railway

തിരുവനന്തപുരം:നേമം ടെർമിനലിനും ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കലിനും ഫണ്ട് തടസമാകില്ലെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ്. ബഡ്‌ജറ്റിനു പുറമേ ചെലവാക്കാൻ 40,000 കോടി രൂപ റെയിൽവേയുടെ പക്കലുണ്ട്. തിരുവനന്തപുരം – നാഗർകോവിൽ പാത ഇരട്ടപ്പിക്കലിനൊപ്പം നേമം പദ്ധതിയും യാഥാർത്ഥ്യമാക്കുമെന്ന് അദ്ദേഹം ഓൺലൈൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിലെ കൊവിഡ് സ്ഥിതി പാസഞ്ചർ സർവീസുകൾ തുടങ്ങാൻ അനുയോജ്യമല്ല.

അങ്കമാലി–എരുമേലി ശബരി പദ്ധതി സംബന്ധിച്ചു കേരളത്തിന്റെ വ്യവസ്ഥകൾ റെയിൽവേ ബോർഡ് ചർച്ച ചെയ്യുകയാണ്. തീരുമാനമാകുന്ന മുറയ്‌ക്ക് പദ്ധതി മരവിപ്പിച്ചത് പിൻവലിക്കും. മരവിപ്പിച്ച എറണാകുളം–അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ പദ്ധതി പുനരുജ്ജീവിപ്പിച്ച് 30 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

പാത ഇരട്ടിപ്പിക്കലിനു കേരളത്തിനും തമിഴ്‌നാടിനുമായി 1206 കോടിയും യാത്രക്കാരുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ 224.57 കോടിയും നീക്കി വച്ചിട്ടുണ്ട്. 8,​799 കോടിയുടെ പ്രവൃത്തികളാണ് കേരളത്തിൽ നടക്കുന്നത്. പുറത്തെ കാഴ്ചകൾ ആസ്വദിക്കാൻ വീതിയേറിയ ജാലകങ്ങളുള്ള വിസ്റ്റാഡോം കോച്ചുകൾ കേരളത്തിൽ ഏത് റൂട്ടിലോടിക്കണമെന്ന് പരിശോധിക്കും.

പാത ഇരട്ടിപ്പ്

തിരുവനന്തപുരം– കന്യാകുമാരി –മാർച്ച് 2024

എറണാകുളം–അമ്പലപ്പുഴ– മാർച്ച് 2024

ഏറ്റുമാനൂർ ചിങ്ങവനം– ഡിസംബർ 2021

വൈദ്യുതീകരണം

കൊല്ലം– പുനലൂർ– മാർച്ച് 2022

പാലക്കാട്– ഡിണ്ടിഗൽ– മാർച്ച് 2022

കൊച്ചുവേളി ടെർമിനൽ വികസനം– മാർച്ച് 2024,

ആദ്യഘട്ടം 2 പ്ലാറ്റ്‌ഫോമുകൾ, ഒരു സ്റ്റേബ്‌ളിംഗ് ലൈൻ– സെപ്തംബർ 2021