tovino

മലയാള സിനിമയിലെ ചില കിടിലൻ ജിമ്മൻമാരിൽ ഒരാളാണ് ടൊവിനോ തോമസ്. ഏത് തിരക്കിലും വ്യായാമത്തിനും ആരോഗ്യസംരക്ഷണത്തിനും അദ്ദേഹം മുടക്കം വരുത്താറില്ല. തന്റെ വർക്കൗട്ട് ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലും പങ്കുവയ്ക്കാറുണ്ട്. ഇക്കുറി ടൊവിനോയല്ല, സംവിധായകൻ അരുൺ ഗോപിയാണ് ടൊവിനോയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ജിമ്മിൽ നിന്നുള്ള ടൊവിനോയുടെ ചിത്രം പങ്കുവച്ചുകൊണ്ട് "രാവിലെ തന്നെ മനുഷ്യനെ അസൂയ ആക്കി പണ്ടാരമടക്കാൻ, ചെറിയ പോളിയല്ലട്ടോ വൻ പൊളി," എന്നു പറഞ്ഞുകൊണ്ടാണ് അരുൺ ഗോപി ചിത്രം പങ്കുവച്ചിരിക്കുന്നത്. കൊച്ചിയിലെ ഹോട്ടൽ ക്രൗൺ പ്ലാസയിൽ നിന്നാണ് ചിത്രം എടുത്തിരിക്കുന്നത്.

അടുത്തിടെ പൃഥ്വിരാജും ടൊവിനോയും ഒന്നിച്ച് വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിരുന്നു. പൃഥ്വിയും ടൊവിനോയും തങ്ങളുടെ സോഷ്യൽ മീഡിയയിൽ ജിം ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

"സയ്ദ് മസൂദും ജതിൻ രാംദാസും ഒന്നിച്ച് ജിമ്മിൽ" എന്നായിരുന്നു ചിത്രത്തിന് പൃഥ്വി നൽകിയ കമന്റ്. പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫർ' എന്ന ചിത്രത്തിൽ ജതിൻ രാംദാസായി ടൊവിനോ എത്തിയപ്പോൾ സയ്ദ് മസൂദ് എന്ന അതിഥി വേഷത്തിൽ പൃഥ്വിയും അഭിനയിച്ചിരുന്നു. "ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വച്ചു" എന്നായിരുന്നു ചിത്രം പങ്കുവച്ച് കൊണ്ട് ടൊവിനോ കുറിച്ചത്. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ടൊവിനോയുടെ ജന്മദിനം. ജന്മദിനത്തിൽ താരം ഒരു വമ്പൻ പ്രഖ്യാപനവും നടത്തിയിരുന്നു. പുതിയ ഒരു പ്രൊഡക്ഷൻ കമ്പനി ആരംഭിക്കുന്നതിന്റെ പ്രഖ്യാപനമായിരുന്നു താരം നടത്തിയത്. ടൊവിനോ തോമസ് പ്രോഡക്ഷൻസ് എന്ന പേരിൽ ആരംഭിക്കുന്ന നിർമാണക്കമ്പനിയുടെ ലോഗോ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.പ്രസക്തമായതും മലയാള സിനിമാ വ്യവസായ രംഗത്തിന് മൂല്യം പകരുന്നതുമായ ചലച്ചിത്രങ്ങൾ നിർമ്മിക്കുന്നതിനായുള്ള ഒരു എളിയ സംരംഭമാണ് പുതിയ നിർമ്മാണക്കമ്പനിയെന്ന് ടൊവിനോ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചിരുന്നു.