ്പോലും യുവാക്കളുടെ അമിതവേഗം അപകടത്തിന് കാരണമാകുന്നുണ്ട്. മുന്നിൽ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ഇടയിലൂടെയുള്ള ബൈക്കുകളുടെയും കാറുകളുടെയും ' അഭ്യാസം ' പലപ്പോഴും കൂട്ടിയിടിയിലാണ് അവസാനിക്കുക. കഴിഞ്ഞ ദിവസം ഇത്തരക്കാരുടെ മരണപ്പാച്ചിലിൽ നാലിടത്താണ് അപകടമുണ്ടായത്. ആക്കുളം ബൈപാസിൽ ഉച്ചയ്‌ക്ക് മാർജിൻ ഫ്രീ ഹൈപ്പർ മാർക്കറ്റിന് മുന്നിലും കഴക്കൂട്ടം വെട്ടുറോഡ് ജംഗഷന് സമീപത്തും മേലെ ചന്തവിളയിലും പോത്തൻകോട് കാട്ടായിക്കോണം റോഡിലുമായിരുന്നു അപകടങ്ങൾ. ബൈപ്പാസിൽ നടന്ന അപകടത്തിൽ റോഡ് പണിയിലേർപ്പെട്ടിരുന്ന അന്യ സംസ്ഥാന തൊഴിലാളിയെയാണ് ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടായിക്കോണത്ത് അപകടമുണ്ടാക്കിയ ബൈക്ക് റേസിംഗ് സംഘത്തെ പോത്തൻകോട് പൊലിസ് പിടികൂടിയിരുന്നു. എല്ലാ ഗതാഗത നിയമങ്ങളും കാറ്റിൽപ്പറത്തി ഇവർ അപകടങ്ങൾ വരുത്തിവയ്‌ക്കുമ്പോഴും അധികൃതർ ഇടപെടുന്നില്ലെന്നാണ് പരാതി.

അപകടങ്ങൾക്ക് കാരണം

---------------------------------------

 അമിത വേഗതയും അശ്രദ്ധയും

 റേസിംഗ് മത്സരങ്ങൾ

 സ്റ്റാൻഡ് റോഡിൽ ഉരസിക്കുന്നത്

 സിഗ്നൽ ശ്രദ്ധിക്കാത്ത യാത്ര

 അഭ്യാസ പ്രകടനങ്ങൾ

അതിരുവിടുന്ന പരിഷ്‌കാരം

----------------------------------------------

പുത്തൻ വാഹനങ്ങളുമായി റോഡിലിറങ്ങുന്നവർ അമിത വേഗതയിൽ പോകുന്നത് നിത്യസംഭവമാണ്. ബൈക്കിലും കാറിലും ചീറിപ്പായുന്നവരും ബൈക്കിന്റെ മുൻചക്രങ്ങളും പിൻചക്രങ്ങൾ ഉയർത്തി അഭ്യാസം കാണിക്കുന്നവരും അപകടങ്ങൾ ക്ഷണിച്ചുവരുത്തുകയാണ്.

അപകടം പതിവായ സ്ഥലങ്ങൾ

-------------------------------------------------------

 ആക്കുളം ബൈപ്പാസ് റോഡ്  കഴക്കൂട്ടം - വെഞ്ഞാറമൂട് ബൈപ്പാസ് റോഡ്

 പോത്തൻകോട് - വാവറഅമ്പലം റോഡ്