arrack-job

ക്ഷേമനിധി വിഹിതവും തിരിച്ചു നൽകിയില്ല

തിരുവനന്തപുരം: ചാരായം നിരോധിച്ച് കാൽ നൂറ്രാണ്ടായിട്ടും തൊഴിൽ നഷ്ടപ്പെട്ട 12,000ത്തോളം ചാരായത്തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ കിട്ടാക്കനി. മുൻ യു.ഡി.എഫ് സർക്കാർ ബാർ,​ ചാരായത്തൊഴിലാളികളെ സഹായിക്കാൻ തുടങ്ങിയ പുനർജനി പദ്ധതിയിൽ വിദേശ മദ്യസെസ് ആയി പിരിച്ച 1345 കോടി എവിടെ പോയെന്ന് അറിയില്ല. പിണറായി സർക്കാരും സുരക്ഷാ വാഗ്ദാനങ്ങൾ നൽകിയിരുന്നു.

1996-ൽ എ.കെ. ആന്റണി സർക്കാരാണ് ചാരായം നിരോധിച്ചത്. തുടർന്ന് വന്ന ഇടതു സർക്കാർ തൊഴിൽ നഷ്ടമായവർക്ക് 30,000 രൂപ വീതം നൽകി. തൊഴിലാളികളെ സംരക്ഷിക്കുമെന്ന വാഗ്ദാനം വെറുതേയായി. 350ഓളം തൊഴിലാളികൾ ജീവനൊടുക്കി. ഇവരുടെ ആശ്രിതർക്ക് തൊഴിൽ നൽകിയതുമാത്രമാണ് ആശ്വാസം.

ചാരായ ഷാപ്പുകൾ ഉണ്ടായിരുന്നപ്പോൾ അബ്കാരി ക്ഷേമനിധി രൂപീകരിച്ചിരുന്നു. വേതനത്തിന്റെ 10ശതമാനം തൊഴിലാളിയും അത്രതന്നെ കരാറുകാരനും അടയ്‌ക്കണം. അഞ്ചു ശതമാനം സർക്കാർ വിഹിതവും. നിരോധനത്തോടെ ക്ഷേമനിധി ഇല്ലാതായി. പക്ഷേ,​ അടച്ച വിഹിതം തിരികെ നൽകിയില്ല. ചാരായ തൊഴിലാളികൾക്ക് പെൻഷനുമില്ല.

സെസും പാഴായി

2014-ൽ ഉമ്മൻചാണ്ടി സർക്കാർ ബാറുകൾ പൂട്ടിയപ്പോൾ തൊഴിൽ നഷ്ടമായ ബാർതൊഴിലാളികളെയും ചാരായ തൊഴിലാളികളെയും സഹായിക്കാൻ തുടങ്ങിയ 'പുനർജനി' പദ്ധതിയിൽ വിദേശ മദ്യത്തിന് കുറേക്കാലത്തേക്ക് നാല് ശതമാനം സെസ് ഏർപ്പെടുത്തി. കുറച്ച് തൊഴിലാളികൾക്ക് ബെവ്കോയിൽ താത്കാലിക ജോലി നൽകി. സെസായി 1345 കോടി പിരിച്ചതായി സർക്കാരിന്റെ വിവരാവകാശ മറുപടിയുണ്ട്.

പ്രോഗ്രസ് റിപ്പോർട്ടിലും വാഗ്ദാനം

തൊഴിൽ നഷ്ടമായ ചെത്ത്,​ ചാരായ, ബാർ തൊഴിലാളികൾക്കായി തൊഴിൽ പാക്കേജ് നടപ്പാക്കുമെന്ന് പിണറായി സർക്കാരിന്റെ 2020-ലെ പ്രോഗ്രസ് റിപ്പോർട്ടിലുണ്ട്. ജോലി കിട്ടാത്ത കള്ള്, ബാർ തൊഴിലാളികളെ സഹായിക്കാൻ അബ്കാരി ക്ഷേമനിധി ബോർഡ് വഴി 'സുരക്ഷ' പുനരധിവാസ പദ്ധതിക്ക് രൂപം നൽകിയതായും പറയുന്നുണ്ട്. സർക്കാരിന്റെ കാലാവധി തീരാറാവുമ്പോഴും തൊഴിലാളികൾക്ക് ഒന്നും കിട്ടിയിട്ടില്ല.