
തിരുവനന്തപുരം: ചെത്തുകാരന്റെ വീട്ടിൽ നിന്ന് വന്ന പിണറായിക്ക് മുഖ്യമന്ത്രിയെന്ന നിലയിൽ സഞ്ചരിക്കാൻ ഹെലികോപ്ടർ വാടകയ്ക്കെടുത്തത് അഭിമാനിക്കാൻ വക നൽകുന്നതല്ലെന്ന കെ.സുധാകരൻ എം.പിയുടെ വിവാദ പരാമർശത്തെ പിന്തുണച്ച് കോൺഗ്രസിന് പുറമെ ബി.ജെ.പി രംഗത്ത് എത്തുകയും, മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച സുധാകരനെയും അതിനെ കണ്ണടച്ച് പിന്താങ്ങിയവരെയും തുറന്നുകാട്ടാനുള്ള രാഷ്ട്രീയായുധമാക്കി മാറ്റാൻ സി.പി.എം കരുക്കൾ നീക്കുകയും ചെയ്തതോടെ വിവാദം നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിലേക്ക്.
വിവാദം അവസാനിപ്പിച്ച് എത്രയുംവേഗം തലയൂരാനുള്ള തിടുക്കത്തിലായിരുന്നു കോൺഗ്രസ് നേതാക്കൾ ഇന്നലെ. സുധാകരന്റെ വിമർശനം രാഷ്ട്രീയമാണെന്നും, അതിൽ ജാതിയില്ലെന്നും സ്ഥാപിക്കാനാണ് നീക്കം. സർക്കാരിന്റെ അഴിമതിയും ധൂർത്തും തുറന്നുകാട്ടി വിമർശനം ശക്തമാക്കേണ്ട ഘട്ടത്തിൽ, സ്വയം പ്രതിരോധത്തിലകപ്പെടുത്തുന്ന വിവാദം പാടില്ലെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നു. രാഷ്ട്രീയ ആരോപണങ്ങളിൽ നിന്ന് വിഷയം വഴിതിരിച്ചുവിടാനേ ഇതുപകരിക്കൂവെന്നും.
വിവാദ പരാമർശത്തിൽ സുധാകരനോട് ഹൈക്കമാൻഡ് വിശദീകരണം തേടിയിരുന്നു. ഒരു തൊഴിലാളി നേതാവിന്റെ ആഡംബര ഭ്രമത്തിനെതിരായ വിമർശനമാണ് താൻ നടത്തിയതെന്ന സുധാകരന്റെ വിശദീകരണം മുഖവിലയ്ക്കെടുക്കാനാണ് തീരുമാനം. സുധാകരൻ നടത്തിയത് നാടൻ പ്രയോഗമാണെന്ന് എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചത് ഈ പശ്ചാത്തലത്തിലാണ്.കെ. സുധാകരന്റെ പ്രസംഗത്തിൽ വിവാദം ക്ഷണിച്ചുവരുത്തിയത് ഷാനിമോൾ ഉസ്മാന്റെ പെട്ടെന്നുണ്ടായ പ്രതികരണമാണെന്നാണ് കോൺഗ്രസിനകത്തെ ചർച്ച.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലോ, കൊയിലാണ്ടിയിലോ സ്ഥാനാർത്ഥിയായേക്കും. ആ ഒഴിവിലേക്ക് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റായി കെ. സുധാകരനെ പരിഗണിക്കാൻ കോൺഗ്രസിനകത്ത് അനൗപചാരിക ധാരണയുണ്ട്. തിരഞ്ഞെടുപ്പ് വേളയിൽ അണികളെ ആവേശം കൊള്ളിക്കാൻ സുധാകരന്റെ സാന്നിദ്ധ്യം ഉപകരിക്കുമെന്ന് ഹൈക്കമാൻഡും കണക്കുകൂട്ടുന്നു.
