
തെലുങ്ക് ചിത്രത്തിന്റെ ടീസർ പങ്കുവച്ച് മോഹൻലാൽ
ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളായിരുന്ന യശ്ശഃശരീരനായ ഐ.വി. ശശിയുടെയും അഭിനേത്രി സീമയുടെയും മകൻ അനി ഐ.വി. ശശി സംവിധായകനാകുന്നു. തെലുങ്കിലാണ് സംവിധായകനായുള്ള അനിയുടെ അരങ്ങേറ്റം. അശോക് സെൽവൻ, നിത്യാമേനോൻ, ഋതുവർമ്മ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനി ഐ.വി ശശി രചനയും സംവിധാനവും നിർവഹിച്ച നിന്നില നിന്നില എന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു.
ശ്രീവെങ്കിടേശ്വര സിനി ചിത്രയുടെ ബാനറിൽ ബി.വി.എസ്.എൻ പ്രസാദ് നിർമ്മിക്കുന്ന നിന്നില നിന്നിലയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത് രാജേഷ് മുരുകേശനാണ്. ദിവാകർ മണിയാണ് ഛായാഗ്രാഹകൻ. എം.ആർ. രാജാകൃഷ്ണനാണ് ആഡിയോഗ്രഫി നിർവഹിക്കുന്നത്.
പ്രിയദർശന്റെ സഹസംവിധായകനായി ഹിന്ദി ചിത്രങ്ങളായ ആക്രോശിലും തേസിലും കമാൽ ധമാൽ മാലാമലിലും രംഗ് രേസിലും പ്രവർത്തിച്ച അനി ഐ.വി. ശശി മലയാളത്തിൽ അറബിയും ഒട്ടകവും പി. മാധവൻ നായരും, ഗീതാഞ്ജലി, ആമയും മുയലും, ഒപ്പം എന്നീ ചിത്രങ്ങളിലും തമിഴ് ചിത്രമായ സില സമയങ്ങളിലും പ്രവർത്തിച്ചു.
പ്രിയദർശൻ - മോഹൻലാൽ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ സഹരചയിതാവും അസോസിയേറ്റ് ഡയറക്ടറുമാണ്.
2017-ൽ പ്രിയാ ആനന്ദും അശോക് ശെൽവനും അഭിനയിച്ച മായ എന്ന ഹ്രസ്വചിത്രമാണ് അനി ഐ.വി. ശശി ആദ്യം രചന നിർവഹിച്ച് സംവിധാനം ചെയ്തത്. പന്ത്രണ്ട് മിനിട്ട് ദൈർഘ്യമുള്ള മായ നിർമ്മിച്ചതും അനിയാണ്.
ബില്ല 2, സൂത്‌കവും, പിസ്സ 2, ഓ മൈ കടവുളേ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേനായ അശോക് ശെൽവന്റെ ആദ്യ തെലുങ്ക് ചിത്രമാണ് നിന്നില നിന്നില. മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് അശോക് ശെൽവൻ. കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന ചിത്രത്തിലൂടെ ദുൽഖർ പ്രശസ്തയായ നായികയാണ് ഋതുവർമ്മ.
തീനി എന്ന പേരിൽ തമിഴിലും നിന്നില നിന്നില റിലീസ് ചെയ്യുന്നുണ്ട്. ജൂലായിൽ ചിത്രം തിയേറ്ററുകളിലെത്തും.