
പൂവാർ: തിരക്കേറിയ കാഞ്ഞിരംകുളം ടൗണിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നാല് റോഡുകൾ വന്നുചേരുന്ന ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. പൊലീസിന്റെ സാന്നിദ്ധ്യവും കുറവായതിനാൽ വാഹനങ്ങൾ സ്വയം നിയന്ത്രിച്ച് യാത്ര ചെയ്യേണ്ട അവസ്ഥയാണ്. ഇത് അപകടങ്ങൾക്കും കാരണമാകുന്നതായാണ് യാത്രക്കാർ പറയുന്നത്.
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ റോഡിലെ തിരക്ക് ദിവസവും കൂടുകയാണ്. കൂടുതൽ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളും സമാന്തര സർവീസുകളും നിരത്തിലിറങ്ങിയതോടെ ഇതിന്റെ വ്യാപ്തി വർദ്ധിച്ചു.
പൂവാർ, കരുംകുളം, പുല്ലുവിള, അടിമലത്തുറ തുടങ്ങിയ തീരപ്രദേശങ്ങളിലെ ജനങ്ങൾ പല ആവശങ്ങൾക്കും കൂടുതലായി ആശ്രയിക്കുന്നത് കാഞ്ഞിരംകുളം ടൗണിനെയാണ്. പത്ത്, ഹയർസെക്കൻഡറി ക്ളാസുകൾ പുനരാരംഭിച്ചതോടെ കൂടുതൽ വിദ്യാർത്ഥികളും ടൗണിലേക്കെത്തുന്നുണ്ട്. എട്ട് സ്കൂളുകളാണ് കാഞ്ഞിരംകുളത്ത് പ്രവർത്തിക്കുന്നത്. ഒരു ആർട്സ് ആൻഡ് സയൻസ് കോളേജ്, ബി എഡ് കോളേജ്, യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി തുടങ്ങിയവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്ക് വരുന്ന വിദ്യാർത്ഥികളാണ് ഗതാഗതക്കുരുക്കിൽ ഏറെ വലയുന്നത്. അപകടമുണ്ടാകാതെ റോഡ് ക്രോസ് ചെയ്യുന്നതിന് വലിയ ബുദ്ധിമുട്ടാണ് ഇവർ സഹിക്കുന്നത്. ഇതിന് പരിഹാരമായി ജംഗ്ഷനിൽ സിഗ്നൽ സംവിധാനവും കൂടുതൽ പൊലീസുകാരെയും ഉറപ്പാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
നിയമലംഘനങ്ങളും ഏറെ....
നിയന്ത്രണങ്ങൾ മറികടന്ന് രാഷ്ട്രീയ പാർട്ടികളും സംഘടനകളും നിരത്ത് കൈയേറി കൊടിതോരണങ്ങളും ബോർഡുകളും സ്ഥാപിച്ചിരിക്കുന്നതും തിരക്ക് വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണമാണ്. ഇവ നീക്കം ചെയ്താൽ ശ്വാസംമുട്ടി കഴിയുന്ന ടൗണിന് ഒരു പരിധിവരെ ആശ്വാസമാകും. എന്നാൽ ഇതിനുള്ള നടപടികളും വൈകുകയാണ്. വർഷങ്ങൾക്ക് മുമ്പ് ജംഗ്ഷന്റെ മദ്ധ്യഭാഗത്ത് മത്സ്യകന്യകയുടെ ശില്പവും ജലധാരയും നിർമ്മിച്ചിരുന്നു. പിന്നീട് ഇത് ഇടിച്ചുമാറ്രി
കാഞ്ഞിരംകുളത്തിന്റെ ശില്പിയും മുൻ എം.എൽ.എയുമായിരുന്ന പരേതനായ കുഞ്ഞുകൃഷ്ണൻ നാടാരുടെ പ്രതിമ സ്ഥാപിച്ചു. എന്നാൽ ഇപ്പോൾ അതും ഇടിച്ചുമാറ്റപ്പെട്ടു. അപ്പോഴാണ് വഴിമുടക്കികളായ പ്രചാരണ ബോർഡുകൾ ഇപ്പോഴും അങ്ങനെ നിൽക്കുന്നത്. ഇതും ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.
"കാഞ്ഞിരംകുളത്തിന്റെ ശില്പിയും മുൻ എം.എൽ.എയുമായ കുഞ്ഞുകൃഷ്ണൻ നാടാർക്ക് കാഞ്ഞിരംകുളത്ത് ഉചിതമായ സ്മാരകം സ്ഥാപിക്കണം. ജംഗ്‌ഷനിൽ ആട്ടോമറ്റിക്ക് ട്രാഫിക് സിഗ്‌നൽ സംവിധാനവും ഒരുക്കണം."
അഡ്വ.സുനീഷ്, ബ്ളോക്ക് പഞ്ചായത്തംഗം
ജംഗ്ഷനിൽ സംഗമിക്കുന്ന റോഡുകൾ
1 നെയ്യാറ്റിൻകര-പഴയകട- കാഞ്ഞിരംകുളം.
2 ബാലരാമപുരം-അവണാകുഴി- കാഞ്ഞിരംകുളം.
3 പൂവാർ-പരണിയം -കാഞ്ഞിരംകുളം
4 വിഴിഞ്ഞം -പുല്ലുവിള- കാഞ്ഞിരംകുളം.