
കൊവിഡ് വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിൽ കേരളം വേണ്ടത്ര വിജയിച്ചിട്ടില്ലെന്നാണ് ഇതുസംബന്ധിച്ച സ്ഥിതിവിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. സർക്കാരിനും ആരോഗ്യപ്രവർത്തകർക്കും അതീവ ഉത്കണ്ഠ പകരുന്ന യാഥാർത്ഥ്യമാണിത്. കേരളത്തിനു പുറമെ മഹാരാഷ്ട്ര മാത്രമാണ് രാജ്യത്തിപ്പോൾ രോഗവ്യാപനത്തിൽ മുന്നിട്ടുനിൽക്കുന്നത്. രാജ്യത്ത് ദിവസേന രോഗബാധിതരാകുന്നവരിൽ ഏതാണ്ട് പകുതിയോളം കേരളത്തിലാണെന്നത് വളരെ അപകടകരമായ സൂചനയാണു നൽകുന്നത്. ആദ്യ ഘട്ടങ്ങളിൽ കൊവിഡ് പ്രതിരോധത്തിൽ നാം നേടിയ അസൂയാവഹമായ നേട്ടം ഇപ്പോൾ നിലനിറുത്താൻ കഴിയാത്തതിന്റെ കാരണങ്ങളന്വേഷിച്ച് അധികം തല പുകയേണ്ട കാര്യമില്ല. രോഗവ്യാപനം തടയുന്നതിൽ ആദ്യകാലത്ത് സ്വീകരിച്ച കരുതലും ജാഗ്രതയും കാലാന്തരേണ നഷ്ടപ്പെട്ടതാണ് ഇപ്പോഴത്തെ ദുർഗ്ഗതിക്കു കാരണം. നിയന്ത്രണങ്ങൾ ഒന്നൊന്നായി ഇല്ലാതായപ്പോൾ ജീവിതം പഴയ നിലയിലേക്കു പൂർണമായും മടങ്ങാനുള്ള അവസരമായാണ് ജനങ്ങൾ എടുത്തത്. എവിടെയും അതിന്റെ ദൃശ്യങ്ങളാണ് കാണാനാവുന്നത്. സ്വയം നിയന്ത്രണമെന്നത് ശീലമാക്കാത്തവരെ നിർബന്ധിച്ച് കൊവിഡ് പെരുമാറ്റച്ചട്ടം അനുസരിപ്പിച്ചേ മതിയാകൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഉപേദേശം കൊണ്ടു സാധിക്കാത്തത് നിയമ മാർഗത്തിലൂടെ നടപ്പാക്കുക എന്നതു മാത്രമാണ് പോംവഴി.
കൊവിഡ് പരിശോധന വ്യാഴാഴ്ച എൺപത്തിനാലായിരത്തിലധികമായിരുന്നു. ആദ്യമായിട്ടാണ് ഇത്രയധികം പേർ ഒറ്റ ദിവസം പരിശോധനയ്ക്കു വിധേയരാകുന്നത്. 6102 പേർക്കാണ് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചത്. പരിശോധന കുറഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം പൊതുവേ അയ്യായിരത്തിനു മുകളിലായിരുന്നു. വിവിധ ജില്ലകളിലായി എഴുപതിനായിരത്തോളം പേർ ഇപ്പോൾ ചികിത്സയിലാണ്. നിരീക്ഷണത്തിലാകട്ടെ രണ്ടുലക്ഷത്തിലേറേപ്പേരും.