ന്യായീകരിച്ച് കെ.സുരേന്ദ്രൻ
മുഖ്യമന്ത്രിക്കെതിരായ കെ.സുധാകരന്റെ അധിക്ഷേപത്തെ അനുകൂലിച്ച്
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഇന്നലെ രംഗത്തെത്തിയതും വിവാദം
കൊഴുപ്പിച്ചു. ചെത്തുകാരന്റെ മകനെ അങ്ങനെ പറയുന്നത് എങ്ങനെ അധിക്ഷേപമാവുമെന്നും,
മറ്റുള്ളവരെ അധിക്ഷേപിക്കുന്ന പിണറായി വിജയന്റെ ശൈലിയാണ് സുധാകരന്റേതെന്നുമായിരുന്നു സുരേന്ദ്രന്റെ ന്യായീകരണം.
സുധാകരന്റെ ഭീഷണിക്ക് പാർട്ടി വഴങ്ങി: സി.പി.എം
അതേസമയം,സുധാകരന്റെ ജാതീയ അധിക്ഷേപത്തിൽ കോൺഗ്രസ് നേതാക്കളുടെ മലക്കം മറിച്ചിലിന് പിന്നിൽ, താൻ ബി.ജെ.പിയിലേക്ക് പോകുമെന്ന സുധാകരന്റെ ഭീഷണിയാണെന്നാണ് സി.പി.എമ്മിന്റെ ആരോപണം. ആർ.എസ്.എസിനോട് കെ.സുധാകരന് മൃദുസമീപനമാണെന്ന് ഇടതുമുന്നണി നേരത്തേ മുതൽ ആക്ഷേപമുയർത്തുന്നുണ്ട്. സുധാകരനെ പിന്തുണച്ച് ബി.ജെ.പി നേതൃത്വവും രംഗത്തെത്തിയതും ഇതിന് തെളിവായി പാർട്ടി ചൂണ്ടിക്കാട്ടുന്നു.
കോൺഗ്രസിന്റേത് പാളയിൽ കഞ്ഞികുടിപ്പിക്കുമെന്ന പഴയ ഫ്യൂഡൽ സമീപനമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ വിമർശിച്ചു. സുധാകരന്റെ ഭീഷണിക്ക് മുന്നിൽ കോൺഗ്രസ് മുട്ടുമടക്കിയെന്നും അദ്ദേഹം ആരോപിച്ചു. പിണറായിയോട് സുധാകരന് വെറുപ്പാണെന്നും, കോൺഗ്രസിന്റെ മനോഭാവമാണ് സുധാകരനെ പിന്തുണയ്ക്കുന്നതിൽ പ്രകടമാകുന്നതെന്നും മന്ത്രി എ.കെ. ബാലൻ പറഞ്ഞു.
ചെത്തുകാരന്റെ മകനെന്നത് അഭിമാനമുള്ള കാര്യം.തൊഴിലെടുത്തു ജീവിക്കുന്ന ഒരാളിന്റെ മകനെന്നത് ഒരു തരത്തിലുമുള്ള അപമാനമോ ജാള്യമോ ആയി കാണുന്നില്ല.ചെത്തുകാരന്റെ മകനാണെന്ന് ഞാൻ തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്.
പിണറായി വിജയൻ, മുഖ്യമന്ത്രി
മുല്ലപ്പള്ളി രാമചന്ദ്രന്റെ പിതാവിനെ പിണറായി അധിക്ഷേപിച്ചിട്ടില്ലേ. അദ്ദേഹം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുമ്പോൾ, പിണറായിയുടെ അച്ഛൻ തേരാപ്പാരാ നടക്കുകയായിരുന്നു. ബിഷപ്പ് സമൂഹത്തെ നികൃഷ്ട ജീവിയെന്ന് വിളിച്ചാക്ഷേപിച്ച മുഖ്യമന്ത്രി എന്ത് ആദരവാണ് പ്രതീക്ഷിക്കുന്നത്. എൻ.കെ. പ്രേമചന്ദ്രനെ പരനാറിയെന്നാണ് വിളിച്ചത്.
കെ.സുധാകരൻ എം.പി