
നെയ്യാറ്റിൻകര: അമ്മയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്ത നിലയിൽ മകനെ കണ്ടെത്തി.
പെരുങ്കടവിള പാൽകുളങ്ങര തലമണ്ണൂർക്കോണം മോഹനവിലാസത്തിൽ മോഹനകുമാരിയാണ് (63) കൊല്ലപ്പെട്ടത്. മകൻ വിപിനാണ് (33,കണ്ണൻ) ജീവനൊടുക്കിയത്. ഇന്നലെ രാവിലെ വീടിനു പുറത്ത് ആരെയും കാണാത്തതിനെ തുടർന്ന് അയൽവാസി ജനലിലൂടെ നോക്കിയപ്പോഴാണ് വിപിനെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. തുടർന്ന് വാതിൽ പൊളിച്ച് കയറിയ നാട്ടുകാർ കണ്ടത് കട്ടിലിൽ മരിച്ചുകിടക്കുന്ന മോഹനകുമാരിയെയാണ്.
കോഫി ഹൗസ് ജീവനക്കാരനായ വിപിൻ അതുപേക്ഷിച്ച് നാട്ടിൽ ഹോളോബ്രിക്സ് കമ്പനിയിലെ ഡ്രൈവറായി ജോലിനോക്കുകയായിരുന്നു.
വിപിന്റെ ആത്മഹത്യാ കുറിപ്പിൽ നിന്നാണ് അമ്മയെ കൊന്ന് ആത്മഹത്യ ചെയ്തതാണെന്ന സൂചന ലഭിച്ചത്. ശ്വാസം മുട്ടിച്ചോ, കഴുത്തു ഞെരിച്ചോ കൊന്നുവെന്നാണ് പൊലീസ് നിഗമനം. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഭാര്യ മായയെയും മൂന്നു വയസുള്ള മകളെയും വിപിൻ ദിവസങ്ങൾക്ക് മുമ്പ് ചൂഴാറ്റുകോട്ടയിലുള്ള അവരുടെ വീട്ടിൽ കൊണ്ടാക്കിയിരുന്നു.
ഭാര്യയോടും മകളോടും സ്നേഹം കാട്ടുന്നില്ലെന്ന് പറഞ്ഞ് വിപിൻ അമ്മയുമായി കലഹിച്ചിരുന്നു.
അമ്മ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും ഭാര്യയെയും തന്നെയും
കുറ്രപ്പെടുത്തുക പതിവാണെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഈ പ്രശ്നത്തിൽ കഴിഞ്ഞ ദിവസവും വഴക്കുണ്ടായതാവാം കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്ന് കരുതുന്നു.
അച്ഛൻ വാസുദേവൻ വിപിന്റെ ചെറുപ്രായത്തിൽത്തന്നെ മരിച്ചതിനാൽ അമ്മ കൂലിപ്പണിയെടുത്താണ് മകനെ വളർത്തിയത്. അമ്മയും മകനും സ്നേഹത്തോടെ കഴിയുന്നതാണ് നാട്ടുകാർ കണ്ടിരുന്നത്.
മാരായമുട്ടം പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.