kseb

ബാലുശ്ശേരി: കെ.എസ്.ഇ.ബി നടപ്പാക്കുന്ന സേവനം വാതിൽപ്പടിയിലേക്ക്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഡിവിഷൻ തല ഉദ്ഘഘാടനം ബാലുശ്ശേരി ഡിവിഷനിലെ കൂട്ടാലിട സെക്ഷനിൽ നടക്കുെമെന്ന് കെ.എസ്.ഇ.ബി. അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. നാളെ വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിക്കും. പദ്ധതി പ്രകാരം ആദ്യഘട്ടത്തിൽ പുതിയ കണക്ഷൻ, കണക്ഷന്റെ ഉടമസ്ഥാവകാശ മാറ്റം, മീറ്റർ മാറ്റിവെക്കൽ തുടങ്ങിയ ആവശ്യങ്ങൾ ടോൾ ഫ്രീ നമ്പറായ 1912 ലോ സെക്ഷൻ ഫോണിൽ വിളിച്ചോ രജിസ്റ്റർ ചെയ്താൽ ഉപഭോക്താവിനെ ബന്ധപ്പെട്ട് തുടർ നടപടികൾക്ക് ആവശ്യമായ സഹായങ്ങൾ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വീട്ടിൽ എത്തി നിർവഹിച്ചു കൊടുക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ഇലക്ട്രിക്കൽ ഡിവിഷനുകൾക്ക് കീഴിലുമുള്ള തെരെഞ്ഞെടുത്ത സെക്ഷനുകളിലും പദ്ധതി ആരംഭിക്കുന്നുണ്ട്. ബാലുശ്ശേരി ഡിവിഷനിൽ കൂട്ടാലിട, കൂമ്പാറ എന്നീ സെക്ഷനുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി തുടങ്ങുന്നത്. സംസ്ഥാന തല ഉദ് ഘാടന പരിപാടി തത്സമയം കൂട്ടാലിട കെ.എസ്.ഇ.ബി ഓഫീസിനു സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വെച്ച് ലൈവ് ടെലികാസ്റ്റ് പ്രദർശിപ്പിക്കും. ബാലുശ്ശേരി ഡിവിഷൻ തല ഉദ്ഘാടനം പുരുഷൻ കടലുണ്ടി എം.എൽ.എ നിർവ്വഹിക്കും. കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, ഉദ്യോസ്ഥർ സാമൂഹിക രാഷ്ട്രീയ പ്രമുഖർ സംബന്ധിക്കും. പത്രസമ്മേളനത്തിൽ താമരശ്ശേരി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എ. സജിത്ത്കുമാർ, ബാലുശ്ശേരി ഇലക്ട്രിക്കൽ ഡിവിഷൻ സീനിയർ സൂപ്രണ്ട് പി പി ബിനോയ് എന്നിവർ പങ്കെടുത്തു.