കൊവിഡ് മഹാമാരിയെ നേരിടുന്നതിൽ ലോകത്തിന്റെ തന്നെ പ്രശംസ നേടിയ സംസ്ഥാനത്ത് ഇപ്പോഴത്തെ കൊവിഡ് കണക്കുകൾ ഒട്ടും തന്നെ അഭിമാനം പകരുന്നതല്ലെന്നു പ്രത്യേകം പറയേണ്ടതില്ല. ഫലപ്രദമായ നിയന്ത്രണ നടപടികൾ ഇനിയെങ്കിലും സ്വീകരിച്ചില്ലെങ്കിൽ കൂടുതൽ അപകടകരമായ സ്ഥിതിവിശേഷത്തെ നേരിടേണ്ടിവരും. ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള കർക്കശ നടപടികൾ ഒന്നൊന്നായി എടുത്തുകളഞ്ഞത് രോഗാവസ്ഥ നിയന്ത്രണവിധേയമായപ്പോഴല്ലെന്ന് ഓർക്കണം. കൊവിഡ് നിയന്ത്രണങ്ങളിൽ ജനജീവിതം വഴിമുട്ടാതിരിക്കാൻ വേണ്ടിയായിരുന്നു ഘട്ടം ഘട്ടമായുള്ള നിയന്ത്രണം നീക്കൽ. ജനങ്ങൾ ജാഗ്രതയും മുൻകരുതലും എടുത്തതുകൊണ്ടാണോ എന്നറിയില്ല ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കൊവിഡ് സ്ഥിതി ഏറെ മെച്ചപ്പെട്ടതായാണു കാണുന്നത്. എന്നാൽ മഹാരാഷ്ട്രയും കേരളവും ഇപ്പോഴും അപായഭീതിയിൽത്തന്നെ നിൽക്കുന്നു. ജനങ്ങൾ കൊവിഡ് പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സർക്കാർ തന്നെയാണ്. കേവലം വാർത്താക്കുറിപ്പുകളിലൂടെ സാദ്ധ്യമാകുന്ന കാര്യമല്ല അതെന്ന് അനുഭവ സാക്ഷ്യമുണ്ട്. ചട്ടങ്ങൾ പാലിക്കാൻ ജനങ്ങളെ നിർബന്ധിക്കേണ്ടിവരും. ആൾക്കൂട്ടം ഒഴിവാക്കുന്നതും പൊതുസ്ഥലങ്ങളിലും കടകളിലും മറ്റും ശാരീരിക അകലം പാലിക്കുന്നതും മുഖാവരണം ധരിക്കുന്നതും മറ്റും രോഗവ്യാപനം നിയന്ത്രിക്കാനുള്ള നല്ല ഉപാധികളാണ്. നിർഭാഗ്യവശാൽ സംസ്ഥാനത്തൊരിടത്തും ഇപ്പോൾ ഇത്തരം നിയന്ത്രണങ്ങൾ കർക്കശമായി പിന്തുടരുന്നതു കാണാനില്ല. ഉത്സവസ്ഥലങ്ങളിലെന്നതു പോലെയാണ് പെരുമാറ്റം. എല്ലാം കൊവിഡിനു മുൻപുണ്ടായിരുന്ന സ്ഥിതിയിലേക്കു മടങ്ങിയിരിക്കുന്നു. ഓരോ കൂട്ടം ചേരലും രോഗവ്യാപനത്തിന്റെ പുതിയ വിത്തുകൾ വിതയ്ക്കുകയാണെന്ന കാര്യം മറക്കുന്നു. അഥവാ രോഗം പിടിപെട്ടാലും അത്രയൊന്നും ഭയപ്പെടേണ്ടതില്ലെന്ന മട്ടിലാണ് ആളുകളുടെ സമീപനം. എന്നാൽ ലാഘവത്തോടുകൂടിയ ഇത്തരം സമീപനങ്ങൾ ഒരുവർഷമായി വിശ്രമമില്ലാതെ കഠിനാദ്ധ്വാനം ചെയ്തുകൊണ്ടിരിക്കുന്ന നമ്മുടെ ആരോഗ്യപ്രവർത്തകർക്കും ബന്ധപ്പെട്ട മറ്റ് ആളുകൾക്കും എത്രമാത്രം പ്രതികൂല സാഹചര്യങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് ഒരു നിമിഷമെങ്കിലും ആലോച്ചിട്ടുണ്ടോ?
കൊവിഡ് വ്യാപനം വരുതിയിലാക്കുന്നതിൽ കേരളം നേരിടുന്ന പ്രശ്നങ്ങൾ നേരിൽ പഠിക്കാനായി കേന്ദ്രത്തിൽ നിന്നുള്ള വിദഗ്ദ്ധ സംഘം ഇപ്പോൾ വിവിധ ജില്ലകളിൽ പര്യടനം നടത്തുകയാണ്:. ഒരുമാസത്തിനിടെ ഇത് രണ്ടാമത്തെ കേന്ദ്രസംഘമാണ്. പ്രതിദിന കൊവിഡ് കേസുകളിൽ എഴുപതു ശതമാനവും കേരളത്തിലാണെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സംഘത്തിന്റെ സന്ദർശനം.
ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പ് കൊവിഡ് വ്യാപനത്തെ വീണ്ടും മൂർച്ഛിപ്പിക്കുമോ എന്ന ആശങ്ക സ്വാഭാവികമായും ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പിനു മുന്നോടിയായി വിവിധ പാർട്ടികൾ ആരംഭിച്ചിരിക്കുന്ന യാത്രകളും ജനസമ്പർക്ക പരിപാടികളും മറ്റ് പ്രചാരണ പ്രവർത്തനങ്ങളും ഭയപ്പാടോടെയാണു ആരോഗ്യവിദഗ്ദ്ധർ വീക്ഷിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ എല്ലാം കൂടുതൽ കെട്ടഴിഞ്ഞു പോയതിന്റെ ബാക്കിപത്രമാണ് നേരെ മുന്നിലുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വീറും വാശിയും കൂടുതൽ തീവ്രമാകുമെന്നതിനാൽ സ്വന്തം ആരോഗ്യരക്ഷയ്ക്ക് ജനങ്ങൾ തന്നെ കൂടുതൽ കരുതലെടുത്തേ മതിയാവൂ. കൊവിഡ് പെരുമാറ്റച്ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ പൊലീസും ഊർജ്ജസ്വലരായി വീണ്ടും രംഗത്തിറങ്ങേണ്ടതുണ്ട്. ചട്ടങ്ങൾ ലംഘിച്ചുള്ള എല്ലാ പ്രവൃത്തികൾക്കും നിയന്ത്രണമുണ്ടാകണം. പൊതുജനാരോഗ്യത്തിന് ഭീഷണിയായേക്കാവുന്ന ഒരു പൊതുപരിപാടിക്കും അനുമതി നൽകാൻ പാടില്ല. വ്യാപാര കേന്ദ്രങ്ങളിലും ചന്തകളിലും പൊതു ഇടങ്ങളിലും പൊലീസിന്റെ നിരീക്ഷണം സദാ ഉറപ്പാക്കണം. ഉത്സവനാളുകളാണ് ഇപ്പോൾ. പെരുമാറ്റച്ചട്ടങ്ങൾ അവശ്യം പാലിക്കേണ്ട ഇടങ്ങളാണത്. ആഘോഷങ്ങൾ ഈ വർഷം കൂടി ഒഴിവാക്കാൻ ഉത്സവ കമ്മിറ്റിക്കാർ മനസ്സുവയ്ക്കണം.
കൊവിഡിന്റെ ആദ്യ നാളുകളിൽ ജനങ്ങൾ കാണിച്ച ത്യാഗമനോഭാവവും അനുസരണ ശീലവും ഒരിക്കൽക്കൂടി പുറത്തെടുക്കേണ്ട സന്ദർഭമാണിത്. കുടുംബങ്ങളുടെ ഒന്നാകെയുള്ള ആരോഗ്യ സുരക്ഷ തങ്ങളുടെ കൈയിലാണെന്ന ബോധം വിവിധ ആവശ്യങ്ങൾക്കായി പുറത്തുപോകുന്ന ഓരോരുത്തർക്കുമുണ്ടാകണം. ജനങ്ങൾക്ക് നേർവഴി കാണിച്ചുകൊടുക്കേണ്ട രാഷ്ട്രീയ നേതാക്കൾക്കുമുണ്ട് കൊവിഡ് പെരുമാറ്റച്ചട്ടം അനുസരിക്കാനുള്ള പ്രത്യേക ഉത്തരവാദിത്വം. ഓരോ ആൾക്കൂട്ടവും അവരെ ആവേശഭരിതരാക്കുമെന്നതു വാസ്തവമാണ്. എന്നാൽ ഇത്തരം ആൾക്കൂട്ടങ്ങളാണ് രോഗവ്യാപനത്തിന്റെ മുഖ്യ കണ്ണിയാകാൻ പോകുന്നതെന്ന യാഥാർത്ഥ്യം വിസ്മരിക്കരുത്. ഈ ഘട്ടത്തിൽ ത്യാഗസന്നദ്ധരായി പ്രവൃത്തിയെടുക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ നാം പ്രത്യേകം സ്മരിക്കേണ്ടതുണ്ട്. രോഗികൾ വർദ്ധിക്കുന്ന ഓരോ ദിവസവും അവരുടെ ക്ളേശം വർദ്ധിക്കുകയാണ്. കൂട്ടത്തിൽ മെഡിക്കൽ കോളേജ് ഡോക്ടർമാർ ശമ്പള പ്രശ്നത്തിൽ അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണ്. അവരുടെ പ്രശ്നം ചർച്ച ചെയ്തു പരിഹരിക്കാൻ സത്വര നടപടി ഉണ്ടാകണം. ഈ കൊവിഡ് കാലത്ത് ഡോക്ടർമാരെ തെരുവിലിറക്കാതിരിക്കാനുള്ള വിവേകം സർക്കാർ കാണിക്കണം