
ആലുവ: എ - ഐ ഗ്രൂപ്പ് പോര് രൂക്ഷമായ ആലുവയിൽ കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റി തുടങ്ങി താഴേക്ക് വൻ അഴിച്ചുപണിക്ക് സാധ്യത. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരഖ് അൻവർ മുമ്പാകെ ഇത് സംബന്ധിച്ച നിർദ്ദേശം ഡി.സി.സി സമർപ്പിച്ചതായാണ് വിവരം.
നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയിട്ടും ഇതൊന്നും കാര്യമാക്കാതെ കഴിഞ്ഞ ദിവസം ഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും ആലുവയിൽ ഇരു ഗ്രൂപ്പുകളും ചേരിതിരിഞ്ഞാണ് സംഘടിപ്പിച്ചത്. ബ്ളോക്ക് കമ്മിറ്റി ഗാന്ധിപ്രതിമയിൽ പുഷ്പാർച്ച നടത്തിയ ചടങ്ങിൽ നിന്നും എ ഗ്രൂപ്പുകാരെല്ലാം വിട്ടുനിന്നു. നഗരത്തിലെ തന്നെ തോട്ടക്കാട്ടുകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിസ്മൃതി യാത്രയും എ ഗ്രൂപ്പ് ബഹിഷ്കരിച്ചു. ഇവിടെ സമാന്തരമായി കർഷക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ എ ഗ്രൂപ്പ് വേറെ ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ബ്ളോക്ക് - മണ്ഡലം കമ്മിറ്റികളിൽ വലിയ തോതിലുള്ള അഴിച്ചുപണി നടത്താനൊരുങ്ങുന്നത്.
കഴിഞ്ഞ ദിവസം നടന്ന ഡി.സി.സി - ബ്ളോക്ക് ഭാരവാഹികളുടെ യോഗത്തിലും ഗ്രൂപ്പ് പ്രവർത്തനം യാതൊരു കാരണവശാലം അനുവദിക്കില്ലെന്ന് താരിഖ് അൻവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആലുവയിൽ എല്ലാ ബൂത്ത് കമ്മിറ്റികളും പുന:സംഘടിപ്പിച്ചതിന് പിന്നാലെയാണ് മേൽകമ്മിറ്റികളും പുനസംഘടിപ്പിക്കുന്നത്. 20 ബൂത്തുകളിൽ കൂടുതലുള്ള മണ്ഡലം കമ്മിറ്റികൾ വിഭജിക്കണമെന്ന എ.ഐ.സി.സി നിർദേശം നടപ്പിലാക്കും. ഇതനുസരിച്ച് എടത്തല, കീഴ്മാട്, നെടുമ്പാശേരി മണ്ഡലം കമ്മിറ്റികൾ വിഭിജിക്കും. നിലവിലുള്ളവയെ കൂടാതെ നൊച്ചിമ, എടയപ്പുറം, കരിയാട് എന്നീ മണ്ഡലം കമ്മിറ്റികൾ കൂടി രൂപീകരിക്കാനാണ് നീക്കം. 10 വർഷം പൂർത്തീകരിച്ച ആലുവ ബ്ലോക്ക് പ്രസിഡൻറ് തോപ്പിൽ അബുവിന് പകരം പുതിയ ബ്ലേക്ക് പ്രസിഡൻറിനെ കണ്ടെത്താനും നീക്കമുണ്ട്. ആരോഗ്യപരമായ കാരണങ്ങളാൽ തോപ്പിൽ അബു ഒഴിയാനും സന്നദ്ധത അറിയിച്ചിട്ടുണ്ട്. എ ഗ്രൂപ്പ് നോമിനിയായി പ്രസിഡന്റായ അബു പിന്നീട് ഐ ഗ്രൂപ്പിലെത്തിയതാണ്. ഈ സാഹചര്യത്തിൽ പുതിയ പ്രസിഡന്റ് സ്ഥാനത്തിനായി എ ഗ്രൂപ്പും ആവശ്യമുന്നയിച്ചിട്ടുണ്ട്.
ഐ ഗ്രൂപ്പിൽ നിന്നും വൈസ് പ്രസിഡന്റുമാരായ പി.എ. മുജീബ്, ആർ. രഹൻരാജ്, ഐ.എൻ.റ്റി.യു.സി റീജിനൽ പ്രസിഡന്റ് ആനന്ദ് ജോർജ്ജ് തുടങ്ങിയവരുടെ പേരുകളാണ് പരിഗണിക്കുന്നത്. എ വിഭാഗത്തിൽ നിന്നും ലത്തീഫ് പൂഴിത്തറയും കെ.കെ. ജമാലുമാണ് രംഗത്തുള്ളത്. ഇതോടൊപ്പം നിർജ്ജീവമായ മണ്ഡലം - ബ്ലോക്ക് ഭാരവാഹികളെ മാറ്റാനും ജില്ലാ നേതൃയോഗത്തിൽ എ.ഐ.സി.സി നിർദ്ദേശിച്ചിട്ടുണ്ട്.