
കാഞ്ഞങ്ങാട്: 9.40 കോടി ചെലവിൽ പണിത പുതിയകോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടം ആരോഗ്യമന്ത്രി കെ.കെ. ശൈലജ 8ന് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും. ഇലക്ട്രിക്കൽ, വയറിംഗ്, ജനറേറ്റർ, ലിഫ്റ്റ്, ട്രാൻസ്‌ഫോമർ, എയർ കണ്ടീഷൻ എന്നിവയുടെ പ്രവൃത്തി ദ്രുതഗതിയിൽ പൂർത്തീകരിച്ച് വരുന്നു. ഇതിനായി 3 .40 കോടി രൂപയാണ് മാറ്റി വെച്ചത്. 6 കോടി രൂപ ചെലവഴിച്ചാണ് ഇതിന്റെ കെട്ടിടം പണികഴിപ്പിച്ചിട്ടുള്ളത്.
താഴത്തെ നിലയിൽ അത്യാഹിത വിഭാഗം, ഫാർമസി, ഓപ്പറേഷൻ തീയേറ്റർ, ഒ.പി കൗണ്ടർ, വാർഡ് തുടങ്ങിയ സംവിധാനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഒന്നും രണ്ടും നിലകളിൽ വാർഡും ഓപ്പറേഷൻ തീയേറ്ററും പ്രവർത്തിക്കും. 150 കിടക്കകൾ ഉള്ള 3 നില കെട്ടിടമാണ് യാഥാർത്ഥ്യമാകുന്നത്. നിലവിൽ അമ്മയും കുഞ്ഞും ആശുപത്രിയുടെ ഭാഗമായി ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഫാർമസി, ഡോക്ടർമാരുടെയും പാരാ മെഡിക്കൽ ജീവനക്കാർക്കും വേണ്ട ക്വാട്ടേഴ്സുകൾ എന്നിവ ആവശ്യമുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇതൊന്നും നടപ്പിലാകില്ല. പഴയ ജില്ലാശുപത്രി കോമ്പൗണ്ടിലാണ് ആശുപത്രി കെട്ടിടം പൂർത്തിയായിരിക്കുന്നത്. സമയബന്ധിതമായി അനുബന്ധ ജോലികൾ കൂടി പൂർത്തിയാകുന്ന മുറയ്ക്ക് അമ്മയും കുഞ്ഞും ആശുപത്രി പ്രവർത്തനം ആരംഭിക്കും.